ചില ടാസ്‍കുകളില്‍ മത്സരാര്‍ഥികളെത്തന്നെ വിധികര്‍ത്താക്കളായി ചുമതലപ്പെടുത്താറുണ്ട് ബിഗ് ബോസ്. വിധിപ്രഖ്യാപനം ചിലപ്പോഴൊക്കെ വലിയ വഴക്കുകളിലേക്കും എത്താറുണ്ട്. അത്തരത്തില്‍ ഒരു വഴക്കിനും ഇന്നത്തെ എപ്പിസോഡ് സാക്ഷ്യം വഹിച്ചു. എന്നാല്‍ അത് വിധിപ്രഖ്യാപന വിഷയത്തില്‍ ഒതുങ്ങാതെ രണ്ട് മത്സരാര്‍ഥികള്‍ക്കിടയിലെ പൊരിഞ്ഞ തര്‍ക്കത്തിലേക്കും നീങ്ങി. കിടിലം ഫിറോസും ഡിംപല്‍ ഭാലുമായിരുന്നു ആ രണ്ടുപേര്‍.

മത്സരാര്‍ഥികള്‍ക്കായി ഒരു സ്പോണ്‍സേര്‍ഡ് ടാസ്‍ക് ഇന്ന് ബിഗ് ബോസ് ഒരുക്കിയിരുന്നു. മേക്കപ്പ് ഉല്‍പ്പന്ന നിര്‍മ്മാതാക്കളായ ഡാസ്‍ലറിന്‍റെ ടാസ്‍ക് ആയിരുന്നു അത്. മത്സരാര്‍ഥികള്‍ മൂന്നുപേര്‍ വീതമുള്ള നാല് ടീമുകളായി തിരിഞ്ഞ് മത്സരിക്കണമായിരുന്നു. ഫാഷന്‍ റാംപ്, എന്‍ഗേജ്മെന്‍റ് തുടങ്ങി വ്യത്യസ്ത അവസരങ്ങള്‍ക്ക് ആവശ്യമായ മേക്കപ്പ് ടീമിലെ ഒരംഗത്തെ അണിയിച്ചായിരുന്നു മത്സരിക്കേണ്ടത്. അവസാനം വിജയികളായത് സൂര്യയും സന്ധ്യയും അടങ്ങിയ ടീം ബി ആയിരുന്നു. എന്നാല്‍ ടീം ബിയുടെ മത്സരത്തിലെ ചില പാളിച്ചകള്‍ മറ്റു ടീമംഗങ്ങള്‍ ചൂണ്ടിക്കാട്ടിയ കൂട്ടത്തില്‍ ടീം എയില്‍ ആയിരുന്ന ഡിംപലും രമ്യയും അടക്കം പ്രതികരിച്ചു. മത്സരത്തില്‍ വിധികര്‍ത്താവായത് കിടിലം ഫിറോസ് ആയിരുന്നു. 

 

മോഡലിംഗ് തന്‍റെ പ്രൊഫഷനാണെന്നു പറഞ്ഞ ഡിംപലിനോട് ഈ വിഷയത്തില്‍ തനിക്ക് അറിവില്ലെന്ന് എങ്ങനെ പറയാന്‍ കഴിയുമെന്ന് കിടിലം ഫിറോസ് തിരിച്ചു ചോദിച്ചു. മത്സരവേദിയില്‍ വച്ചുതന്നെ ഇരുവര്‍ക്കുമിടയില്‍ വാക്കേറ്റമുണ്ടായി. ഫിറോസിനെ 'ചീപ്പ്' എന്നു വിളിച്ചുകൊണ്ടാണ് ഡിംപല്‍ അവിടെനിന്നു പോയത്. ഇരുവര്‍ക്കുമിടയിലെ തര്‍ക്കം ബെഡ് ഏരിയയിലേക്കും നീങ്ങി. ബെഡ് ഏരിയയില്‍ ഡിംപല്‍ രമ്യയുമായി ഈ വിഷയം സംസാരിച്ചുകൊണ്ടുനിന്നപ്പോള്‍ ഫിറോസ് ഖാനും ഇത് കേട്ടുകൊണ്ട് നില്‍പ്പുണ്ടായിരുന്നു. പിന്നീട് കിടിലം ഫിറോസ് അവിടേക്ക് വന്നപ്പോള്‍ ഫിറോസ് ഖാന്‍ ഇക്കാര്യം എടുത്തിട്ടു. 'എന്നാലും നീ ഡിംപലിന് പോയിന്‍റ് കൊടുക്കാതിരുന്നത് മോശമായിപ്പോയെ'ന്നായിരുന്നു ഫിറോസ് ഖാന്‍റെ വാക്കുകള്‍. തുടര്‍ന്ന് ഡിംപല്‍ പ്രതികരിച്ചതോടെ ശക്തമായ ഭാഷയില്‍ പ്രതികരിച്ചുകൊണ്ട് കിടിലം ഫിറോസും രംഗത്തെത്തി.

തന്നെ എന്തിനാണ് ചീപ്പ് എന്ന് വിളിച്ചതെന്നും മറ്റു മത്സരാര്‍ഥികളെ അപമാനിക്കരുത് എന്നത് ബിഗ് ബോസിന്‍റെ നിയമ പുസ്‍തകത്തില്‍ ഉള്ളതാണെന്നും കിടിലം ഫിറോസ് പറഞ്ഞു. അങ്ങനെ വിളിച്ചതിന് വിശദീകരണം ഉണ്ടോ എന്ന ചോദ്യത്തിന് ഇല്ല എന്നായിരുന്നു ഡിംപലിന്‍റെ മറുപടി. എന്നാല്‍ താന്‍ കണ്‍ഫെഷന്‍ റൂമില്‍ ബിഗ് ബോസിനോട് വിഷയം അവതരിപ്പിക്കുമെന്നും കിടിലം ഫിറോസ് പറഞ്ഞു. പിന്നീട് മാറി വിഷമിച്ചിരുന്ന ഡിംപലിനെ ആശ്വസിപ്പിക്കാന്‍ പുതിയ ക്യാപ്റ്റന്‍ ആ റംസാന്‍ ഉള്‍പ്പെടെയുള്ളവര്‍ എത്തി. മണിക്കുട്ടനും രമ്യയും ആ സമയത്ത് അവിടെ ഉണ്ടായിരുന്നു.