ബിഗ് ബോസ് മലയാളം സീസൺ 8 ഉടൻ വരുന്നു. ഇത്തവണ സാധാരണക്കാർക്കായി 'അഗ്നിപരീക്ഷ' എന്ന മത്സരം ആദ്യം നടക്കും. ഇതിലെ വിജയികൾ പ്രധാന ഷോയിൽ എത്തും. ഷോയുടെ പുതിയ പ്രൊമോയും പുറത്തിറങ്ങിയിട്ടുണ്ട്.
സീസൺ 8നായി മലയാളം ബിഗ് ബോസ് പ്രേക്ഷകർ ഒന്നടങ്കം കാത്തിരിക്കുകണ്. ആരൊക്കെയാകും ഇത്തവണ ഹൗസിൽ മാറ്റുരയ്ക്കാൻ എത്തുകയെന്നറിയാൻ ഏവരും അക്ഷമരായി കാത്തിരിക്കുന്നുണ്ട്. ഇതിനകം തന്നെ ആരൊക്കെയാകും ഷോയിലേക്കെത്തുക എന്ന പ്രെഡിക്ഷൻ ലിസ്റ്റുമായി ബിഗ് ബോസ് റിവ്യൂവർമാരും സജീവമായി കഴിഞ്ഞു. ഇത്തവണ രണ്ട് ഷോകളാണ് നടക്കുക എന്നത് ഏറെ ശ്രദ്ധേയമാണ്. കോമണേഴ്സിനുള്ള അഗ്നിപരീക്ഷയാണ് ഒന്ന്. അതിന് ശേഷമാകും ബിഗ് ബോസ് മലയാളം സീസൺ 8 ആരംഭിക്കുക.
അഗ്നിപരീക്ഷയിൽ ജയിച്ച് കയറുന്ന മൂന്നോ അതിലധികമോ മത്സരാർത്ഥികൾ മെയിൻ ബിഗ് ബോസിൽ മാറ്റുരയ്ക്കാനെത്തും. കോമണേഴ്സിനെ തെരഞ്ഞെടുക്കാനുള്ള അണിയറപ്രവർത്തനങ്ങൾ ഒരുവശത്ത് നടക്കുമ്പോൾ അഗ്നിപരീക്ഷയിലേക്ക് പഴയ മത്സരാർത്ഥികളും വിജയികളും എത്തുന്നുവെന്ന പ്രവചനങ്ങളും റിവ്യൂവർമാർ നടത്തുന്നുണ്ട്. ഇവർ മത്സരാർത്ഥികളായിട്ടായിരിക്കില്ല എത്തുക. പകരം അഗ്നിപരീക്ഷയുടെ അവതാരകരും ജഡ്ജസുമായിട്ടായിരിക്കും എത്തുക. അത്തരത്തിൽ ആരൊക്കെയാലും ബിഗ് ബോസിൽ എത്തുകയെന്ന പ്രവചനങ്ങളാണ് റിവ്യൂവർമാർ നടത്തുന്നത്.
അഗ്നിപരീക്ഷയ്ക്ക് എത്തുന്ന മുൻ മത്സരാർത്ഥികളിൽ പ്രധാനികൾ അഖില്‍ മാരാര്‍, സാബു മോന്‍, രഞ്ജിനി ഹരിദാസ്, റിയാസ് സലീം തുടങ്ങിയവരാണ്. ഇതിൽ രഞ്ജി ഹരിദാസ് അവതാരകയായിരിക്കുമെന്നും മറ്റുള്ളവർ ജഡ്ജിംഗ് പാനലിൽ ആയിരിക്കുമെന്നുമാണ് പ്രവചനങ്ങൾ. ഇവർ തകർക്കുമെന്നും അഖിലും റിയാസും പോരടിക്കുമോന്ന് കണ്ട് അറിയണമെന്നും ഇവർ പറയുന്നുണ്ട്.
അതിനിടെ പുതിയ പ്രമോയുമായി ബിഗ് ബോസ് എത്തിയിട്ടുണ്ട്. മോഹൻലാൽ ഇല്ലാതെ ലോഗോയ്ക്ക് ഒപ്പമാണ് പുതിയ അപ്ഡേറ്റ് വന്നിരിക്കുന്നത്. 'ബിഗ് ബോസ് സീസണ്‍ 8, ഉടൻ വരുന്നു', എന്നും ക്യാപ്ഷനായി നൽകിയിട്ടുണ്ട്. എന്തായാലും സീസൺ പോലെ തന്നെ അഗ്നിപരീക്ഷയും പ്രേക്ഷകരിൽ ആവേശം സൃഷ്ടിക്കുമെന്ന കാര്യത്തിൽ തർക്കമില്ല. തെലുങ്ക് ബിഗ് ബോസിൽ അഗ്നിപരീക്ഷ ജയിച്ച് കയറിയ കോമണർ ആയിരുന്നു ആ സീസണിലെ വിജയി.



