ബി​ഗ് ബോസ് മലയാളം സീസൺ മൂന്ന് വളരെ ആവേശത്തോടെ മുന്നോട്ട് പോകുകയാണ്. ഷോയുടെ അറുപതാമത്തെ എപ്പിസോഡായ ഇന്ന് വിഷു ആശംസകളോടെയാണ് മോഹൻലാൽ മത്സരാർത്ഥികൾക്ക് മുന്നിൽ എത്തിയത്. എല്ലാവരും മോഹൻലാലിന് വിഷു ആശംസകൾ അറിയിക്കുകയും ചെയ്തു. 

കേരള തനിമ വിളിച്ചോതുന്ന തരത്തിലുള്ള വസ്ത്രധാരണമായിരുന്നു മത്സരാർത്ഥികൾക്ക്. ഷോ ആരംഭിച്ച മോഹൻലാൽ കുശലാന്വേഷണങ്ങൾ ചോദിച്ചതിന് പിന്നാലെ ഓരോ മത്സരാർത്ഥികളുടെയും വീട്ടുകാരെ സ്ക്രീനിൽ കൊണ്ടുവരികയും ആശംസകൾ അറിയിക്കുകയും ചെയ്തു. ബി​ഗ് ബോസും മത്സരാർത്ഥികൾക്ക് ആശംസകൾ അറിയിച്ചു. 

അകത്തേക്ക് വരണമെന്ന് ആ​ഗ്രഹിച്ചുവെന്നും എന്നാൽ കൊവിഡ് പ്രോട്ടോക്കോൾ കാരണം അതിന് സാധിച്ചില്ലെന്ന നിരാശയും മോഹൻലാൽ പങ്കുവച്ചു. തുടർന്ന് എല്ലാ മത്സരാർത്ഥികൾക്കും മോഹൻലാൽ വിഷു കൈനീട്ടം നൽകുകയും ചെയ്തു. വളരെയധികം സന്തോഷത്തോടെ ആയിരുന്നു എല്ലാവരും കൈ നീട്ടം സ്വീകരിച്ചത്.  പിന്നാലെ എല്ലാവരും അവരവരുടെ വിഷു ഓര്‍മ്മകള്‍ പങ്കുവയ്ക്കുകയും ചെയ്തു. 

ഇതിനിയിൽ മത്സരാർത്ഥികൾക്കായി നൽകിയ ടാസ്ക്കാണ് ശ്രദ്ധനേടിയത്. പായസം ഉണ്ടാക്കുക എന്നതായിരുന്നു ടാസ്ക്. രണ്ട് ​ഗ്രൂപ്പുകളായി തിരിഞ്ഞാണ് മത്സരാർത്ഥികൾ ടാസ്ക്കിൽ പങ്കെടുത്തത്. ഇത് കാണാനായി മോഹൻലാൽ ഫ്ലോറിൽ തന്നെ കസേരയിട്ടിരിക്കുകയും ചെയ്തിരുന്നു. ഇതിനിടയിൽ നോബി കശുവണ്ടി കഴിച്ചുവെന്ന് മോഹൻലാൽ വിളിച്ച് പറയുകയും ചെയ്തു. പിന്നാലെ മോഹൻലാലിനായി ഋതു വിഷു ​ഗാനം ആലപിച്ച് കൊടുക്കുകയും ചെയ്തു. 

തുടർന്ന് ഇരു ടീമും പായസം തയ്യാറാക്കി മോഹൻലാലിന് നൽകി. ശേഷം രുചി നോക്കിയ മോഹൻലാൽ ആശയക്കുഴപ്പിത്തിലാകുകയും പിന്നാലെ രണ്ട് ടീമിന്റെ വിഭവവും നല്ലതായിരുന്നുവെന്ന് പറയുകയുമായിരുന്നു. പിന്നാലെ ബി​ഗ് ബോസും പായസം രുചി ഉണ്ടായിരുന്നുവെന്ന് അറിയിച്ചു.