ഇവിടത്തെ പുരുഷൻമാർ ചെയ്യുന്ന ചില കാര്യങ്ങളോർത്ത് കുറച്ച് നാണക്കേട് തോന്നാറുണ്ടെന്നും റിയാസ് സലിം.
ബിഗ് ബോസ് മലയാളം സീസൺ 5 ലൂടെ നിരവധി പ്രശംസയും ഒപ്പം വിമർശനങ്ങളും ഏറ്റുവാങ്ങിയ താരമാണ് റിയാസ് സലീം. എൽജിബിടിക്യു പ്ലസ് കമ്യൂണിറ്റിയുടെ അവകാശങ്ങൾക്ക് വേണ്ടി നിരന്തരം സംസാരിക്കുന്ന വ്യക്തി കൂടിയാണ് റിയാസ്. ബിഗ്ബോസിനകത്തും പുറത്തും റിയാസിന്റെ പല നിലപാടുകളും ശ്രദ്ധിക്കപ്പെട്ടിട്ടുണ്ട്. മേക്കപ്പ് ധരിക്കുന്നതിന്റെ പേരിലും നിലപാടുകൾ തുറന്നു പറയുന്നതിന്റെ പേരിലുമെല്ലാം റിയാസ് വിമർശിക്കപ്പെടാറുണ്ട്. ഇതേക്കുറിച്ചെല്ലാം തുറന്നു സംസാരിക്കുകയാണ് താരം.
''ഞാൻ പുരുഷനായാണ് എന്നെ സ്വയം ഐഡന്റിറ്റിഫൈ ചെയ്യുന്നത്. ഇവിടത്തെ പുരുഷൻമാർ ചെയ്യുന്ന ചില കാര്യങ്ങളോർത്ത് കുറച്ച് നാണക്കേട് തോന്നാറുണ്ടെന്നു മാത്രം. പുരുഷനായിരിക്കുന്നത് എനിക്കിഷ്ടമാണ്. പക്ഷേ, നിങ്ങളുടെ സ്റ്റീരിയോടൈപ്പുകൾ അനുസരിച്ച് ജീവിക്കാൻ ഞാൻ തയ്യാറല്ല. എനിക്കതിന്റെ ആവശ്യം ഇല്ല. സെൽഫ് എക്സ്പ്രഷൻ എന്റെ ഫ്രീഡത്തിന്റെ ഭാഗമാണ്.
മേക്കപ്പും ക്ലോത്തിങ്ങുമൊക്കെ എനിക്ക് ഇഷ്ടമാണ്. പല നടൻമാരും മേക്കപ്പ് ചെയ്യുന്നവരാണ്. പക്ഷേ കുറച്ചേയുള്ളൂ. ഞാൻ കുറേക്കൂടി മേക്കപ്പ് ചെയ്യുന്നത് പലർക്കും ഉൾക്കാെള്ളാനാകുന്നില്ല. അത് എങ്ങനെ വേണമെന്ന് തീരുമാനിക്കുന്നത് ഞാനാണ്. നിങ്ങളുടെ അഭിപ്രായം പറഞ്ഞോളൂ. പക്ഷെ തന്നെ അത് ബാധിക്കില്ല'', ഒരു ഓൺലൈൻ മാധ്യമത്തിനു നൽകിയ അഭിമുഖത്തിൽ റിയാസ് സലീം പറഞ്ഞു.
റോഡരികിൽ നിൽക്കുന്ന ട്രാൻസ് വുമൺ മോശമാണെന്ന് പറയുന്നവർ ആദിലയും നൂറയും ക്യൂട്ട് ആണെന്ന് പറയുന്നത് ഇരട്ടത്താപ്പാണെന്നും റിയാസ് വ്യക്തമാക്കി. ''ആദിലക്കും നൂറക്കും ഇപ്പോൾ ലഭിക്കുന്ന ഈ സ്വീകാര്യത കാണുന്നതിൽ സന്തോഷമുണ്ട്. പക്ഷേ അത് ആ കമ്യൂണിറ്റിക്കു കിട്ടുന്ന സ്വീകാര്യതയല്ല. ആ രണ്ടു വ്യക്തികൾക്കു മാത്രം ലഭിക്കുന്നതാണ്.ആദിലയെയും നൂറയെയും നിങ്ങൾക്ക് അംഗീകരിക്കാൻ പറ്റുന്നുണ്ടെങ്കിൽ വേറെ ഒരു വഴിയും ഇല്ലാതെ റോഡ് സൈഡിൽ നിൽക്കുന്ന ട്രാൻസ് വുമണിനെയും നിങ്ങൾക്ക് അംഗീകരിക്കാൻ പറ്റണം'', റിയാസ് കൂട്ടിച്ചേർത്തു.


