ബിഗ് ബോസില്‍ ഇന്നത്തെ മോണിംഗ് ടാസ്‍കില്‍ ചര്‍ച്ചയായി കുലസ്‍ത്രീയും ഫെമിനിച്ചിയും (Bigg Boss).

ഇന്ന് മോണിംഗ് ടാസ്‍കായിരുന്നു ബിഗ് ബോസില്‍ തുടക്കത്തില്‍. വൈല്‍ഡ് കാര്‍ഡ് എൻട്രിയായി എത്തിയ മണികണ്ഠനായിരുന്നു ഇന്നത്തെ ടാസ്‍ക്. കേരള സംസ്‍കാരത്തെ കുറിച്ച് മത്സരാര്‍ഥികളോട് സംസാരിക്കാനായിരുന്നു ടാസ്‍ക്. മണികണ്ഠന്റെ ടാസ്‍കില്‍ ചെറിയൊരു വാക്ക് തര്‍ക്കവും നടന്നു (Bigg Boss).

കുടുംബത്തെ കുറിച്ച് പറഞ്ഞായിരുന്നു മണികണ്ഠൻ തുടങ്ങിയത്. പണ്ടത്തെ നന്മയുടെ കാര്യങ്ങളെ കുറിച്ച് പറയുന്നത് തന്നെ നല്ല കുടുംബങ്ങളെ കുറിച്ചും കാര്‍ഷിക സംസ്‍കാരങ്ങളെ കുറിച്ചും എന്നതാണ്. കൂടുമ്പോള്‍ ഇമ്പമുള്ളതാണ് കുടുംബം എന്നാണ് പറയുന്നത്. ഒരു വീട്ടില്‍ താമസിക്കുന്നു എന്നതുകൊണ്ട് കുടുംബം ആകുന്നില്ല. ഇപ്പോള്‍ ഉയര്‍ന്നു കേള്‍ക്കുന്ന ഒരു പ്രശ്‍നം ആണ് സ്‍ത്രീകളോടുള്ള സമീപനം എന്നും മണികണ്ഠൻ തുടക്കത്തില്‍ പറഞ്ഞു.

സ്‍ത്രീകളോടുള്ള സമീപനം എന്ന് പറയുമ്പോള്‍ നമ്മള്‍ വിചാരിക്കും പഴയ കാലത്ത് അങ്ങനെയൊന്നും ഉണ്ടായിരുന്നില്ല. അടിച്ചമര്‍ത്തുകയായിരുന്നു എന്നൊക്കെ നമ്മള്‍ വിചാരിക്കും. അങ്ങനെയായിരുന്നില്ല. സ്‍ത്രീകളായിരുന്നു നമ്മുടെ കാര്യങ്ങളൊക്കെ പണ്ട് നോക്കിയിരുന്നത്.

എവിടെയാണ് സ്‍ത്രീ പൂജിക്കപ്പെടുന്നത് അവിടെയാണ് ദേവതമാര്‍ സന്തോഷിക്കുന്നു എന്നാണ് പറയുന്നത്. അന്ന് പുരുഷൻ അദ്ധ്വാനിക്കുന്നതിന്റെ നല്ലൊരു പങ്കും ശരിയായ വിധം കുടുംബത്തിനും പുരുഷനും വെച്ചുവിളമ്പുന്ന ഒരു വലിയ സ്ഥാനമായിരുന്നു സ്‍ത്രീകള്‍ക്കുണ്ടായത്. ഇന്ന് നമ്മള്‍ ഒരു വാക്ക് വൃത്തികേടായി വ്യാഖ്യാനിക്കുന്ന രീതിയുണ്ട്. കുലസ്‍ത്രീ എന്നത്. ഇന്ന് നീ ഒരു വലിയ കുലസ്‍ത്രീയല്ലേ എന്ന് ചോദിക്കുന്നതിന്റെ അര്‍ഥം നെഗറ്റീവായാണ്. കുലസ്‍ത്രീ എന്നത് ഇംഗ്ലീഷില്‍ മാഡം എന്ന് ബഹുമാനം ഉപയോഗിക്കുന്നതിനേക്കാള്‍ എത്രയോ മാന്യമായ പദമാണ് മലയാളത്തില്‍. ഒരു കുലത്തിന്റെ ധര്‍മം എല്ലാം അനുസരിക്കുന്ന ആളാണ് കുലസ്‍ത്രീ എന്ന് പറയുന്നത്. ഇപ്പോള്‍ ഇത് കേള്‍ക്കുന്ന എല്ലാവരിലും കുലസ്‍ത്രീ എന്ന് പറഞ്ഞാല്‍ മോശമായ എന്തോ ആണെന്ന് വ്യഖ്യാനിച്ചുവയ്‍ക്കുന്നവരുണ്ട്. അതിന്റെ അര്‍ഥം എന്തെന്ന് നമ്മള്‍ അറിയുന്നില്ല. അങ്ങനെ ഒരു സംസ്‍കാരത്തിലൂടെയാണ് നമ്മള്‍ കേരളീയര്‍ വളര്‍ന്നു വന്നത് എന്നും മണികണ്ഠൻ പറഞ്ഞപ്പോള്‍ ഡെയ്‍സി ഫെമിനിസ്റ്റ് എന്ന വാക്കും ചര്‍ച്ചയിലേക്ക് കൊണ്ടുവന്നു.

ഫെമിനിസ്റ്റ് എന്ന വാക്കിനോടും നെഗറ്റീവായി കാണുന്നില്ലേ എന്നായിരുന്നു ഡെയ്‍സി ചോദിച്ചത്. അത് നെഗറ്റീവ് ആയി കാണുന്നവരുണ്ട്. ഫെമനിസ്റ്റ് എന്ന് പറഞ്ഞാല്‍ സ്‍ത്രീ പക്ഷം എന്നല്ലേ എന്ന് മണികണ്ഠൻ ചോദിച്ചു. അല്ല തുല്യത എന്നാണ് അതിന്റെ അര്‍ഥം എന്നായിരുന്നു ഡെയ്‍സിയുടെ മറുപടി. സ്‍ത്രീക്കും പുരുഷനും തുല്യമായ സ്വാതന്ത്യം നല്‍കിയ കാലമുണ്ടായിരുന്നു എന്നാണ് മണികണ്ഠൻ അപ്പോള്‍ പറഞ്ഞത്. ഫെമിനിച്ചി എന്നൊക്കെ പറയുമ്പോള്‍ അതൊരു നെഗറ്റീവായിട്ടാണ് എല്ലാവരും കാണുന്നത് എന്ന് ഡെയ്‍സി കൂട്ടിച്ചേര്‍ത്തു. അര്‍ഥം അറിഞ്ഞുകൂടാത്തവര്‍ പറഞ്ഞുപറഞ്ഞു അങ്ങനെ ആയതാണ് എന്ന് മണികണ്ഠൻ ചൂണ്ടിക്കാട്ടി. ഞാൻ ഇപ്പോള്‍ സംശയം ചോദിച്ചപ്പോള്‍ ചെയ്‍തുപോലെ അതിന്റെ അര്‍ഥം തിരുത്താൻ ആരും ശ്രമിക്കുന്നില്ല എന്ന് മണികണ്ഠൻ പറഞ്ഞു. ഫെമിനിസം എന്നത് എന്താണ് ഉദ്ദേശിക്കുന്നത് എന്ന് സ്‍ത്രീ വ്യക്തമാക്കണമെന്നും മണികണ്ഠൻ പറഞ്ഞു.

ആണുങ്ങളിലും ഫെമിനിസ്റ്റുണ്ട്, ഇതൊന്നും അറിയാത്ത ചേട്ടനുള്‍പ്പടെയുള്ളവര്‍ക്ക് മനസിലാകാൻ പറഞ്ഞതാണെന്ന് ഡെയ്‍സി വ്യക്തമാക്കി. ബിഗ് ബോസില്‍ എല്ലാവരും തുല്യരാണ്, എങ്കിലും സ്‍ത്രീ പുരുഷ ഭേദം മനസിലുണ്ടെന്ന് മണികണ്ഠൻ പറഞ്ഞു. ബിഗ് ബോസ് വീട്ടില്‍ ഇതുവരെ അങ്ങനെ ഉണ്ടായിട്ടില്ലെന്ന് ഡെയ്‍സി മറുപടി പറഞ്ഞു. കുലസ്‍ത്രീ എന്നത് തെറ്റായി ഉപയോഗിക്കുന്നുവെന്ന് പറഞ്ഞപ്പോഴാണ് താൻ ഫെമിനിസ്റ്റ് എന്നതിനെ കുറിച്ചും പറഞ്ഞതെന്ന് ഡെയ്‍സി വ്യക്തമാക്കി. കാലം മാറിപ്പോയി തെറ്റായി ഉപയോഗിക്കുന്നവര്‍ തിരുത്തണമെന്ന് മണികണ്ഠൻ പറഞ്ഞു. ചില വാക്കുകള്‍ പറയുമ്പോള്‍, പുരുഷനാണെങ്കില്‍ പുരുഷൻമാരെ മൊത്തം ആക്ഷേപിക്കുന്നു, സ്‍ത്രീയാണ് പറയുന്നത് എങ്കില്‍ സ്‍ത്രീകളെ മൊത്തമായി പറയുന്നു എന്ന രീതിയുണ്ട്. ജയിക്കാൻ വേണ്ടിയാണ് ഇങ്ങനെ പറയുന്നതെന്നും മണികണ്ഠൻ വ്യക്തമാക്കിയതോടെ ബിഗ് ബോസ് ബസര്‍ അടിക്കുകയും ടാസ്‍ക് അവസാനിക്കുകയും ചെയ്‍തു.