ബിഗ് ബോസ് മലയാളം ഏഴാം സീസണിൽ ഭക്ഷണത്തിന്റെ പേരിൽ സഹമത്സരാർത്ഥികളുമായി തർക്കിച്ച് ജിഷിൻ. നോൺ-വെജ് പാകം ചെയ്ത പാത്രത്തിലാണ് തനിക്ക് ഭക്ഷണം തയ്യാറാക്കുന്നതെന്ന് ആരോപിച്ച ജിഷിന്‍, ഭക്ഷണം കഴിക്കാനും വിസമ്മതിച്ചു.
ബിഗ് ബോസ് മലയാളം സീസൺ ഏഴ്, നാല്പത്തി ഏഴാമത്തെ ദിവസം പൂർത്തിയാക്കുകയാണ്. ഇതിനകം സംഭവ ബഹുലമായ ഒട്ടനവധി സംഭവങ്ങളാണ് ഷോയിൽ ഇതിനകം അരങ്ങേറിയത്. അഞ്ച് വൈൽഡ് കാർഡുകാരും ഇതിനകം ഷോയിൽ എത്തി. ഇതിൽ പ്രവീൺ എവിക്ട് ആകുകയും ചെയ്തിരുന്നു. വൈൽഡ് കാർഡിൽ ഒരാളാണ് ജിഷിൻ. പ്രെഡിക്ഷൻ ലിസ്റ്റിലെല്ലാം മുന്നിലുണ്ടായിരുന്ന ജിഷിൻ ഷോയിൽ എത്തിയപ്പോൾ ഭേദപ്പെട്ട പ്രകടനങ്ങൾ തന്നെ കാഴ്ചവയ്ക്കുന്നുവെന്നാണ് പ്രേക്ഷകർ പറയുന്നത്.
ഇന്നിതാ ആഹാരത്തിന്റെ പേരിൽ ബിഗ് ബോസ് വീട്ടിൽ ക്ഷുഭിതനായിരിക്കുകയാണ് ജിഷിൻ. വെജിറ്റേറിയനാണ് ജിഷിൻ. ഇന്ന് ഉച്ചയ്ക്കുള്ള ആഹാരവുമായി ബന്ധപ്പെട്ട് അനുവുമായാണ് ആദ്യം ജിഷിൻ തർക്കമായത്. മീൻ വച്ച പാത്രത്തിലാണ് വെജിറ്റേറിയനായവർക്ക് ആഹാരം വയ്ക്കുന്നതെന്ന തരത്തിലും ജിഷിൻ ആരോപണം ഉന്നയിച്ചു. അങ്ങനെയല്ല പാചകം ചെയ്യുന്നതെന്ന് മറ്റുള്ളവർ പറയുന്നുണ്ടെങ്കിലും അത് അംഗീകരിക്കാൻ ജിഷിൻ തയ്യാറായില്ല.
'എനിക്ക് വിശ്വാസക്കുറവാണ്. തൃപ്തികരമല്ലാത്ത ഭക്ഷണം ഞാൻ കഴിക്കില്ല. എന്നെ പട്ടിണിക്ക് ഇടാൻ വേണ്ടിയല്ലേ ഇതെല്ലാം ചെയ്യുന്നത്. ഞാൻ പട്ടിണി കിടന്നോളാം. മീനക്കൊ മുറിച്ച കൈ കൊണ്ടല്ലേ ഉണ്ടാക്കിയത്. ഇതിന് ഒരു തീരുമാനം ഉണ്ടാക്കിയിട്ടെ ഞാൻ കഴിക്കൂ. ഇവന്റെയൊക്കെ എച്ചില് വാർത്താനം കേട്ട് വേസ്റ്റ് കഴിക്കാനല്ല ഞാൻ വന്നത്', എന്നെല്ലാം ജിഷിൻ ദേഷ്യത്തോടെ പറയുന്നുണ്ട്. ഒപ്പം ജിസേലും ഭഷണം കഴിക്കാന്‍ തയ്യാറായില്ല. ഒടുവിൽ ഈ വിഷയത്തിൽ ഒരു ചർച്ച നടക്കുകയും ഇനി നോൺ വെജ് ഉണ്ടാക്കുന്ന ദിവസം വെജിറ്റേറിയൻകാർ ഭക്ഷണം വയ്ക്കട്ടെ എന്ന തീരുമാനത്തിൽ എത്തുകയും ചെയ്തു. എല്ലാവർക്കും സ്നേഹത്തോടെ വെച്ചു വിളമ്പിയ ആളാണ് ഞാനെന്നും ജിഷിൻ പറയുന്നുണ്ട്.



