സഹമത്സരാര്‍ഥികള്‍ ഞെട്ടിയെങ്കിലും സമചിത്തതയോടെയായിരുന്നു എവിക്ഷനിലുള്ള ജിസൈലിന്‍റെ പ്രതികരണം

ബിഗ് ബോസ് മലയാളം സീസണ്‍ 7 ഏറ്റവുമധികം പ്രേക്ഷകരെ ഞെട്ടിച്ചത് എവിക്ഷന്‍റെ കാര്യത്തില്‍ ആയിരിക്കും. മുന്‍ സീസണുകളിലൊക്കെ പ്രേക്ഷകരെ സര്‍പ്രൈസ് ചെയ്യിക്കുന്ന എവിക്ഷനുകള്‍ ഉണ്ടായിട്ടുണ്ടെങ്കിലും അത്തരത്തിലുള്ള നിരവധി എവിക്ഷനുകള്‍ നടന്ന മറ്റൊരു സീസണ്‍ ഈ സീസണ്‍ പോലെ ഉണ്ടാവില്ല. ഏറ്റവുമൊടുവില്‍ ഇന്ന് നടന്ന എവിക്ഷനും അത്തരത്തിലുള്ള ഒന്നായിരുന്നു. മത്സരാര്‍ഥികള്‍ ഇത്രയും ഞെട്ടിപ്പോയ മറ്റൊരു എവിക്ഷനും ഒരുപക്ഷേ ഈ സീസണില്‍ ഉണ്ടാവില്ല. ഫൈനല്‍ 5 ല്‍ ഉറപ്പായും ഇടംപിടിക്കുമെന്ന് മത്സരാര്‍ഥികളില്‍ പലരും പലപ്പോഴായി പറ‍ഞ്ഞിട്ടുള്ള ജിസൈല്‍ തക്രാള്‍ ആണ് ഇന്ന് പ്രേക്ഷകവിധി പ്രകാരം പുറത്തായത്. ഏറെ നാടകീയമായി ബി​ഗ് ബോസ് നടത്തിയ എവിക്ഷന്‍ പ്രോസസില്‍ സഹമത്സരാര്‍ഥികള്‍ ഞെട്ടിയെങ്കിലും ജിസൈലിന് വലിയ കുലുക്കമൊന്നും ഉണ്ടായിരുന്നില്ല. ഇന്നത്തെ എവിക്ഷന്‍ പ്രതീക്ഷിച്ചിരുന്നോ എന്ന മോഹന്‍ലാലിന്‍റെ ചോദ്യത്തിന് പ്രതീക്ഷിച്ചിരുന്നു എന്നായിരുന്നു ജിസൈലിന്‍റെ മറുപടി. അതിനുള്ള കാരണവും അവര്‍ പറഞ്ഞു.

പ്രതീക്ഷിച്ചിരുന്നു, ഇന്ന് ഒരു തോന്നല്‍ ഉണ്ടായിരുന്നു. കഴിഞ്ഞ ഏതാനും ആഴ്ചകളായി ടാസ്കുകള്‍ നന്നായി ചെയ്യാന്‍ പറ്റുന്നുണ്ടായിരുന്നില്ല, അങ്ങനെ പ്രതീക്ഷിക്കാനുള്ള കാരണത്തെക്കുറിച്ച് ജിസൈല്‍ പറഞ്ഞു. ഞാന്‍ എന്‍റെ ബെസ്റ്റ് ചെയ്തു. ചില സമയത്ത് നമ്മുടെ ഇമോഷന്‍സ്, നമ്മുടെ കണ്‍ട്രോളില്‍ അല്ല. അപ്പോള്‍ ഫോക്കസ് നഷ്ടപ്പെടും. ഒട്ടും ഈസി അല്ല ബി​ഗ് ബോസ്. ഏഴിന്‍റെ പണി അത്രയും കഠിനമായിരുന്നു. ഭയപ്പെടുത്തുന്ന ഒന്നായിരുന്നു. അതേസമയം ബി​ഗ് ബോസ് തന്നിലുണ്ടാക്കിയ പോസിറ്റീവ് ആയ മാറ്റങ്ങളെക്കുറിച്ചും ജിസൈല്‍ പറഞ്ഞു. എനിക്ക് ഒരു ഗംഭീര അനുഭവമായിരുന്നു ബി​ഗ് ബോസ്. 60 ദിവസം സര്‍വൈവ് ചെയ്യുമെന്ന് ഞാന്‍ ഓര്‍ത്തില്ല. പക്ഷേ ചെയ്തു. കുറേ ബുദ്ധിമുട്ട് ഉണ്ടായിരുന്നു. എനിക്ക് നല്ല സുഹൃത്തുക്കളെ കിട്ടി. ജീവിതശൈലിയും ആഹാരരീതിയും മാറി. ആഹാരത്തിന് കൂടുതല്‍ മൂല്യം വന്നു. വസ്ത്രങ്ങളോടുള്ള സമീപനം മാറി. അതിലൊക്കെ ഒരു ഈസി പേഴ്സണ്‍ ആയി മാറി ഇപ്പോള്‍. ആഹാരം ഉണ്ടാക്കാന്‍ പഠിച്ചു. കുറേ കാര്യങ്ങള്‍ പഠിച്ചു. കുറേ പണികള്‍ പഠിച്ചു. ബാത്ത്റൂം കഴുകി നല്ലതുപോലെ. അതിലൊന്നും അറപ്പില്ല ഇപ്പോള്‍, ജിസൈല്‍ പറഞ്ഞു.

മോഹന്‍ലാലിനൊപ്പം വേദിയില്‍ നിന്നുകൊണ്ടാണ് ജിസൈല്‍ 62 ദിനങ്ങള്‍ തന്നോടൊപ്പം വസിച്ചവരോട് യാത്ര പറഞ്ഞത്.

Asianet News Live | Malayalam News Live | Kerala News | Breaking News Live | ഏഷ്യാനെറ്റ് ന്യൂസ്