ഭാഗ്യലക്ഷ്‍മി കോളേജിന്റെ നിയന്ത്രണം ഏറ്റെടുത്തു.

ബിഗ് ബോസിനെ ഓരോ ദിവസവും രസകരമാക്കുന്നത് ടാസ്‍കുകളാണ്. മികച്ച ടാസ്‍കുകളാണ് പെര്‍ഫോം ചെയ്യാൻ മത്സരാര്‍ഥികള്‍ക്ക് ലഭിക്കുന്നത്. ബിഗ് ബോസ് തന്നെയാണ് ടാസ്‍കുകള്‍ നല്‍കുന്നത്. കലാലയം എന്ന ടാസ്‍കില്‍ ചിലരോട് അധ്യാപകരാകാനും മറ്റ് ചിലരോട് വിദ്യാര്‍ഥികളാകാനും ഭാഗ്യലക്ഷ്‍മിയോട് കോളേജ് അസിസ്റ്റന്റ് ആകാനുമായിരുന്നു നിര്‍ദേശിച്ചത്. കഴിഞ്ഞ ദിവസവും ഇന്നും ഭാഗ്യലക്ഷ്‍മി ഒഴികെയുള്ളവരാണ് മികച്ച രീതിയിലെത്തിയത്. എന്നാല്‍ ഇന്ന് ഭാഗ്യലക്ഷ്‍മിയുടെ റോളില്‍ വലിയ ട്വിസ്റ്റുമുണ്ടായി.

വെറുമൊരു പ്യൂണായിട്ടായിരുന്നു ഭാഗ്യലക്ഷ്‍മിയുടെ ശാരദ എന്ന കഥാപാത്രത്തെ കണ്ടത്. തനിക്ക് പെര്‍ഫോം ചെയ്യാൻ ഒന്നുമില്ല എന്ന് ഭാഗ്യലക്ഷ്‍മി പരാതി പറയുകയും ചെയ്‍തിരുന്നു. എന്നാല്‍ ഇന്ന് ഭാഗ്യലക്ഷ്‍മിയുടെ കഥാപാത്രത്തിന്റെ കാര്യത്തില്‍ വലിയ ട്വിസ്റ്റാണ് ഉണ്ടായത്. ട്വിസ്റ്റ് അറിയിക്കാൻ പ്രിൻസിപ്പാളായ രമ്യാ പണിക്കരെയാണ് ബിഗ് ബോസ് നിര്‍ദേശിച്ചത്. ബിഗ് ബോസിന്റെ നിര്‍ദേശം പ്രിൻസിപ്പാള്‍ എല്ലാവരെയും അറിയിച്ചപ്പോഴാണ് ശരിക്കും ഭാഗ്യലക്ഷ്‍മിയുടെ ശാരദയാണ് കോളേജിന്റെ യഥാര്‍ഥ ഉടമയെന്ന് എല്ലാവര്‍ക്കും മനസിലായത്.

ശാരദയ്‍ക്ക് ഇരിക്കാൻ പ്രത്യേക കസേരയും നല്‍കിയിരുന്നു.

ഡമാല്‍ കൃഷ്‍ണൻ എന്നയാള്‍ തന്റെ ഒരേയൊരു പേരക്കുട്ടിയായ ശാരദയ്‍ക്ക് തന്റെ മരണശേഷം കോളേജും സ്ഥാപകജംഗമ വസ്‍തുക്കളും നല്‍കാൻ വില്‍പത്രം എഴുതി വെച്ചിരുന്നു. ഇതോടെ ശാരദ ചേച്ചി ശാരദ മേഡം ആയി മാറി. എല്ലാവരും ശാരദ മേഡത്തിന്റെ പ്രീതി കിട്ടാൻ മത്സരിക്കുന്ന കാഴ്‍ചയും ബിഗ് ബോസില്‍ കണ്ടു. തന്നെ അവഹേളിക്കാൻ ശ്രമിച്ചവരെ വരച്ചവരയില്‍ ശ്രമിക്കുകയും ചെയ്‍തു ശാരദ. ഫിറോസ് ഖാന്റെ അധ്യാപക കഥാപാത്രത്തെയടക്കം ശാരദ മേഡം ശകാരിച്ചു. ബിഗ് ബോസ് കോളേജില്‍ അധികാരത്തോടെ നില്‍ക്കുന്ന ശാരദ മേഡത്തെയാണ് പിന്നീട് കണ്ടത്.