രാഹുൽ ഈശ്വറിനെതിരായ അഖിൽ മാരാരുടെ അധിക്ഷേപ പരാമർശങ്ങളിൽ രൂക്ഷവിമർശനവുമായി രാഹുലിന്റെ ഭാര്യ ദീപ രംഗത്ത്. രാഹുൽ പ്രതികരിക്കില്ലെന്ന ധൈര്യത്തിലാണ് അഖിൽ മോശം ഭാഷ ഉപയോഗിച്ച് സംസാരിക്കുന്നതെന്നും ദീപ.

രാഹുൽ ഈശ്വറിനെതിരെ അഖിൽ മാരാർ നടത്തിയ പരാമർശങ്ങൾക്കെതിരെ രാഹുലിന്റെ ഭാര്യ ദീപ രംഗത്ത്. ഷിജിന് പുറത്ത് വലിയ പിന്തുണയുണ്ടെന്നറിഞ്ഞ് ഭ്രാന്തായവരാണ് രാഹുൽ ഈശ്വർ അടക്കമുള്ളവരെന്ന് അഖിൽ മാരാർ ഒരു യൂട്യൂബ് ചാനലിൽ നൽകിയ അഭിമുഖത്തിൽ ആരോപിച്ചിരുന്നു. 'വിവരം കെട്ടവർ' എന്നും രാഹുൽ അടക്കമുള്ള ചിലരെ അഖിൽ മാരാർ വിശേഷിപ്പിച്ചിരുന്നു. പറയുന്നത് രാഹുല്‍ കേള്‍ക്കുന്നില്ലെന്നുള്ള പൂര്‍ണ ധൈര്യത്തോടെയാണ് അഖിൽ ഇത്തരം പ്രസ്താവനകൾ നടത്തുന്നതെന്നാണ് ദീപ പറയുന്നത്.

''എന്തൊരു ഭീരുവാണ്. ഇത് പറയുന്നത് രാഹുല്‍ കേള്‍ക്കുന്നില്ല, അറിയുന്നില്ല, മറുപടി കിട്ടില്ല എന്നുളള ഒരു പൂര്‍ണ ധൈര്യത്തോടെ ഇരുന്നങ്ങ് വായില്‍ വരുന്ന എന്ത് പച്ചത്തെറിയും വിളിച്ച് പറയുകയാണ് ഒരാളെ. രാഹുല്‍ പുറത്ത് ഉണ്ടെങ്കില്‍ ഇത്രയും പറയാനുളള ധൈര്യം ഈ അഖില്‍ മാരാറിന് ഉണ്ടാകുമോ. ഈ സീസണ്‍ തുടങ്ങിയ ദിവസം തൊട്ട് രാഹുല്‍ ഈശ്വര്‍ എന്ന വ്യക്തിയെ എത്രത്തോളം മോശമായി കാണിക്കാമോ അതിന് കിണഞ്ഞ് പരിശ്രമിക്കുകയാണ് അഖില്‍ മാരാര്‍. മുന്‍ വൈരാഗ്യമോ, മറ്റൊരു വ്യക്തിയില്‍ നിന്ന് പൈസ വാങ്ങി ചെയ്യുന്ന കൊട്ടേഷനോ ആകാം, എന്തുമാകാം. ഈ ചാനല്‍ ഒരു അഭിമുഖത്തിന് തന്നെ വിളിച്ചിരുന്നു. പല ചാനലുകള്‍ക്കും കൊടുത്തിട്ടും ഈ ചാനലിന് ഞാന്‍ അഭിമുഖം കൊടുത്തിട്ടില്ല. കാരണം ഇത്രയും മോശപ്പെട്ട വ്യക്തികളെ പ്രോത്സാഹിപ്പിക്കുന്ന ഒരു ചാനലുമായി ബന്ധപ്പെടാന്‍ എനിക്ക് താല്‍പര്യമില്ല. ഒരു ഗെയിമും കളിക്കാതെയാണോ ആ ഹൗസിലെ 14 പേരില്‍ നിന്നും ഡയറക്ട് ടിക്കറ്റ് ടു വീക്ക് 12 ലേക്ക് രാഹുലിന് കയറാന്‍ സാധിച്ചത്.

രാഹുലും അഖില്‍ മാരാരും തമ്മിലുളള ഏറ്റവും വലിയ വ്യത്യാസം ഈ വീഡിയോയില്‍ കാണാന്‍ കഴിയും. രാഹുലിന്റെ വായില്‍ നിന്ന് ഒരിക്കലും ഈ ഭാഷ വരില്ല. രാഹുലിന്റെ വായില്‍ നിന്ന് ഇങ്ങനെ ഒരു ഭാഷ വന്നുവെന്ന് പറഞ്ഞ് ഞങ്ങളുടെ മക്കള്‍ക്ക് അച്ഛനെക്കൊണ്ട് ഒരു അപമാനം ഉണ്ടാകില്ല. ഇദ്ദേഹം ഇത്രയും മോശപ്പെട്ട ഒരു വ്യക്തിയാണെന്ന് കേരളം വ്യക്തമായി തിരിച്ചറിഞ്ഞത് കൊണ്ടാവും തിരഞ്ഞെടുപ്പില്‍ നിന്നപ്പോള്‍ എട്ട് നിലയില്‍ പൊട്ടിയത്. തോല്‍വിയൊക്കെ ആര്‍ക്കും ഉണ്ടാവാം. പക്ഷേ അതിന് ഇങ്ങനെയൊരു കാരണം കൂടിയുണ്ട് എന്ന് തിരിച്ചറിയുമ്പോഴാണ് ആ തോല്‍വിക്കൊരു പ്രസക്തി ഉണ്ടാകുന്നത്. ബാക്കി മറുപടി രാഹുല്‍ പുറത്ത് വരുമ്പോള്‍ തരും'', എന്നാണ് ദീപ ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ച വീഡിയോയിൽ പറയുന്നത്.

Asianet News Live | Malayalam Live News | Breaking News l Kerala News Updates | HD News Streaming