ആദ്യ രണ്ട് ദിനങ്ങള്‍ക്കുള്ളില്‍ത്തന്നെ ഹൗസിലെ ശ്രദ്ധാകേന്ദ്രമായ മത്സരാര്‍ഥിയാണ് കോമണര്‍ ആയി എത്തിയ അനീഷ്
ബിഗ് ബോസ് മലയാളം സീസണ്‍ 7 ല്‍ രണ്ടാം ദിനമാണ് ഇന്ന്. മുന്‍ സീസണുകളില്‍ നിന്ന് വിഭിന്നമായി ഹൗസില്‍ എത്തുന്നതിന് മുന്‍പുതന്നെ ബിഗ് ബോസ് മത്സരാര്‍ഥികളെ ടാസ്ക് കളിപ്പിച്ചുതുടങ്ങിയ സീസണ്‍ കൂടിയാണ് ഇത്. ആദ്യ ദിനം മുതല്‍ ഫുള്‍ എനര്‍ജിയിലാണ് ഭൂരിഭാഗം മത്സരാര്‍ഥികളുടെയും ഹൗസിലെ നില്‍പ്പ് എന്നതും പ്രത്യേകതയാണ്. ഏഴിന്‍റെ പണി എന്ന് ടാഗ് ലൈന്‍ നല്‍കിയിരിക്കുന്ന സീസണില്‍ ആദ്യ ദിനം മുതല്‍ തന്നെ മത്സരാര്‍ഥികള്‍ക്കിടയില്‍ തര്‍ക്കങ്ങളുമുണ്ട്. രണ്ടാം ദിനവും അത്തരത്തിലുള്ള തര്‍ക്കങ്ങളാല്‍ മുഖരിതമായിരുന്നു ബിഗ് ബോസ് ഹൗസ്.
ആദ്യ രണ്ട് ദിനങ്ങള്‍ക്കുള്ളില്‍ത്തന്നെ ഹൗസിലെ ശ്രദ്ധാകേന്ദ്രമായ മത്സരാര്‍ഥിയാണ് കോമണര്‍ ആയി എത്തിയ അനീഷ്. മിക്ക കാര്യങ്ങളോടും മറ്റുള്ളവരില്‍ നിന്ന് വ്യത്യസ്തമായ അഭിപ്രായമുള്ള, അത് തുറന്ന് പ്രകടിപ്പിക്കുകയും ചെയ്യുന്ന അനീഷിനെ സഹമത്സരാര്‍ഥികളും പ്രേക്ഷകരും ലോഞ്ച് എപ്പിസോഡ് മുതല്‍ ശ്രദ്ധിക്കുന്നുണ്ട്. രണ്ടാം ദിനം എപ്പിസോഡിന്‍റെ തുടക്കത്തിലും അനീഷ് വേഴ്സസ് സഹമത്സരാര്‍ഥികള്‍ എന്ന മട്ടില്‍ ഒരു തര്‍ക്കം അരങ്ങേറി.
രാവിലെ ഗുഡ് മോണിംഗ് പറഞ്ഞാല്‍ അനീഷ് പ്രതികരിക്കുന്നില്ലെന്നും മോശമായാണ് പ്രതികരിക്കുന്നതെന്നും ആരോപിച്ചുകൊണ്ട് ബിന്നി സെബാസ്റ്റ്യന്‍ അനീഷിന് അരികിലേക്ക് എത്തുന്നതാണ് പ്രേക്ഷകര്‍ ആദ്യം കണ്ടത്. ക്യാപ്റ്റന്‍ സ്ഥാനത്തുള്ള അനീഷ് തങ്ങളെ കേള്‍ക്കുന്നില്ലെന്ന് സഹമത്സരാര്‍ഥികള്‍ക്ക് നേരത്തേ ആക്ഷേപമുണ്ട്. ഗുഡ് മോണിംഗ് പറഞ്ഞാല്‍ പോലും തിരിച്ചു പ്രതികരിക്കുന്നില്ലെന്നും അത് മോശമാണെന്നുമായിരുന്നു ബിന്നിയുടെ പ്രതികരണം.
എന്നാല്‍ ഗുഡ് മോണിംഗിന് മലയാളമുണ്ടെന്നായിരുന്നു അനീഷിന്‍റെ പ്രതികരണം. മലയാള ഭാഷയെ മറ്റുള്ളവര്‍ അവഹേളിക്കുകയാണെന്നും അതില്‍ നിങ്ങള്‍ക്ക് നാണമില്ലേ എന്നുമൊക്കെ അനീഷഅ സഹമത്സരാര്‍ഥികളോട് പറഞ്ഞു. മറ്റുള്ളവര്‍ ഈ വാദത്തോട് തട്ടിക്കയറുന്നുണ്ടായിരുന്നു. അക്ബറും അപ്പാനി ശരത്തുമാണ് ഇതില്‍ ഏറ്റവും ശക്തമായി പ്രതികരിച്ച് എത്തിയത്. നടന്ന തര്‍ക്കം തനിക്ക് മനസിലായില്ലെന്നും ഒന്ന് പുനരാവിഷ്കരിച്ച് കാണിക്കാനും ബിഗ് ബോസിന്‍റെ നിര്‍ദേശവും പിന്നാലെ എത്തി. അപ്പാനി ശരത്ത് ആണ് ഇവിടെ അനീഷ് ആയി അഭിനയിച്ചത്. ഗുഡ് മോണിംഗ് പറഞ്ഞ് എത്തുന്നവരോട് സുപ്രഭാതം എന്നായിരുന്നു ദേഷ്യത്തോടെ അനീഷ് ആയി അഭിനയിച്ച അപ്പാനിയുടെ പ്രതികരണം. സഹമത്സരാര്‍ഥികള്‍ ചിരിയോടെയാണ് ഈ പ്രകടനം കണ്ടുനിന്നത്.

