ഡിസൈനേഴ്സിൽ നിന്നും ഡിസൈൻ കൊടുത്ത് ഞങ്ങൾ ചെയ്യിപ്പിച്ച് എടുക്കുന്നതാണ് കൂടുതലും.

കേരളത്തിലെ ഏറെ പ്രശസ്തമായ താരകുടുംബങ്ങളിൽ ഒന്നാണ് നടൻ കൃഷ്‍ണകുമാറിന്റേത്. അഭിനയത്തിൽ സജീവമല്ലെങ്കിലും രാഷ്ട്രീയപ്രവർത്തനങ്ങളുമായി കൃഷ്‍ണകുമാർ നിറഞ്ഞുനിൽക്കുകയാണ്. എന്നാൽ സമൂഹമാധ്യമങ്ങളാണ് മക്കളായ അഹാനയുടെയും ഇഷാനിയുടെയും ദിയയുടെയും ഹൻസികയുടെയും തട്ടകം. ഇതിനൊപ്പം ബിസിനസുമുണ്ട്. നിരവധി ബ്രാൻഡുകളുടെ മുഖമാണ് ഇന്ന് ഈ നാലു പേരും. ഇപ്പോഴിതാ ഫങ്ഷനുകൾക്കെല്ലാം തങ്ങൾ ഉപയോഗിക്കുന്ന വസ്ത്രങ്ങളെല്ലാം എന്തു ചെയ്യും എന്ന ചോദ്യത്തിന് മറുപടി പറഞ്ഞിരിക്കുകയാണ് ദിയ കൃഷ്‍ണ. പലതും ബ്രാൻഡ് പ്രൊമോഷൻസ് ആണെന്ന് ദിയ വെളിപ്പെടുത്തുന്നു.

''എന്നോട് ഒരുപാട് പേർ ചോദിക്കാറുള്ള ചോദ്യമാണ് ഈ ഡ്രസൊക്കെ എന്ത് ചെയ്യും എന്നത്. ഡിസൈനേഴ്സിൽ നിന്നും ഡിസൈൻ കൊടുത്ത് ഞങ്ങൾ ചെയ്യിപ്പിച്ച് എടുക്കുന്നതാണ് കൂടുതലും. അതിന് പേയ്മെന്റ് കൊടുക്കാറില്ല. അവർ അത് ഗിഫ്റ്റായി തരും. ഞങ്ങൾ‌ പകരം അതിന് വീഡിയോയും റീലുമൊക്കെ ഇടും. പ്രമോഷൻ പോലെ. ആ വസ്ത്രങ്ങൾ നമുക്ക് വേണമെങ്കിൽ സൂക്ഷിക്കാം. അവർ തിരിച്ചുചോദിക്കില്ല. പക്ഷേ, എനിക്ക് ഇതെല്ലാം കൂടി വീട്ടിൽ വെയ്ക്കാൻ കഴിയില്ല. എന്റെ ഫ്ലാറ്റ് വളരെ ചെറുതാണ്. അശ്വിന്റേത് അവൻ ഡ്രൈവാഷ് ചെയ്ത് വീട്ടിൽ സൂക്ഷിക്കുന്നുണ്ട്. അശ്വിനും ഓമിക്കും അത് വീണ്ടും ഉപയോഗിക്കാനും കഴിയും. പക്ഷേ, എന്റേത് വീണ്ടും ഉപയോഗിക്കാൻ പറ്റില്ല. ഇത്രയും ഹെവിയായിട്ടുള്ള വസ്ത്രങ്ങൾ ഞാൻ എന്റെ ചേച്ചിയുടെ വിവാഹമായതുകൊണ്ട് മാത്രം ഞാൻ എടുത്തതാണ്.

ഞങ്ങളുടെ കൂടുതൽ വസ്ത്രങ്ങളും ശാന്തിനിയിൽ നിന്നാണ് ചെയ്യിപ്പിച്ച് എടുത്തത്. അവയിൽ പലതും ഞാൻ ഇട്ടശേഷം തിരിച്ച് കൊടുത്തു. ചിലപ്പോഴൊക്കെ ഇത്തരം വസ്ത്രങ്ങൾ ഞാൻ ഫ്രണ്ട്സിനോ ഫാമിലിയിലുള്ള മറ്റ് ആർക്കെങ്കിലും ഗിഫ്റ്റ് ചെയ്യും. ഡിസൈനേഴ്സ് ഒന്നും തിരിച്ച് ചോദിക്കാറില്ല. അമ്മുവിന്റെ സംഗീതിന് ഇട്ട ഡ്രസ്സിന് ഒരു ലക്ഷത്തോളം വിലയുണ്ട് എന്നാണ് തോന്നുന്നത്. പേയ്മെന്റ് കൊടുക്കേണ്ടതില്ലാത്തതുകൊണ്ട് കൃത്യമായി എനിക്ക് അറിയില്ല. അവരോടു തന്നെ ചോദിക്കേണ്ടി വരും'', എന്നാണ് ദിയ പറഞ്ഞത്.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക