സീസണ്‍ 7 ആദ്യ വാരം അവസാനിക്കാന്‍ പോവുകയാണ്
ബിഗ്ബോസ് മലയാളം സീസൺ 6 ലെ മൽസരാർത്ഥികളിൽ ഒരാളായ സിബിൻ മുൻപോട്ടു വെച്ച ആരോപണങ്ങളിൽ പ്രതികരിച്ച് മുൻ സീസണിലെ വീക്കെന്റ് ഡയറക്ടർ ഹാഫിസ്. സിബിനെ ഭ്രാന്തനാക്കി, മരുന്ന് കൊടുത്തു തുടങ്ങിയ ആരോപണങ്ങളോടാണ് ഹാഫിസ് പ്രതികരിച്ചത്. വൺ ടു ടോക്സ് എന്ന ഓൺലൈൻ ചാനലിനോട് സംസാരിക്കുകയായിരുന്നു താരം. സിബിൻ ഒരു നല്ല മൽസരാർത്ഥി തന്നെയായിരുന്നെന്നും ഹാഫിസ് പറയുന്നു.
''റിയാലിറ്റി ടീമിന്റെ എപ്പിസോഡുകൾ കണ്ടതിന് ശേഷമാണ് വീക്കെൻഡ് എപ്പിസോഡ് ഷൂട്ട് ചെയ്യുന്നത്. ശനിയാഴ്ച വൈകുന്നേരമാണ് എന്റെ ഷൂട്ട് കഴിയുക. ഞായറാഴ്ച എഡിറ്റിംഗ് ഉണ്ടാവും. അത് കഴിഞ്ഞ് ഞായറാഴ്ച ഞാൻ ഇറങ്ങാൻ നിൽക്കുമ്പോൾ സിബിൻ ഒരു മൂലയ്ക്ക് ഇരിക്കുന്നതാണ് കണ്ടത്. എന്താണിങ്ങനെ എന്ന് ഞാൻ വിചാരിച്ചിരുന്നു. ബുധനാഴ്ചയാണ് സിബിൻ പോകുന്നത്, അത് കഴിഞ്ഞ് വ്യാഴാഴ്ചയാണ് ഞാൻ അവിടെ എത്തുന്നത്. അപ്പോഴേക്കും സിബിന്റെ അഭിമുഖമൊക്കെ വന്നിരുന്നു. സിബിൻ പോകണം എന്നാവശ്യപ്പെട്ടതുകൊണ്ട് പോയി എന്നാണ് ഞാനറിഞ്ഞത്.
സിബിൻ അവിടെവെച്ചു തന്നെ സൈക്യാട്രിസ്റ്റിനെ കണ്ടുവെന്നാണ് ഞാനറിഞ്ഞത്. ആ സൈക്യാട്രിസ്റ്റ് വർഷങ്ങളായി ആ ഷോയുടെ ഭാഗമായി ഇരിക്കുന്ന ആളാണ്. മെഡിസിൻ കൊടുത്തോ എന്ന് എനിക്ക് അറിയില്ല. പക്ഷേ, മരുന്ന് മാറിക്കൊടുക്കാനൊന്നും പറ്റില്ല. ഈ കൊടുക്കുന്ന മരുന്നുകളുടെ രേഖകളൊക്കെ അവരുടെ കൈയ്യിൽ കാണുമല്ലോ. തട്ടിപ്പ് കാണിച്ചാൽ കേസ് കൊടുക്കാമല്ലോ. വീഡിയോ റെക്കോര്‍ഡിംഗ് അടക്കം അവരുടെ കൈയിൽ കാണും. എന്നാൽ ആരോപണം ഉന്നയിച്ചവർ ആരും തന്നെ ഒരു തെളിവും സമർപ്പിച്ചിട്ടില്ല. ഈ വിവാദങ്ങൾക്ക് ഞാൻ ഉത്തരവാദിയല്ല, വിവാദം ഉണ്ടായപ്പോഴും ഞാൻ അവിടെ തുടർന്നല്ലോ. കുറ്റക്കാരൻ ആണെങ്കിൽ എന്നെ പുറത്താക്കുമായിരുന്നല്ലോ. എന്‍ഡെമോള്‍ ഷൈന്‍ കൃത്യമായി നടപടിയെടുക്കുന്നവരാണ്.
ഉള്ളടക്കം സംബന്ധിച്ച കാര്യങ്ങളിൽ ഒറ്റയ്ക്ക് തീരുമാനം എടുക്കാൻ എനിക്ക് സാധിക്കില്ല. ഒരു ചാനൽ ഹെഡ് ഉണ്ടാകും, കോണ്ടെന്റ് ഹെഡ് കാണും, പ്രൊജക്ട് ഹെഡ്, റിയാലിറ്റി ഹെഡ് ഇങ്ങനെയുള്ള ആളുകളെല്ലാം ഇരുന്ന് സംസാരിച്ചാണ് ഓരോ കാര്യത്തിലും തീരുമാനം എടുക്കുന്നത്. എല്ലാ എപ്പിസോഡും കണ്ടിട്ടാണ് ലാൽ സാറും വരുന്നത്. റിയാലിറ്റിയിൽ തന്നെയാണ് ഷോ ഷൂട്ട് ചെയ്യുന്നത്. അവിടെ പോയിന്റേഴ്സ് ഉണ്ട്, പക്ഷേ, സ്ക്രിപ്റ്റഡ് അല്ല'', ഹാഫിസ് അഭിമുഖത്തിൽ പറഞ്ഞു.

