ഐശ്വര്യ തന്നെ ഉപയോഗിക്കുകയായിരുന്നുവെന്നും തന്‍റെ മനസിൽ പാറു മാത്രമേയുള്ളൂവെന്നും കൊമ്പൻ

ബിഗ് ബോസ് സീസൺ എട്ടിൽ ഒട്ടനവധി ആരാധകരുള്ള മത്സരാർഥിയാണ് കൊമ്പൻ. കൊമ്പന്റെ സംസാരവും പാട്ടുകളും പ്രകടനവും കോമഡിയുമൊക്കെ ആളുകൾക്ക് വളരെയിഷ്ടമാണ്. എന്നാൽ ഐശ്വര്യയുമായുള്ള കൂട്ടുകെട്ട് ഒരു ഘട്ടത്തിൽ കൊമ്പന്റെ ഫാൻസിനെ നിരാശപ്പെടുത്തിയിരുന്നു. ഐശ്വര്യയുടെ തന്ത്രങ്ങൾ തിരിച്ചറിഞ്ഞ് അതിൽ നിന്ന് മാറി ഷിജിനുമായി കൂട്ടുകൂടിയ ശേഷമാണ് വീണ്ടും കൊമ്പന്റെ ഗ്രാഫ് ഉയർന്നത്. ഇപ്പോൾ പുതിയതായി ഹൗസിലേക്ക് എത്തിയ നൗഫിന എന്ന വൈൽഡ് കാർഡുമായുള്ള കൊമ്പന്റെ സംഭാഷണവും അതിന് ശേഷമുള്ള കുമ്പസാരവുമാണ് സോഷ്യൽമീഡിയയിൽ വൈറലാവുന്നത്.

ഐശ്വര്യയുമായുള്ള കൂട്ടുകെട്ട് പുറത്തുള്ള ഗേള്‍ഫ്രണ്ട് എങ്ങനെയാവും എടുത്തിട്ടുണ്ടാവുക എന്ന് ചിന്തിച്ചിട്ടുണ്ടോ എന്ന് പുതിയ വൈല്‍ഡ് കാര്‍ഡ് എന്‍ട്രിയായ നൗഫിന കൊമ്പനോട് ചോദിച്ചിരുന്നു. എന്നാൽ കാമുകിയായ പാറുവിന് തന്നെ അറിയാമെന്നും ഹൗസിനകത്ത് താൻ പല ടൈപ് ഗെയിമുകൾ കളിക്കുമെന്ന് പറഞ്ഞ ശേഷമാണ് താൻ ഇങ്ങോട്ട് വന്നതെന്നും കൊമ്പൻ മറുപടി നൽകി. ഗെയിമും തന്ത്രങ്ങളുമെല്ലാം ശരി, പക്ഷേ ആ ഗെയിം സ്ട്രാറ്റജിയിൽ ഐശ്വര്യയുമായുള്ള അടുപ്പം ആ കുട്ടിയ്ക്ക് അംഗീകരിക്കാനാവുമോ എന്നാണ് നൗഫിന തിരിച്ച് ചോദിച്ചത്. അതോടെ കൊമ്പന് പുറത്തുള്ള കാര്യം ഏതാണ്ട് മനസ്സിലായ മട്ടാണ്. മുൻപ് നടന്ന ഒരു വീക്കെൻഡ് എപ്പിസോഡിൽ മോഹൻലാൽ കൊമ്പനുമായി ഇനി ചിലപ്പോൾ പ്രണയമുണ്ടാകുമോ എന്ന് ചോദിച്ചപ്പോൾ ഇപ്പോൾ ഇല്ല എന്നാൽ ഇനി ഉണ്ടായിക്കൂടാതില്ല എന്ന ഒഴുക്കൻ മറുപടിയാണ് ഐശ്വര്യ പറഞ്ഞതെന്നും അത് കേട്ടപ്പോൾ തനിക്ക് പേടിയായെന്നും കൊമ്പൻ നൗഫിനയോട് പറഞ്ഞു. ആ സമയത്ത് താൻ ഐശ്വര്യയോട് തനിയ്ക്ക് പുറത്ത് പ്രണയമുണ്ടെന്ന് പറഞ്ഞിരുന്നുവെന്നും അത് ഷിജിൻ ചേട്ടന് അറിയാമെന്നും കൊമ്പൻ കൂട്ടിച്ചേർത്തു. എന്നാല്‍ താന്‍ അത് അന്ന് പറഞ്ഞത് മൈക്ക് മാറ്റിവെച്ച ശേഷമാണെന്നും കൊമ്പന്‍ നൗഫിനയോട് പറഞ്ഞു.

പിന്നീട് ഗാര്‍ഡന്‍ ഏരിയയിലുള്ള ഒരു ക്യാമറയ്ക്ക് മുന്നിലിരുന്ന് ഗേള്‍ഫ്രണ്ടിനോടായി സംസാരിക്കുന്ന കൊമ്പനെയും പ്രേക്ഷകര്‍ കണ്ടു. 'പാറൂ... ഐശ്വര്യയുമായി എനിക്ക് നല്ല അടുപ്പമുണ്ട് , ഒരു നല്ല സുഹൃത്തായി മാത്രം . എന്നാൽ അവൾ എന്നെ യൂസ് ചെയ്യുകയായിരുന്നു എന്നറിഞ്ഞ നിമിഷം ഞാൻ മാറി നടന്നിട്ടുണ്ട് . എന്റെ ഗെയിം തന്ത്രങ്ങളിൽ നിനക്ക് ഒരുപക്ഷേ ഐശ്വര്യയുമായുള്ള അടുപ്പം അംഗീകരിക്കാൻ ആവില്ലെന്നറിയാം . എന്നാൽ എന്റെ മനസ്സിൽ എന്റെ കാമുകിയായി നീ മാത്രമേയുള്ളു... ഈ ഹൗസിനകത്തേയ്ക്ക് കയറുമ്പോൾ ഞാൻ നിനക്ക് തന്ന ഒരു വാക്കുണ്ട്. ഹൗസിനകത്ത് ഗെയിമിന് വേണ്ടി മാത്രമായിരിക്കും എന്റെ പെർഫോമൻസ് , പുറത്തിറങ്ങുന്ന നിമിഷം ഞാൻ നിന്റെ അപ്പുവായിരിക്കും... എന്റെ ഭാഗത്ത് നിന്നുള്ള എന്തെങ്കിലും പ്രവൃത്തികൾ നിന്നെ വേദനിപ്പിച്ചിട്ടുണ്ടെങ്കിൽ ക്ഷമിക്കണം...നിന്റെ പേര് ഒരു കണ്ടന്റായി വരേണ്ടെന്ന് കരുതിയാണ് ഞാൻ എന്റെ പ്രണയം ഓപ്പണായി പറയാതിരുന്നത് . എന്നാൽ ഷിജിൻ ചേട്ടനോടും ഐശ്വര്യയോടും ഞാൻ ഇക്കാര്യം പറഞ്ഞിട്ടുണ്ട് . ഞാൻ ചെയ്തതോ പറഞ്ഞതോ ആയ എന്തെങ്കിലും കാര്യം നിന്നെ വേദനിപ്പിച്ചിട്ടുണ്ടെങ്കിൽ സോറി ', കൊമ്പന്‍റെ വാക്കുകള്‍.

Asianet News Live | Malayalam Live News | Kerala News Updates| Breaking News| HD Live 24x7 Streaming