സെറീനയ്ക്ക് ബിഗ് ബോസ് നല്‍കിയ മോണിംഗ് ആക്റ്റിവിറ്റിയില്‍ നിന്നാണ് ചര്‍ച്ചകളുടെ തുടക്കം

ബിഗ് ബോസ് മലയാളം സീസണ്‍ 5 ല്‍ ചൂടേറിയ ചര്‍ച്ചകള്‍ക്ക് വഴിവച്ച് ഒരു വാക്ക്. ഇംഗ്ലീഷില്‍ ഇന്‍ഫീരിയോറിറ്റി കോംപ്ലക്സിന് തതുല്യമായ മലയാള പദം അപകര്‍ഷതാ ബോധത്തില്‍ ഊന്നിയ ചൂടേറിയ വാദപ്രതിവാദങ്ങള്‍ക്കാണ് ബിഗ് ബോസ് വീട് ഇന്നലെ സാക്ഷ്യം വഹിച്ചത്. സെറീനയ്ക്ക് ബിഗ് ബോസ് ഇന്നലെ നല്‍കിയ മോണിംഗ് ആക്റ്റിവിറ്റിയില്‍ നിന്നാണ് ചര്‍ച്ചകളുടെ തുടക്കം. 

മോഡലിംഗ് രംഗത്ത് ശോഭിച്ച സെറീനയോട് ആത്മവിശ്വാസം കുറവെന്ന് തോന്നുന്ന അഞ്ച് മത്സരാര്‍ഥികളെ വിളിച്ച് വേണ്ട നിര്‍ദേശങ്ങള്‍ നല്‍കാനാണ് ബിഗ് ബോസ് ആവശ്യപ്പെട്ടത്. ഇത് പ്രകാരം സെറീന ആദ്യം വിളിച്ചത് കോമണര്‍ മത്സരാര്‍ഥി ഗോപികയെ ആയിരുന്നു. ബിഗ് ബോസില്‍ ഗോപികയുടെ പ്രകടനം വിലയിരുത്തവെ അവര്‍ കോണ്‍ഷ്യസ് ആണെന്ന് സെറീന പറഞ്ഞു. കോണ്‍ഷ്യസ് എന്ന ഇംഗ്ലീഷ് വാക്കിനെ സംശയിച്ച് സംശയിച്ച് സെറീന മലയാളീകരിച്ചത് അവകര്‍ഷണബോധം എന്നായിരുന്നു. അപകര്‍ഷതാബോധം എന്നാണ് സെറീന മലയാളത്തില്‍‌ പറയാന്‍ ഉദ്ദേശിച്ചതെങ്കിലും അതിന്‍റെ അര്‍ഥം ഇന്‍റഫീരിയോറിറ്റി കോംപ്ലക്സ് ആണെന്ന് ചിലര്‍ പറഞ്ഞപ്പോള്‍ താന്‍ ഉദ്ദേശിച്ചത് അതല്ലെന്നും കോണ്‍ഷ്യസ് എന്നതിന്‍റെ മലയാളമാണെന്നും സെറീന വിശദീകരിച്ചു.

എന്നാല്‍ അവകര്‍ഷണബോധമെന്ന് സെറീന തെറ്റായി പറഞ്ഞ അപകര്‍ഷതാബോധത്തില്‍ ഊന്നി വന്‍ വിമര്‍ശനമാണ് ഗോപിക ഉയര്‍ത്താന്‍ ശ്രമിച്ചത്. താന്‍ ഉദ്ദേശിച്ചത് കോണ്‍ഷ്യസ് എന്ന ഇംഗ്ലീഷ് വാക്കിന്‍റെ മലയാളമാണെന്നും അപകര്‍ഷണം എന്ന് തെറ്റായി പറഞ്ഞതാണെന്നും സെറീന വിശദീകരിക്കാന്‍ ശ്രമിച്ചെങ്കിലും ഗോപിക അത് ചെവിക്കൊണ്ടില്ല. അപകര്‍ഷതാബോധത്തിന്‍റെ അര്‍ഥം പലപ്പോഴും വിശദീകരിക്കാന്‍ ശ്രമിച്ചത് ശരിയായി ആണെങ്കിലും അവകര്‍ഷണബോധമെന്നാണ് ഗോപിക എല്ലായ്പ്പോഴും ഉച്ചരിച്ചത്. അതിന് വലിയ അര്‍ഥങ്ങളാണ് ഉള്ളതെന്നും വാക്കുകള്‍ അര്‍ഥം മനസിലാക്കി ഉച്ചരിക്കണമെന്നും ഗോപിക പറയുന്നുണ്ടായിരുന്നു. മത്സരാര്‍ഥികളില്‍ പലരും ഈ ചര്‍ച്ചയില്‍ കൂടിച്ചേരവെ അപകര്‍ഷതാബോധത്തെ അവകര്‍ഷണബോധം എന്നു തന്നെയാണ് ഉച്ചരിച്ചത്. അഖില്‍ മാരാരും ഷിജുവും ഉള്‍പ്പെടെ ചിലര്‍ മാത്രമാണ് അപകര്‍ഷതാബോധം എന്ന് വാക്ക് ശരിയായി ഉച്ചരിച്ചത്. 

എന്താണ് ആ വാക്കിന്‍റെ അര്‍ഥമെന്ന് ചര്‍ച്ചയ്ക്കിടെ അഖില്‍ മാരാര്‍ ഗോപികയോട് ചോദിക്കുന്നുണ്ടായിരുന്നു. എന്തായിരിക്കും അതിന്‍റെ അര്‍ഥം എന്നായിരുന്നു ഗോപികയുടെ മറുപടി. അതേസമയം ബിഗ് ബോസ് ഗ്രൂപ്പുകളില്‍ ഈ പ്രയോഗം ട്രോള്‍ ആയിട്ടുണ്ട്. എന്നാല്‍ ബിഗ് ബോസ് വീട്ടിലും പുറത്തും ഗോപികയെ പരിസഹിക്കുന്നവര്‍ ബോധപൂര്‍‌വ്വമോ അബോധപൂര്‍വ്വമോ ആയി അത് നടത്തുന്നത് ഒരേ കാരണത്താലാണെന്നാണ് ഈ ട്രോളുകളില്‍ വിമര്‍ശനവുമായി എത്തുന്നവരുടെ പ്രതികരണം. ഏതായാലും രണ്ടാം വാരം അവസാനിക്കാനിരിക്കെ ശബ്ദമുഖരിതമാണ് ബിഗ് ബോസ് വീട്.

ALSO READ : 'രോമാഞ്ചം' മാത്രമല്ല; ഒടിടിയില്‍ എത്തിയ പുതിയ മലയാള സിനിമകള്‍