ബിഗ് ബോസ് മലയാളം സീസൺ 7 ടെലിവിഷനിലും ഡിജിറ്റലിലുമായി കാഴ്ചക്കാരുടെ എണ്ണത്തില്‍ നടത്തുന്നത് വന്‍ മുന്നേറ്റം. ജിയോ ഹോട്ട്സ്റ്റാറിൽ പരമ്പരകളിൽ ഏറ്റവും വലിയ ഓപ്പണിംഗ് ലഭിച്ചതും ഈ സീസണിനാണ്. ഒപ്പം വോട്ടിംഗും വർധിച്ചു

സംപ്രേഷണം പുരോഗമിക്കുന്ന റിയാലിറ്റി ഷോ ബിഗ് ബോസ് മലയാളം സീസണ്‍ 7 ഒടിടിയിലും ടെലിവിഷനിലും നേടിയ ജനപ്രീതിയുടെ കണക്കുകള്‍ അവതരിപ്പിച്ച് ജിയോസ്റ്റാര്‍ സൗത്ത് ക്ലസ്റ്റര്‍ മേധാവി കൃഷ്ണന്‍ കുട്ടി. ടെലിവിഷനിലും ഡിജിറ്റലിലുമായി 136 ദശലക്ഷം മണിക്കൂര്‍ വാച്ച് ടൈം ആണ് സീസണ്‍ 7 ന് ഇതുവരെ ലഭിച്ചിരിക്കുന്നതെന്ന് ടൈംസ് നൗവിന് നല്‍കിയ അഭിമുഖത്തില്‍ അദ്ദേഹം പ്രതികരിച്ചു. പ്രേക്ഷക പങ്കാളിത്തം വര്‍ധിപ്പിച്ചുകൊണ്ടുള്ള റെക്കോര്‍ഡ് കുതിപ്പാണ് ഇതെന്നും അദ്ദേഹം പറയുന്നു.

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

“ജിയോ ഹോട്ട്സ്റ്റാറില്‍ പരമ്പരകളില്‍ ഏറ്റവും വലിയ ഓപ്പണിംഗ് ലഭിച്ചത് ബിഗ് ബോസ് മലയാളം സീസണ്‍ 7 ന് ആണ്. ആദ്യ വാരാന്ത്യത്തില്‍ മാത്രം 12.6 കോടി മിനിറ്റിന്റെ ക്യുമുലേറ്റീവ് വാച്ച് ടൈം ആണ് ഷോ രേഖപ്പെടുത്തിയത്. ഇത് കഴിഞ്ഞ വര്‍ഷത്തേക്കാള്‍ 225% കൂടുതലാണ്. കണക്റ്റഡ് ടിവി ഏകദേശം 30% വാച്ച് ടൈം സംഭാവന ചെയ്തു. കഴിഞ്ഞ സീസണിനേക്കാള്‍ 154% വര്‍ധനവ്”. വലിയ സ്‌ക്രീനില്‍ കാണുന്നതിനുള്ള പ്രേക്ഷകരുടെ താത്പര്യമാണ് ഇത് സൂചിപ്പിക്കുന്നതെന്ന് കൃഷ്ണന്‍ കുട്ടി വിശദീകരിക്കുന്നു. “ടെലിവിഷനിലും ഗണ്യമായ വളര്‍ച്ചയുണ്ടായി, സീസണ്‍ 6 നെ അപേക്ഷിച്ച് ആദ്യ വാരാന്ത്യത്തില്‍ റേറ്റിംഗില്‍ 22% വര്‍ധനവുണ്ടായി. ലോഞ്ച് ചെയ്ത് ഒരു മാസം തികയുന്നതിനു മുമ്പ്, കേരളത്തിലെ ഏകദേശം 70% ടിവി പ്രേക്ഷകര്‍ ഷോ കണ്ടു. ഇത് ടിവിയിലും ഡിജിറ്റലിലുമായി 136 ദശലക്ഷം മണിക്കൂര്‍ വാച്ച് ടൈം നേടിത്തന്നു. കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് ടിവിയില്‍ ഏകദേശം 10% വളര്‍ച്ചയും ഡിജിറ്റലില്‍ 35% വളര്‍ച്ചയുമുണ്ടായി”, അദ്ദേഹം പറഞ്ഞു.

“കാഴ്ചക്കാരുടെ പങ്കാളിത്തത്തിലും വര്‍ദ്ധനവുണ്ടായിട്ടുണ്ട്, വോട്ടിംഗ് സീസണ്‍ 6 നെ അപേക്ഷിച്ച് 43% വര്‍ദ്ധിച്ചു (അഞ്ചാമത്തെ ആഴ്ചയുടെ അവസാനം 5.6 ദശലക്ഷം, മുന്‍പ് 3.9 ദശലക്ഷം ആയിരുന്നു). പ്രേക്ഷകര്‍ മുമ്പത്തേക്കാളും കൂടുതല്‍ സജീവമായി ഇതിന്റെ ഭാഗമാകുന്നു എന്നാണ് ഇത് സൂചിപ്പിക്കുന്നത്”, കൃഷ്ണന്‍ കുട്ടി വിശദീകരിച്ചു. “ജിയോസ്റ്റാറിന്റെ പ്രധാന കണ്ടന്റ് പീസുകളില്‍ ഒന്ന് ബിഗ് ബോസ് മലയാളമാണ്. ഈ ഷോ വിവിധ വിഷയങ്ങളില്‍ ദൈനംദിന സംഭാഷണങ്ങള്‍ക്ക് തുടക്കമിടുന്നതും സാമൂഹിക പ്രശ്‌നങ്ങളെക്കുറിച്ചുള്ള ചര്‍ച്ചകള്‍ക്ക് വേദിയൊരുക്കുന്നതുമാണ്. ഇരട്ട പ്ലാറ്റ്ഫോമുകളിലെ വിജയം വിപണിയില്‍ ജിയോസ്റ്റാറിന്റെ ബ്രാന്‍ഡ് മൂല്യം ശക്തിപ്പെടുത്തുകയും ചെയ്യുന്നു” - കൃഷ്ണന്‍കുട്ടി കൂട്ടിച്ചേര്‍ത്തു.

Asianet News Live | Malayalam News Live | Kerala News Live | Breaking News Live | HD Live Streaming