ബിഗ് ബോസ് മലയാളം ആദ്യ സീസൺ വിജയി സാബുമോൻ അബ്ദുസമദ് ചലഞ്ചറായി ഹൗസിലെത്തി. മത്സരാർത്ഥികളെ റോസ്റ്റ് ചെയ്ത ശേഷം, അനീഷിന്‍റെ നാടകീയമായ പ്രതികരണത്തെ സാബുമോൻ ചോദ്യം ചെയ്‍തു

മലയാളം ബിഗ് ബോസിന്‍റെ ചരിത്രത്തില്‍ത്തന്നെ ഏറ്റവും ഫാന്‍ ഫോളോവിംഗ് സൃഷ്ടിച്ചിട്ടുള്ള മത്സരാര്‍ഥികളില്‍ ഒരാളാണ് ആദ്യ സീസണ്‍ വിജയി ആയിരുന്ന സാബുമോന്‍ അബ്ദുസമദ്. സാബു തന്നെ പറയുന്നത് പോലെ ബിഗ് ബോസ് വിന്നര്‍ ആയ സാബുമോനെ ഹൗസിന് പുറത്തേക്ക് കൊണ്ടുപോയില്ല അദ്ദേഹം. മറിച്ച് അഭിനയവും ടെലിവിഷന്‍ പരിപാടികളുമൊക്കെയായി ജീവിതത്തില്‍ മറ്റ് രീതിയില്‍ സജീവമാവുകയും ചെയ്തു അദ്ദേഹം. ചലഞ്ചര്‍ ആയി എത്തിയ സാബുമോന്‍റെ ഒരു ദിവസം നന്നായി ഉപയോഗിക്കത്തക്ക രീതിയിലാണ് ബിഗ് ബോസ് പ്ലാനിംഗ് നടത്തിയത്. ഒരു മോണിംഗ് ആക്റ്റിവിറ്റിയും ഒരു ടാസ്കുമാണ് സാബുവിന് ഇന്ന് പ്രധാനമായും ചെയ്യാനുണ്ടായിരുന്നത്.

മത്സരാര്‍ഥികളെ റോസ്റ്റ് ചെയ്യുക എന്നതായിരുന്നു സാബുമോന് ബിഗ് ബോസ് നല്‍കിയ ഒരു ടാസ്ക്. സാബു അത് ചെയ്തെങ്കിലും മൂര്‍ച്ച കുറവായിരുന്നു. മത്സരാര്‍ഥികളെ വിഷമിപ്പിക്കാതിരിക്കാനാണ് താന്‍ കാര്യമായ റോസ്റ്റിംഗ് നടത്താതിരുന്നതെന്ന് സാബുമോന്‍ പിന്നീട് ബിഗ് ബോസിനോട് പറയുകയും ചെയ്തു. സാബുവിന്‍റെ റോസ്റ്റിംഗിനോട് പ്രതികരിക്കാനുള്ള അവസരവും മത്സരാര്‍ഥികള്‍ക്ക് ബിഗ് ബോസ് നല്‍കിയിരുന്നു. ഏറ്റവുമൊടുവില്‍ പ്രതികരിച്ചത് അനീഷ് ആയിരുന്നു. അനീഷിന്‍റെ മറുപടിയില്‍ തനിക്ക് തോന്നിയ പ്രശ്നം സാബുമോന്‍ പിന്നാലെ ചൂണ്ടിക്കാട്ടുകയും ചെയ്തു. അനീഷിനെ മാത്രമായി വിളിച്ച് നിര്‍ത്തിയായിരുന്നു പ്രതികരണം.

“എടാ അനീഷേ നീ ഇങ്ങനെയൊക്കെ വേറെ ഇതില്‍ കൊണ്ടുപോവരുതെടാ. അനീഷ് ഇവിടെയിരുന്ന് ഞാന്‍ പറഞ്ഞതിന് എതിരെ പറയുമ്പോള്‍ ഈ നെഞ്ചിലേക്ക് വെടിയുണ്ട എന്നൊക്കെ പറയുമ്പോള്‍ അത് വളരെ നാടകീയമാണ്. മനസിലായോ. എല്ലായിടത്തും ഒരു ആക്റ്റ് പ്രസന്‍റ് ചെയ്യരുത്. ഞാന്‍ ജസ്റ്റ് പറഞ്ഞുതരികയാണ്. ചില ആളുകള്‍ക്ക് കൈ ചൂണ്ടിയൊക്കെ സംസാരിച്ചാല്‍ ഭയങ്കര ഇറിറ്റേഷന്‍ തോന്നും. എനിക്ക് അങ്ങനെയൊന്നും വരില്ല. അങ്ങനെയുള്ള ഒരു ആക്റ്റ് ഇതില്‍ കയറ്റണ്ട. ഞാന്‍ പറഞ്ഞതിനുള്ള മറുപടി പറഞ്ഞാല്‍ മതി. ഡ്രമാറ്റിക് ആയി കൊണ്ടുവരേണ്ട. നമ്മള്‍ സാധാരണ പറയുന്നതുപോലെ ഇരുന്ന് സംസാരിച്ചാല്‍ അതിന് വേറൊരു ബ്യൂട്ടിയാണ്. ഇതിന് വേറൊരു ആര്‍ട്ടിഫിഷ്യാലിറ്റി ഫീല്‍ ചെയ്യും. അത് മനസില്‍ വച്ചേക്കണം”, സാബുമോന്‍ പറഞ്ഞു. ഇതിന് ഒറ്റ വാക്യത്തിലായിരുന്നു അനീഷിന്‍റെ പ്രതികരണം. “ഞാന്‍ ഇങ്ങനെയാണ്. അതാണ്”, അനീഷ് പറഞ്ഞു.

Asianet News Live | Malayalam News Live | Kerala News Live | Breaking News Live | ഏഷ്യാനെറ്റ് ന്യൂസ്