ബിഗ് ബോസ് മലയാളം സീസണ്‍ 3 മത്സരാര്‍ഥികള്‍ക്കായി ബിഗ് ബോസ് ഇത്തവണ നല്‍കിയ വീക്കിലി ടാസ്‍കിന്‍റെ പേര് 'വില്‍ക്കാനുണ്ട് സ്വപ്‍നങ്ങള്‍' എന്നായിരുന്നു. മറ്റു മത്സരാര്‍ഥികള്‍ ഇരിക്കുന്ന സദസിനു മുന്നില്‍ നടക്കുന്ന ഒരു 'ടാലന്‍റ് ഷോ'യില്‍ സ്വന്തം കഴിവ് എന്തിലാണോ, അതനുസരിച്ചുള്ള പ്രകടനങ്ങള്‍ നടത്താനായിരുന്നു നിര്‍ദ്ദേശം. വേദിയിലെ ലൈറ്റുകളുടെ നിറം മാറ്റുന്നതനുസരിച്ച് മത്സരാര്‍ഥി അവതരിപ്പിച്ചുകൊണ്ടിരിക്കുന്ന പരിപാടി നിര്‍ത്തി പുതിയത് അവതരിപ്പിക്കുകയും ചെയ്യണമായിരുന്നു. ഒരു മത്സരാര്‍ഥിയുടെ പ്രകടനം അവസാനിച്ചതിനു ശേഷം മറ്റുള്ളവര്‍ക്ക് അതിനെ വിലയിരുത്തി തങ്ങള്‍ക്കു ലഭിച്ച കോയിനുകളില്‍ ചിലത് അവര്‍ക്ക് കൈമാറാമായിരുന്നു.  ഇന്നലെ ആരംഭിച്ച ടാസ്‍ക് ഇന്നും തുടരുകയാണ്. മണിക്കുട്ടനും റംസാനുമൊക്കെ നൃത്തത്തിലൂടെയും പാട്ടിലൂടെയുമൊക്കെ കൈയടികള്‍ നേടിയെങ്കില്‍ മറ്റു മത്സരാര്‍ഥികളെ പ്രകടനത്തില്‍ ഞെട്ടിച്ചത് ഡിംപല്‍ ഭാല്‍ ആയിരുന്നു.

വേദിയിലേക്കെത്തിയ ഡിംപല്‍ ഒരു മോണോ ആക്റ്റ് ആണ് അവതരിപ്പിച്ചത്. അതിലെ കഥാപാത്രങ്ങള്‍ ഡിംപലും ബിഗ് ബോസ് ഏര്‍പ്പെടുത്തിയ ഡോക്ടറും ആയിരുന്നു. മറ്റു മത്സരാര്‍ഥികള്‍ കാണാത്ത തന്‍റെ ഒരു മുഖം എന്ന ആമുഖത്തോടെയാണ് ഡിംപല്‍ ആക്ട് ആരംഭിച്ചത്. കാന്‍സര്‍ സര്‍വൈവര്‍ ആണെന്ന വിവരം ഇവിടെ എത്തിയപ്പോള്‍ത്തന്നെ ഡിംപല്‍ അറിയിച്ചിട്ടുള്ള വസ്തുതയാണ്. എന്നാല്‍ ബിഗ് ബോസിലെ ദിവസങ്ങള്‍ക്കിടെ താന്‍ നേരിടുന്ന വേദനയുടെ ആഴമാണ് ഈ മോണോ ആക്ടിലൂടെ അവര്‍ അവതരിപ്പിച്ചത്. താനായി അഭിനയിക്കുമ്പോള്‍ ശരിക്കും വിതുമ്പുന്ന രീതിയിലായിരുന്നു അവരുടെ പ്രകടനം. ഈ മോണോ ആക്ടിനു ശേഷം സാരി എളുപ്പത്തില്‍ ധരിക്കാനുള്ള ഒരു വഴിയാണ് ഡിംപല്‍ വേദിയില്‍ അവതരിപ്പിച്ചത്. പിന്നീട് മോഡലിംഗ് റാംപിലെ ചുവടുകളോടെ ഒരു നൃത്തവും അവതരിപ്പിച്ചു.

 

ഡിംപലിന്‍റെ പ്രകടനത്തെ മിക്ക മത്സരാര്‍ഥികളും പ്രശംസിച്ചപ്പോള്‍ സായ് വിഷ്‍ണുവും ഫിറോസ് ഖാനുമാണ് വിമര്‍ശനാത്മകമായി സംസാരിച്ചത്. പ്രേക്ഷകര്‍ക്കോ മറ്റു മത്സരാര്‍ഥികള്‍ക്കോ അറിയില്ലായിരുന്ന, ഡിംപല്‍ നേരിടുന്ന വേദനയുടെ കാര്യം ഇവിടെ അവതരിപ്പിക്കേണ്ടിയിരുന്നില്ലെന്നാണ് തന്‍റെ അഭിപ്രായമെന്ന് ഫിറോസ് ഖാന്‍ പറഞ്ഞു. ഇനിയൊരിക്കല്‍ ഡിംപലുമായി മത്സരിക്കേണ്ടിവരുമ്പോള്‍ താനടക്കമുള്ളവരുടെ മനസിലേക്ക് ആ വേദനയുടെ കാര്യം എത്തുമെന്ന് ഫിറോസ് പറഞ്ഞു. എന്നാല്‍ ഡിംപലിന് 20 പോയിന്‍റുകള്‍ നല്‍കാന്‍ ഫിറോസ് മറന്നില്ല. സായ് ഡിംപലിന് 30 പോയിന്‍റുകളും നല്‍കി. മറ്റു മത്സരാര്‍ഥികള്‍ തന്‍റെ പ്രകടനത്തെക്കുറിച്ച് സംസാരിച്ചുകഴിയുമ്പോഴേക്ക് ഒരുവേള ഡിംപല്‍ വിതുമ്പിപ്പോയി. എന്നാല്‍ വേഗംതന്നെ സമനില വീണ്ടെടുത്ത് തിരിച്ചെത്തുകയും ചെയ്‍തു.