ബിഗ്ഗ്‌ബോസ് മലയാളം അഗ്നിപരീക്ഷയിൽ ആദ്യമായി നടന്ന ഓപ്പൺ നോമിനേഷനിൽ ഏറ്റവും കൂടുതൽ വോട്ട് ലഭിച്ചവർ റോസ്റ്റിംഗ് ചെയറിൽ

ബിഗ്ഗ്‌ബോസ് മലയാളം അഗ്നിപരീക്ഷ അവസാനിക്കാൻ വിരലിൽ എണ്ണാവുന്ന ദിവസങ്ങൾ മാത്രമേ ഇനി ബാക്കിയുള്ളൂ. ഓരോ മത്സരാർത്ഥികളും ഇഞ്ചോടിഞ്ച് പോരാട്ടമാണ് നിലവില്‍ കാഴ്ച വെക്കുന്നത്. കഴിഞ്ഞ എപ്പിസോഡിൽ ആദ്യമായി ഒരു ഓപ്പൺ നോമിനേഷൻ നടന്നിരിക്കുകയാണ്. അതായത് ബിഗ് ബോസ് ഹൗസിനകത്തേക്ക് കയറ്റിവിടാൻ താൽപ്പര്യമില്ലാത്ത രണ്ടുപേരെ ഓരോ മത്സരാർത്ഥിയും തെരഞ്ഞെടുക്കണം എന്നതായിരുന്നു ചെയ്യേണ്ടത്. അത് എന്തുകൊണ്ടെന്നും കൂടി വ്യക്തമാക്കി അവരുടെ മുഖം പതിച്ച പേപ്പർ കീറിയോ ചുരുട്ടിയോ വലിച്ചെറിയണം. വളരെ ത്രില്ലിംഗ് ആയൊരു നോമിനേഷനാണ് നടന്നത്.

ആദ്യമെത്തിയത് ശ്യാം ആയിരുന്നു. എൽദോ, ഷാമോൻ എന്നിവരെയാണ് ശ്യാം നോമിനേറ്റ് ചെയ്തത്. ഷിബിന ലോലീറ്റ, ശ്യാം എന്നിവരെ നോമിനേറ്റ് ചെയ്തപ്പോൾ ഷാമോൻ ശ്യാം, സോന എന്നിവരെയാണ് നോമിനേറ്റ് ചെയ്തത്. പിന്നീടെത്തിയ അഫിയാനസ് ഷിജുലാൽ, രാകേഷ് എന്നിവരെ നോമിനേറ്റ് ചെയ്തപ്പോൾ ലോലീറ്റ വന്ന് ഷിജുലാൽ, ഷിജിൻ എന്നിവരെ ഹൗസിലേക്ക് വിടാൻ താൽപ്പര്യമില്ലെന്ന് പറയുകയുണ്ടായി. ശേഷം രാകേഷ് എത്തി ഷിജുലാൽ, ലോലീറ്റ എന്നിവരെ നോമിനേറ്റ് ചെയ്തു, ഷിജുലാൽ ആവട്ടെ രാകേഷ്, അഫിയാനസ് എന്നിവരെയാണ് നോമിനേറ്റ് ചെയ്തത്. ഷിജിൻ താഷി, ഷാമോൻ എന്നിവരെ നോമിനേറ്റ് ചെയ്തപ്പോൾ സോന രാകേഷ്, ഷിജിൻ എന്നിവരെയും താഷി ഷിജുലാൽ, ലോലീറ്റ എന്നിവരെയും നോമിനേറ്റ് ചെയ്തു. അവസാനമെത്തിയ എൽദോ സോന, ശ്യാം എന്നിവരെയാണ് നോമിനേറ്റ് ചെയ്തത്.

കൂട്ടത്തിൽ ഏറ്റവും കൂടുതൽ മത്സരാർത്ഥികൾ നോമിനേറ്റ് ചെയ്ത നാലുപേരെ കാത്തിരുന്നത് റോസ്റ്റിംഗ് ചെയർ ആയിരുന്നു. അത്തരത്തിൽ ശ്യാം, ലോലീറ്റ, രാകേഷ്, ഷിജുലാൽ എന്നിവരാണ് റോസ്റ്റിംഗ് ചെയറിലേയ്ക്ക് തെരഞ്ഞെടുക്കപ്പെട്ടത്. ഓരോ മത്സരാർത്ഥിയും റോസ്റ്റിംഗ് ചെയറിൽ വന്നിരുന്നാൽ ജഡ്ജസ് അവർക്ക് പറയാനുള്ളത് പറയും. പെർഫോമൻസ് അടിസ്ഥാനമാക്കിയോ വ്യക്തിപരമായോ നിലപാടിന്റെ കാര്യത്തിലോ എല്ലാം ജഡ്ജസ് നാലുപേരെയും രൂക്ഷമായി വിമർശിച്ചു. ശ്യാമിന് നിലപാടില്ലാത്തതിന്റെ പേരിലാണ് റോസ്റ്റിംഗ് കിട്ടിയതെങ്കിൽ ലോലീറ്റയ്ക്ക് ക്യൂട്ടിനെസ്സ് വാരിവിതറുന്ന കാര്യത്തിലാണ് റോസ്റ്റിംഗ് കിട്ടിയത്. സാധാരണക്കാരാണെന്ന ലേബലിൽ പ്രേക്ഷകരെ മണ്ടന്മാരാക്കി ഗെയിം കളിക്കരുതെന്ന് രാകേഷിന് വാണിംഗ് കിട്ടിയപ്പോൾ മറ്റ് മത്സരാർത്ഥികളുടെ ടാർഗെറ്റിൽ വീണുപോകരുതെന്നാണ് ഷിജുലാലിനെ ജഡ്ജസ് ഓർമിപ്പിച്ചത്. നാലുപേരെയും ജഡ്ജസ് നല്ലരീതിയിൽ പൊരിച്ചെടുത്തു എന്നുവേണം പറയാൻ. എന്തായാലും ജഡ്ജസിന്റെ റോസ്റ്റിംഗ് നാലുപേർക്കും നന്നായി കൊണ്ടിട്ടുണ്ട്. ഈ നാലുപേരും തന്നെയാണോ ഇനി അഗ്നിപരീക്ഷയിൽ നിന്നും പുറത്താവുക എന്നും പ്രേക്ഷകർക്കിടയിൽ ചർച്ചയുണ്ട്. ആരെല്ലാമാണ് ബിഗ് ബോസ് ഹൗസിനകത്തേയ്ക്ക് കയറുക എന്നറിയാൻ കട്ട കാത്തിരിപ്പിലാണ് പ്രേക്ഷകരും.

Asianet News Live | Malayalam Live News | Kerala News Updates| Breaking News |HD Live 24x7 Streaming