ബിഗ് ബോസ് മലയാളം സീസണ്‍ 7-ലെ ഹോട്ടല്‍ ടാസ്കില്‍ ചലഞ്ചറായി എത്തിയ റിയാസ് സലിം നടത്തിയ പരാമര്‍ശം സീരിയല്‍ താരങ്ങളായ ബിന്നിയെയും അനുമോളെയും ചൊടിപ്പിച്ചപ്പോള്‍, ഷാനവാസിനും റിയാസിനുമിടയിലുണ്ടായ സംഘര്‍ഷം ടാസ്ക് നിര്‍ത്തിവെക്കുന്നതിലേക്ക് നയിച്ചു.

ബിഗ് ബോസ് മലയാളം സീസണ്‍ 7 അതിന്‍റെ ഏഴാം വാരം പൂര്‍ത്തിയാക്കാന്‍ ഒരുങ്ങുകയാണ്. സീസണ്‍ അതിന്‍റെ പകുതിയിലേക്ക് അടുക്കുന്നതിനനുസരിച്ച് ഹൗസിലെ സംഘര്‍ഷങ്ങളും കൂടിയിട്ടുണ്ട്. ഏഴിന്‍റെ പണി എന്ന ടാഗ് ലൈനുമായി വന്നിരിക്കുന്ന ഏഴാം സീസണിലെ ഏഴാം ആഴ്ച മത്സരാര്‍ഥികള്‍ക്കുള്ള വിവിധ പണികള്‍ ബിഗ് ബോസ് നല്‍കിയിരുന്നു. അതിലൊന്ന് ക്ലാസിക് ടാസ്കുകളില്‍ ഒന്നായ ഹോട്ടല്‍ ടാസ്ക് ആയിരുന്നു. മുന്‍ മത്സരാര്‍ഥികള്‍ ചലഞ്ചര്‍മാരായി എത്തിയ ടാസ്ക് സംഘര്‍ഷങ്ങള്‍ക്കിടയിലും മുക്കാല്‍ ഭാഗത്തോളം മുന്നോട്ട് പോയെങ്കിലും പൂര്‍ത്തിയാക്കാനായില്ല.

ശോഭ വിശ്വനാഥ്, ഷിയാസ് കരിം, റിയാസ് സലിം എന്നിവരാണ് ഇത്തവണത്തെ ബിബി ഹോട്ടലില്‍ അതിഥികളായി എത്തിയത്. ഇതില്‍ ശോഭയും ഷിയാസും ഒരുമിച്ചാണ് എത്തിയത്. അവര്‍ പോയതിന് ശേഷം റിയാസും. ഇതില്‍ ശോഭയും റിയാസുമാണ് മത്സരാര്‍ഥികള്‍ക്ക് മുന്നില്‍ ശരിക്കും ചലഞ്ചര്‍മാരായത്. എന്നാല്‍ അനീഷിന്‍റെ മുന്നില്‍ അതിഥിയായി എത്തിയ ശോഭ കരയുന്നത് പ്രേക്ഷകര്‍ കണ്ടു. റിയാസിന്‍റെ പ്രധാന ടാര്‍ഗറ്റുകളില്‍ ഒന്ന് ഷാനവാസ് ആയിരുന്നു. റിയാസിന്‍റെ ചലഞ്ചുകള്‍ അതേ നാണയത്തില്‍ ഷാനവാസ് ഏറ്റുപിടിച്ചതോടെ ടാസ്ക് തന്നെ നിര്‍ത്തേണ്ടിവരികയായിരുന്നു.

ഷാനവാസിനെ വിമര്‍ശിച്ച് സംസാരിക്കാന്‍ ശ്രമിക്കുന്നതിനിടെ റിയാസ് നടത്തിയ ഒരു പ്രയോഗം തിരുത്താന്‍ ശ്രമിക്കുന്ന ബിന്നിയെയും പ്രേക്ഷകര്‍ ഇന്ന് കണ്ടു. റിയാസിനോട് ക്ഷമ ചോദിക്കാന്‍ തയ്യാറാവാതിരുന്നതിനെത്തുടര്‍ന്ന് ഹോട്ടലിലെ ക്ലീനര്‍ തസ്തികയില്‍ നിന്ന് പിരിച്ചുവിടപ്പെട്ട ഷാനവാസിനോട് ഇത് ചീപ്പ് സീരിയല്‍ അല്ല എന്ന് റിയാസ് പറഞ്ഞു. എന്നാല്‍ അല്‍പം കഴിഞ്ഞ് ബിന്നി ഈ പ്രയോഗത്തില്‍ തനിക്കുള്ള വിമര്‍ശനം റിയാസിനെ അറിയിച്ചു. ഞങ്ങളും സീരിയലില്‍ നിന്നാണ്. ചീപ്പ് സീരിയല്‍ എന്ന് പറയുമ്പോള്‍ അത് ഞങ്ങളുടെ പ്രൊഫഷനെ അപമാനിക്കുന്നത് പോലെയാണ്, ബിന്നി പറഞ്ഞു. ഈ സമയത്ത് അനുമോളും ബിന്നിയുടെ ഒപ്പമുണ്ടായിരുന്നു.

ഷാനവാസിനെ വിമര്‍ശിക്കണമെന്നുണ്ടെങ്കില്‍ അയാളെ മാത്രം വിമര്‍ശിക്കണമെന്നും ബിന്നി പറഞ്ഞു. അങ്ങനെ താന്‍ ഉദ്ദേശിച്ചിട്ടില്ലെന്നും റിയാസ് പറഞ്ഞു. ചീപ്പ് ആയിട്ടുള്ള സീരിയലുകളും ഉണ്ട്. പക്ഷേ എല്ലാ സീരിയലുകളും അങ്ങനെ അല്ല, റിയാസ് കൂട്ടിച്ചേര്‍ത്തു. അടുത്ത വാരാന്ത്യ എപ്പിസോഡില്‍ മോഹന്‍ലാലിന് സംസാരിക്കാനുള്ള നിരവധി വിഷയങ്ങള്‍ ഈ വാരത്തില്‍ ഉണ്ടായിട്ടുണ്ട്. നെവിനെതിരെയുള്ള ഷാനവാസിന്‍റെ ആരോപണമാണ് അതില്‍ പ്രധാനപ്പെട്ട ഒന്ന്.

Asianet News Live | Malayalam News Live | Kerala News Live | Breaking News Live | HD Live Streaming