ഒറ്റ മത്സരാർത്ഥിയായി വീട്ടിലേക്കെത്തിയ രണ്ടുപേരെ ബിഗ്‌ബോസ് തന്നെ പിരിക്കുന്നു. മലയാളം ബിഗ് ബോസിന്റെ ചരിത്രത്തിൽത്തന്നെ ആദ്യമായിട്ടായിരിക്കും ഇങ്ങനെയൊരു സംഭവം. പക്ഷേ അതിനുശേഷം ബിഗ് ബോസ് വീട് കണ്ടത് രണ്ട് പവർഫുൾ മത്സരാർത്ഥികളുടെ തേരോട്ടമാണ്....

ബിഗ് ബോസ് മലയാളം സീസൺ 7 ലെ ലെസ്ബിയൻ കപ്പിൾ. ഒന്നിച്ച് ഒറ്റ മത്സരാർത്ഥിയായി മത്സരിക്കാൻ വീട്ടിലേക്കെത്തിയവർ. കളിയുടെ ഒരു ഘട്ടത്തിൽവച്ച് അവരെ ബിഗ് ബോസ് തന്നെ രണ്ട് മത്സരാർത്ഥികളാക്കി മാറ്റുന്നു. മലയാളം ബിഗ് ബോസിന്റെ ചരിത്രത്തിൽത്തന്നെ ആദ്യമായായിരുന്നു ഇങ്ങനെയൊരു നീക്കം. പക്ഷേ അതോടുകൂടി ഈ സീസണിലെ രണ്ട് പ്രധാന മത്സരാർത്ഥികൾ കൂടി ഉദയം ചെയ്യുകയായിരുന്നു. ആദില, നൂറ.

ഒന്നിച്ചായിരുന്നപ്പോഴാണോ ഇപ്പോഴാണോ ഇവർ കൂടുതൽ പവർഫുൾ എന്ന ചോദ്യത്തിന് ആർക്കും മറിച്ചൊരു ഉത്തരമുണ്ടാകില്ല. രണ്ടുപേരായി മാറിയപ്പോൾ മുതൽ ഇപ്പോൾ വരെ ആദിലയോ നൂറയോ രണ്ടിലൊരാൾ ഓരോ ദിവസവും പ്രേക്ഷകരുടെ ശ്രദ്ധ പിടിച്ചുപറ്റുന്നുണ്ട്. ചർച്ചാവിഷയമാകുന്നുമുണ്ട്. കളിയുടെ ഓരോ ഘട്ടത്തിലും ഇരുവർക്കുമുള്ള ഫാൻ ബേസും വ്യത്യാസപ്പെടുന്ന കാഴ്ചയാണ് കാണാനായത്. രണ്ടുപേരിൽ ഒരാൾ എങ്കിലും തീർച്ചയായായും ഫൈനലിൽ ഉണ്ടാകുമെന്നും വലിയൊരു വിഭാഗം പ്രേക്ഷകർ പ്രെഡിക്ട് ചെയ്യുന്നു.

മലയാളികൾ ഏറ്റവും അടുത്ത് ആദ്യമായി കാണുന്ന ലെസ്ബിയൻ കപ്പിൾ. അതുതന്നെയായിരുന്നു ആദില-നൂറ എന്നിവരുടെ ബിഗ് ബോസ് വീട്ടിലെ റെലവൻസും. പല തരത്തിലും സ്വാധീനം ചെലുത്താനാകുന്ന, സ്വവർഗാനുരാഗികളായ മനുഷ്യരോട് സമൂഹത്തിനുള്ള കാഴ്ചപ്പാടിൽ നിർണ്ണായകമായേക്കാൻ ഇടയുള്ള രണ്ട് മത്സരാർത്ഥികൾ. എങ്ങനെയാകും ആദിലയും നൂറയും ബിഗ് ബോസ് വീട്ടിൽ തങ്ങളെ അടയാളപ്പെടുത്തുക എന്നറിയാൻ പ്രേക്ഷകരും കാത്തിരുന്നു.

എന്നാൽ ആദ്യ ആഴ്ചകളിൽ കാര്യമായ ഇമ്പാക്റ്റുകൾ ഒന്നും ഉണ്ടാക്കാൻ ഇരുവർക്കും കഴിഞ്ഞിട്ടില്ല. വീട്ടിലുള്ളവരോട് നന്നായി ഇടപെടാൻ ശ്രമിക്കുന്ന, വളരെ സ്വീറ്റ് ആയ രണ്ടുപേരായാണ് വീട്ടിലുള്ളവരും ഇവരെ കണ്ടത്. അതുകൊണ്ടുതന്നെ ആദ്യ ആഴ്ചതന്നെ പൂമ്പാറ്റകൾ എന്നൊരു വിളിപ്പേരും ഇവർക്ക് കിട്ടി.

അതിനപ്പുറത്തേക്ക് ആദിലയെയും നൂറയെയും പ്രേക്ഷകർ ശ്രദ്ധിക്കുന്നത് രണ്ടാം ആഴ്ചയിൽ ഉണ്ടായ ഒരു സംഭവത്തോടെ ആണ്. രണ്ടാം ആഴ്ചയിലെ വീക്കെൻഡ് എപ്പിസോഡിൽ അക്ബറിന്റെ ഉമ്മ അക്ബറുമായി നടത്തിയ സംസാരത്തിനിടെ ആദില, നൂറ എന്നിവരെക്കുറിച്ച് പരാമർശിച്ചിരുന്നു. ഇക്കാര്യം വീക്കെൻഡ് എപ്പിസോഡിൽ വ്യക്തമായി കാണിച്ചിരുന്നില്ല. എന്നാൽ അതിനുശേഷം ആദിലയും നൂറയും ഒന്നിച്ചിരിക്കുമ്പോൾ നടത്തിയ സംസാരത്തിലൂടെയാണ് ആദിലയോടും നൂറയോടും അധികം കൂട്ടുകൂടരുത് എന്നാണ് അക്ബറിനോട് പറഞ്ഞതെന്ന് പ്രേക്ഷകർ മനസിലാക്കുന്നത്. ഇതിനെക്കുറിച്ച് സംസാരിക്കുന്നതിനിടെ ആദിലയും നൂറയും വല്ലാതെ ഇമോഷണൽ ആകുന്നതും പരസ്പരം സമാധാനിപ്പിക്കുന്നതുമെല്ലാം കണ്ടതോടെ പ്രേക്ഷകർക്ക് ഇരുവരോടും ആദ്യമായി ഒരു ഇമോഷണൽ കണക്ഷൻ ഉണ്ടായി. ഈ വിഷയം വീട്ടിൽ മറ്റുള്ളവരോട് ചർച്ച ചെയ്ത് ഒരു പ്രശ്നമുണ്ടാക്കാനോ അതുവഴി സ്‌ക്രീൻ സ്‌പേസ് സ്വന്തമാക്കാനോ ഒന്നും ഇവർ ശ്രമിച്ചില്ല എന്നതും പ്രേക്ഷകർക്ക് ഇവരോടുള്ള താല്പര്യം കൂട്ടി.

മൂന്നാം ആഴ്ചയിലാണ് നിർണ്ണായകമായ ആ മാറ്റം സംഭവിക്കുന്നത്. ആദിലയും നൂറയും രണ്ട് മത്സരാർത്ഥികളായി മാറി. പ്രേക്ഷകർക്ക് ഇതല്പം അപ്രതീക്ഷിതം ആയിരുന്നുവെങ്കിലും ആദിലയും നൂറയും ഇത് നേരത്തെ പ്രതീക്ഷിച്ചതുപോലെയാണ് ഇരുവരുടെയും പ്രതികരണത്തിൽനിന്ന് മനസിലാക്കാനായത്. ഏതായാലും രണ്ട് മത്സരാർത്ഥികളായതോടെ തങ്ങളുടെ സ്ലോ ഗെയിം മോഡ് മാറ്റേണ്ടതിന്റെ ആവശ്യകതയെ കുറിച്ച് അവർ തിരിച്ചറിയുകയും ചെയ്തു. ഇതിന്റെ പിറ്റേ ദിവസം തന്നെ ആദിലയും നൂറയും ബിഗ് ബോസ് വീട്ടിൽ പാറിനടക്കാൻ വന്ന പൂമ്പാറ്റകളല്ല എന്ന് തെളിയിക്കുന്ന സംഭവങ്ങളാണ് ബിഗ് ബോസ് വീട്ടിൽ അരങ്ങേറിയത്. വീട്ടിലെ പ്രധാനികളിൽ ഒരാളായ നെവിനെ കൃത്യമായ അവസരം കിട്ടിയപ്പോൾ ആദിലയും നൂറയും ചേർന്ന് പ്രകോപിപ്പിച്ച് വാക്ക് ഔട്ട് ചെയ്യിച്ചു. അങ്ങേയറ്റം അപ്രതീക്ഷിതമായിരുന്നു ഈ സംഭവങ്ങൾ. അനുമോളും ജിസേലും തമ്മിൽ തുടങ്ങിയ പ്രശ്നത്തിൽ നെവിൻ ഇടപെടുകയും പിന്നീട് അത് നെവിനും ആദിലയും നൂറയും തമ്മിലെ വിഷയമായി മാറുകയുമായിരുന്നു. കിട്ടിയ അവസരം കൃത്യമായി ഉപയോഗിച്ച ആദിലയും നൂറയും ഒരുക്കിയ കെണിയിൽ നെവിൻ വീണെന്നുതന്നെ പറയണം.

ഇതോടെയാണ് വീട്ടിലുള്ളവരടക്കം ആദിലയുടെയും നൂറയുടെയും പൊട്ടൻഷ്യൽ തിരിച്ചറിയുന്നത്. നെവിൻ വീട്ടിലേക്ക് അടുത്ത ദിവസം തിരിച്ചെത്തി എങ്കിൽപ്പോലും ഈ സംഭവത്തോടെ ആദില, നൂറ എന്നിവരുടെ ഗ്രാഫിൽ ഉണ്ടായത് വമ്പൻ കുതിച്ചുകയറ്റമാണ്.

വീട്ടിലെ ബുള്ളി ഗാങിനെതിരെ ഉണ്ടായിവന്ന ഗേൾസ് ഗ്യാങ്. ആദില, നൂറ, അനുമോൾ. ഒരു പരിധിവരെ ശൈത്യ. ഈ കോമ്പോയും പ്രേക്ഷകർ ഏറ്റെടുത്തു. ആദില, നൂറ എന്നിവർക്ക് ഒരു നെഗറ്റീവ് ഇമ്പാക്ട് ഉണ്ടാകുന്നത് സത്യത്തിൽ അവരുടെ സുഹൃത്തുകൂടിയായ അനുമോൾ കാരണമാണ് എന്ന് വേണമെങ്കിൽ പറയാം. ജിസേൽ, ആര്യൻ, അനുമോൾ എന്നിവർ തമ്മിൽ നടന്ന പ്രശ്നത്തിൽ ആദിലയും നൂറയും എടുത്ത നിലപാട് പ്രേക്ഷകർക്കിടയിൽ വലിയ തരത്തിൽ ചോദ്യം ചെയ്യപ്പെട്ടു. കൂടാതെ ഡെമോൺസ്‌ട്രേഷൻ നടത്തണമെന്ന ജിഷിന്റെ ആവശ്യപ്രകാരം ആദില പുതപ്പെടുത്തു കൊടുത്തതും വലിയ തോതിൽ വിമർശനങ്ങൾ ഉണ്ടാക്കി. ഏതായാലും വീക്കെൻഡ് എപ്പിസോഡിൽ മോഹൻലാൽ ഇക്കാര്യം ചൂണ്ടിക്കാട്ടിയതോടെ ഇക്കാര്യത്തിൽ തങ്ങളുടെ തെറ്റ് തിരുത്താൻ ആദിലയും നൂറയും തയ്യാറാവുകയും ചെയ്തു.

ഇക്കഴിഞ്ഞ ആഴ്ചയിൽ ആദിലയുടെയും നൂറയുടെയും വീട്ടുകാരെക്കുറിച്ച് റെന നടത്തിയ പരാമർശവും ലക്ഷ്മി നടത്തിയ അങ്ങേയറ്റം മോശമായ അവഹേളനവുമാണ് ആദില, നൂറ എന്നിവരുമായി പ്രേക്ഷകർക്ക് വീണ്ടും ഒരു ഇമോഷണൽ കണക്ഷൻ ഉണ്ടാക്കാൻ ഇടയായത്. തങ്ങളെക്കുറിച്ചാണ് ലക്ഷ്മി പറഞ്ഞതെന്നുപോലും മനസിലാകാതെ അത് കേട്ടിരിക്കേണ്ടിവന്ന ആദില, നൂറ എന്നിവർക്കുവേണ്ടി പ്രേക്ഷകർ ഒരേ സ്വരത്തിൽ ശബ്ദമുയർത്തി. ഇരുവരോടും പലതരം അഭിപ്രായ വ്യത്യാസങ്ങളും ഉണ്ടായിരിക്കുമ്പോൾത്തന്നെ ലക്ഷമി നടത്തിയ ടോക്സിക് സ്റ്റേറ്റ്മെന്റുകൾ വലിയൊരു വിഭാഗം പ്രേക്ഷകരും തള്ളിക്കളഞ്ഞതിലൂടെ ആദില-നൂറ എന്നിവർ സമൂഹത്തിൽ ഉണ്ടാക്കിയ ഇമ്പാക്ട് വളരെ വ്യക്തവുമാണ്.

ആദിലയാണോ നൂറയാണോ ഈ റിലേഷൻഷിപ്പിലെ പവർഫുൾ പേഴ്സൺ? ഇവരിലാരാണ് മികച്ച ഗെയ്മർ? ഇരുവരും ഈ ഷോയിലേക്കെത്തിയ നിമിഷം മുതൽ പലരും ചോദിക്കുന്ന ചോദ്യങ്ങൾ ഇതാണ്. ഇരുവർക്കുമിടയിലെ പവർ ഡൈനാമിക്സ് ഉൾപ്പെടെ പല സാഹചര്യത്തിലും മാറിമറിയുന്നതായാണ് വ്യക്തിപരമായി തോന്നിയിട്ടുള്ളത്. രണ്ടുപേരും രണ്ട് തരത്തിലുള്ള ഗെയ്‌മേഴ്സാണ്, രണ്ട് തരം വ്യക്തികളും. നൂറ കൂടുതൽ ലൗഡ് ആയ, അധികം ആലോചിക്കാതെ കാര്യങ്ങൾ ചെയ്യുന്ന, കൂടുതൽ ആക്റ്റീവ് ആയ ആളാണെങ്കിൽ ആദില കുറേക്കൂടി സെൻസിറ്റിവ് ആയ, സബ്ട്ടിൽ ആയ, നൂറയെക്കാൾ അൽപ്പംകൂടി ഈഗോയിസ്റ്റിക് ആയ, ചിന്തിച്ച് കാര്യങ്ങൾ ചെയ്യുന്ന ആളായിട്ടാണ് തോന്നിയിട്ടുള്ളത്. ആദില നൂറയുടെ മേൽ കൂടുതൽ ഡോമിനേറ്റിങ് ആകുന്നുണ്ടോ എന്ന് പ്രേക്ഷകർ സംശയിക്കുമ്പോഴും നൂറ നൂറയുടെതായ കാര്യങ്ങൾ ചെയ്യാൻ കഴിവുള്ള, സ്വന്തം കാര്യങ്ങൾ സ്വയം തന്നെ തീരുമാനമെടുത്തത് ചെയ്യുന്ന ആളായിട്ടും തോന്നിയിട്ടുണ്ട്. പിന്നെ തീർച്ചയായും മറ്റേതൊരു റിലേഷൻഷിപ്പിലും ഉള്ളതുപോലെ ചില വിട്ടുകൊടുക്കലുകൾ, അഡ്ജസ്റ്റ്മെന്റുകൾ എല്ലാം ഇവർക്കിടയിലും ഉണ്ടാകും. പക്ഷേ അതിനെ വിമർശനബുദ്ധിയോടെ കാണാൻ ആളുകൾക്ക് തോന്നുന്നത് ആദിലയും നൂറയും ഒരു ലെസ്ബിയൻ കപ്പിൾ ആണ് എന്നതുകൊണ്ടുകൂടിയാണ്. ഒരു ഹെട്രോ കപ്പിളിനിടയിലുണ്ടാകുന്ന ഇത്തരം അഭിപ്രായവ്യത്യാസങ്ങളും ചെറിയ തർക്കങ്ങളും എത്രത്തോളം നോർമൽ ആണോ അത്രത്തോളം നോർമൽ ആണ് ഒരു സെയിം സെക്സ് കപ്പിളിനിടയിലുണ്ടാകുന്ന പ്രശ്നങ്ങളും. ആത്യന്തികമായി അവരും രണ്ട് വ്യത്യസ്ത മനുഷ്യരാണ്. അതുകൊണ്ടുതന്നെ അവരുടെ ബന്ധത്തെ ആ തരത്തിൽ വിധിക്കുന്നതും ശരിയാണെന്ന് തോന്നുന്നില്ല.

ക്വീർ കമ്മ്യൂണിറ്റിയെ കുറിച്ചോ ലൈംഗിക ന്യൂനപക്ഷങ്ങളുടെ രാഷ്ട്രീയത്തെക്കുറിച്ചോ അധികം സംസാരിച്ചുകൊണ്ടല്ല, മറിച്ച് ക്വീർ മനുഷ്യരും നമ്മളെ പോലെ തന്നെയുള്ളവരാണ് എന്നും ഒരുതരത്തിലും അവരെ മാറ്റിനിർത്തേണ്ട കാര്യമില്ലെന്നും മനസിലാക്കിച്ചുകൊണ്ടാണ് ബിഗ് ബോസിൽ ആദിലയും നൂറയും മുന്നോട്ടുനടന്നത്. സത്യത്തിൽ ലൗഡ് ആയി പറയുന്ന പൊളിറ്റിക്സിനെക്കാൾ ക്ലാരിറ്റി ഇതിനുണ്ടായിരുന്നു എന്നുവേണം മനസിലാക്കാൻ. ആദിലയോടും നൂറയോടും സ്നേഹമുള്ളവരിൽ വലിയൊരു വിഭാഗം കുടുംബപ്രേക്ഷകരുണ്ട്. പല പ്രായത്തിലുള്ളവരുണ്ട്. ലൈംഗിക ന്യൂനപക്ഷങ്ങളെ ഇതുവരെ കാണാനോ അടുത്തറിയാനോ അവസരം ലഭിക്കാതിരുന്നവരുണ്ട്... അവരെല്ലാം ആദിലയെയും നൂറയെയും ഇപ്പോൾ സ്വന്തം വീട്ടിലെ ആളുകളായി കണ്ട് സ്നേഹിക്കുന്നു എന്നത് ഒരിക്കലും വിലകുറച്ച് കാണാനാവില്ല. ബിഗ് ബോസ് മലയാളികളെ തിരുത്തുന്നത് ഇങ്ങനെയൊക്കെക്കൂടിയാണ്.