ഒരു ചിരി ഇരു ചിരി ബമ്പർ ചിരി എന്ന ഷോയിലൂടെ ശ്രദ്ധേയനായ ഗൗതമിന്റെ തമാശകളും സൗഹൃദപരമായ സ്വഭാവവും ബിഗ് ബോസിൽ എങ്ങനെ വിലപ്പോകുമെന്ന് കണ്ടറിയണം.
ബിഗ് ബോസ് വീട്ടിലെ മത്സരാർത്ഥികളൊക്കെ ഇത്തവണ ചിരിച്ച് ചിരിച്ച് ഒരു വഴിക്കാകും. അതിന് പറ്റുന്നൊരു പുള്ളിയും ഇത്തവണ അകത്തേക്ക് കയറിയിട്ടുണ്ട്. മറ്റാരുമല്ല, അച്ഛന്റെയും അപ്പൂപ്പന്റെയുമൊക്കെ 'വിറ്റുകൾ വിറ്റ് ജീവിക്കുന്ന' തിരുവനന്തപുരത്തിന്റെ സ്വന്തം ഗൗതം ശശി. തന്റെ സ്വതസിദ്ധമായ ശൈലിയിൽ സംസാരിച്ച് ആളുകളെ കയ്യിലെടുക്കാനും വേദിയിൽ ചിരി പടർത്താനുമുള്ള ഗൗതമിന്റെ അപാരമായ കഴിവ് പലവട്ടം കയ്യടി നേടിയതാണ്. ഇനി അറിയേണ്ടത് ബിഗ് ബോസ് വീട്ടിൽ അത് എത്രത്തോളം വിലപ്പോകും എന്നതാണ്.
കൊവിഡ് കാലത്ത് തരംഗമായി മാറിയ ക്ലബ് ഹൌസ് ആപ്പാണ് ഗൗതം ശശിയുടെ തലവര മാറ്റിയത്. അതിലെ മലയാളി ഹൌസ് എന്ന ഗ്രൂപ്പിൽ സജീവമായിരുന്നു ഗൗതം. കുറച്ചേറെ വെപ്രാളവും വേഗതയും നിഷ്കളങ്കതയും തമാശയുമുള്ള ഗൗതമിന്റെ വർത്തമാനം അവിടെയുള്ളവർ പൊട്ടിച്ചിരികളോടെ ഏറ്റെടുത്തു. അതേ ഗ്രൂപ്പിലുണ്ടായിരുന്ന ബംപർ ചിരിയുടെ പ്രൊഡ്യൂസർ ശ്രുതി പിള്ളയുടെ ശ്രദ്ധയിലും ഗൗതമിന്റെ നർമ്മസംഭാഷണങ്ങളെത്തി. അങ്ങനെയാണ് ഒരു ചിരി ഇരു ചിരിയിലേക്ക് ക്ഷണം കിട്ടുന്നത്. തന്നെ ആരോ പറ്റിക്കുകയാണെന്ന് കരുതിയ ഗൗതം കൊച്ചിയിലേക്ക് പോയതുതന്നെ വണ്ടർലയിൽ പോകാമല്ലോ എന്നോർത്താണത്രെ. ഏതായാലും അവിടെയെത്തിയതോടെ സംഗതി പ്രാങ്ക് അല്ല, സീരിയസ് ആണെന്ന് മനസിലായതോടെ സ്വതവേയുള്ള വെപ്രാളം അൽപ്പംകൂടി ഇരട്ടിച്ചു. പക്ഷെ അവിടെയും ഗൗതമിന്റെ കോമഡി കൈവിട്ടുപോയില്ല. ആദ്യ വരവിൽത്തന്നെ ബമ്പർ. ആ ചിരിയാത്രയാണ് ഇപ്പോൾ ബിഗ് ബോസ് വീട്ടിൽ എത്തിനിൽക്കുന്നത്.
എല്ലാ കാര്യങ്ങളെയും വളരെ ലൈറ്റായി എടുക്കാനുള്ള ഗൗതമിന്റെ കഴിവ് ബിഗ് ബോസ് വീട്ടിൽ മുതൽക്കൂട്ടായേക്കും എന്ന് തന്നെയാണ് കരുത്താനാവുക. താമസക്കാർക്ക് പൊതുവെ ബിഗ് ബോസ് വീട്ടിലൊരു സ്വീകാര്യത ഉണ്ടാകാറുമുണ്ട്. വീട്ടിലെ എല്ലാവരോടും ഒരുപോലെ കമ്പനിയടിച്ച് ചളി പറഞ്ഞ് കൂടെക്കൂട്ടാൻ ഗൗതമിനു ഒരുപക്ഷെ കഴിഞ്ഞേക്കും. ഏറെക്കുറെ സമപ്രായക്കാരായ ആളുകളുണ്ട് എന്നതിനാൽ ഒരു ഫ്രണ്ട്ഷിപ് ഗ്യാങ്ങിന്റെ ഭാഗമായേക്കാനുള്ള സാധ്യതകളും കാണുന്നുണ്ട്. ഒരു ചിരി ഇരു ചിരി ബമ്പർ ചിരി എന്ന പരിപാടിയിൽവന്ന് ബമ്പറടിച്ച് മടങ്ങുന്ന ശശിയെ മാത്രമേ നമ്മൾ കണ്ടിട്ടുള്ളൂ. ബിഗ് ബോസ് വീട്ടിൽ സഹമത്സരാർത്ഥികളെ മലയർത്തിയടിക്കാൻ പോകുന്ന ഗൗതമിനെ നമ്മൾ കാണാൻ പോകുന്നതേയുള്ളൂ.

