ബിഗ് ബോസ് ഹൗസിലേക്ക് പുതിയ വൈൽഡ് കാർഡ് മത്സരാർത്ഥിയായി നൗഫിന എത്തി. നോമിനേഷൻ പ്രക്രിയയിൽ മാറ്റം വരുത്താനുള്ള പ്രത്യേക അധികാരം ബിഗ് ബോസ് അവർക്ക് നൽകിയിരുന്നു.
തികച്ചും അപ്രതീക്ഷിത സംഭവങ്ങൾ നടക്കുന്ന ഒരിടമാണ് ബിഗ് ബോസ് ഹൗസ് . ബിഗ് ബോസിന്റെ പ്ലാൻ എന്താണെന്ന് ഒരാൾക്ക് പോലും പെട്ടന്ന് ചിന്തിച്ചെടുക്കാൻ കഴിയില്ല. ഒരു മനുഷ്യനും പ്രതീക്ഷിക്കാതെ ദേ ഇന്നലെയുമെത്തി ഹൗസിലേക്ക് ഒരു വൈൽഡ് കാർഡ്. നൗഫിന. കണ്ടന്റ് ക്രിയേറ്റർ കൂടിയായ നൗഫിനയെ ബിഗ് ബോസ് ഇറക്കിയിരിക്കുന്നത് വെറുതെയാവില്ല എന്നാണ് പ്രേക്ഷകരുടെ ഒരു നിഗമനം. മാസ് എവിക്ഷൻ വഴി എട്ടുപരെ പുറത്താക്കി അതിൽ രണ്ടുപേരെ സീക്രട്ട് റൂമിലാക്കി അവരെ തിരിച്ചുകൊണ്ടുവന്ന് ഹൗസ് കത്തിക്കാമെന്ന് കരുതിയ ബിഗ് ബോസിന് വിചാരിച്ച ഒരു ഔട്ട് കിട്ടിയില്ല. കുറച്ചെങ്കിലും പെർഫോം ചെയ്തത് അഞ്ജലി മാത്രമാണ്. ഒപ്പം വീട്ടിലേയ്ക്ക് കൊണ്ടുവന്ന മൂന്ന് വൈൽഡ് കാർഡുകൾ. വിപിൻ, നിലീന, വേദാങ്കി. ഗ്രൂപ്പ് കളിയെന്നും, നിങ്ങളുടെ കളി പോരാഞ്ഞിട്ടാണ് ഞങ്ങളെ ഹൗസിലേക്ക് കൊണ്ടുവന്നതെന്നും പറഞ്ഞ മൂന്നെണ്ണവും ഓരോ ഗ്രൂപ്പിൽ പെട്ടു.
നിലീനയാവട്ടെ വൻ ലവ് ട്രാക്കും, അതും നോബിയായിട്ട്. എങ്ങനൊക്കെയോ ഐശ്വര്യ കൊമ്പൻ, നേഹ താഷി കോംബോ പൊളിഞ്ഞടുങ്ങിയതേയുള്ളു , അപ്പോഴേക്കും ഇതാ പുതിയൊരെണ്ണം. വന്നതും നിന്നതും പോയത്‌മെല്ലാം കണക്കെന്ന് മനസ്സിലാക്കിയ ബിഗ് ബോസ് ഒരു ചെറിയ തീപ്പൊരിയെങ്കിലും പടർത്തൂ എന്നാവശ്യപ്പെട്ടാണ് നൗഫിനയെ ഹൗസിലേക്ക് കൊണ്ടുവന്നിരിക്കുന്നത്. നൗഫിനയ്ക്ക് പ്രത്യേകമൊരു പവറും ബിഗ് ബോസ് നൽകിയിരുന്നു. ഈ ആഴ്ചയിലെ നോമിനേഷൻ പ്രക്രിയ സ്‌ക്രീനിൽ നേരിട്ട് കാണാം. അതിൽ നോമിനേഷനിൽ വന്ന ഒരാളെ സേവ് ആക്കാം, വരാത്ത ഒരാളെ നോമിനേഷനിൽ ഇടാം. നോമിനേഷൻ പ്രക്രിയ മുഴുവൻ കണ്ടിറങ്ങി ഹൗസിലെത്തി നൗഫിന നിലീനയെ നോമിനേഷനിലേയ്ക്കിട്ട് വിപിനെ സേവ് ചെയ്യുകയാണുണ്ടായത്.
നോമിനേഷൻ കണ്ടവർക്ക് അറിയാം. രണ്ട് നാടക നടിമാർ ഓവറാക്റ്റ് ചെയ്ത് അലമ്പാക്കിയ സീൻ പോലെ . ഒരു സൈഡിൽ നിന്ന് വേദാങ്കി കരയുന്നു, അപ്പുറത്തുന്ന് നിലീന കരയുന്നു . രണ്ടുപേരും ഉറ്റസുഹൃത്തക്കൾ ആയതുകൊണ്ട് പരസ്പരം നോമിനേറ്റ് ചെയ്യാൻ കഴിയുന്നില്ല എന്ന് പറഞ്ഞുകൊണ്ടാണ് കരച്ചില് തുടങ്ങിയത്. അതിനിടയ്ക്ക് നോബിയുടെ പേര് പറയുന്നു, നിലീനയും നോബിയും തമ്മിലുള്ള അടുപ്പത്തിന്റെ കേസ് പറയുന്നു, എന്റമ്മോ ബോറെന്ന് പറഞ്ഞാലും പോരാ പരമ ബോർ.
ചർച്ചയ്‌ക്കൊടുവിൽ വേദാങ്കി ആണ് ഈ ആഴ്ചയിലെ നോമിനേഷനിലേയ്ക്ക് അവസാനം പോകാമെന്ന് പറഞ്ഞത്. നിലീന കരച്ചില് കാണിച്ച് രക്ഷപ്പെട്ടു. പ്രേക്ഷകരെപ്പോലെ ഈ നാടകം കണ്ടിട്ടാണല്ലോ നൗഫിനയും ഹൗസിലേക്ക് കയറുന്നത്. ഒന്നും നോക്കിയില്ല നേരെ നിലീനയെ കൂടി ഈ ആഴ്ചയിലെ നോമിനേഷനിൽ ഇട്ടു. ജനുവിനായി ഈ ആഴ്ച ഗെയിം കളിച്ച വിപിനെ സേവ് ആക്കി. ഒരർത്ഥത്തിൽ പ്രേക്ഷകർ കൂടി കാത്തിരുന്ന ഒരു തീരുമാനമായിരുന്നു നൗഫിന സ്വീകരിച്ചത്. അത്രയും ബോർ പ്രകടനമാണ് നിലീനയും വേദാങ്കിയും കൺഫെഷൻ റൂമിൽ നോമിനേഷൻ സമയത്ത് കാഴ്ചവെച്ചത്.
ഒറ്റ നോട്ടത്തിൽ പുതിയതായി എത്തിയ വൈൽഡ് കാർഡിന്റെ ആദ്യ തീരുമാനം മികച്ചതാണ്. പ്രേക്ഷകർ ആഗ്രഹിച്ച തീരുമാനം തന്നെയെടുത്ത് അവർ മാതൃകയായിട്ടുണ്ട്. എന്നാൽ വരും ദിവസങ്ങളിലെ പെർഫോമൻസ് കൂടി കണക്കിലെടുത്ത് മാത്രമേ നൗഫിനയെ വിലയിരുത്താനാവൂ. നൗഫിനയുടെ കിടിലൻ ഗെയിമിനായി കാത്തിരിക്കുകയാണ് പ്രേക്ഷകർ.



