ബിഗ് ബോസ് മലയാളം സീസണ്‍ 8 ആറാം വാരത്തിലേക്ക് കടക്കുമ്പോൾ പുതിയ ലീഡറെ കണ്ടെത്താനുള്ള മത്സരം കൊമ്പനും വേദാംഗിയും തമ്മിൽ

ബിഗ് ബോസ് മലയാളം സീസണ്‍ 8 അതിന്‍റെ ആറാം വാരത്തിലേക്ക് കടന്നിരിക്കുകയാണ്. പുതിയ ആഴ്ച ഹൌസിനെ നയിക്കുന്ന ലീഡര്‍ ആരെന്ന് കണ്ടെത്താനുള്ള ടാസ്ക് ഇന്ന് നടക്കും. ഏഷ്യാനെറ്റ് പുറത്തുവിട്ടിരിക്കുന്ന പുതിയ പ്രൊമോ അനുസരിച്ച് ലീഡര്‍ഷിപ്പിന് വേണ്ടിയുള്ള അവസാന മത്സരം നടക്കുന്നത് കടല്‍ കൊമ്പനും വേദാംഗിയും തമ്മിലാണ്. വൈല്‍ഡ് കാര്‍ഡുകള്‍ എത്തിയ കഴിഞ്ഞ ആഴ്ച മത്സരമൊന്നുമില്ലാതെ അവരെ ലീഡര്‍മാര്‍ ആക്കി മാറ്റിയിരുന്നു ബിഗ് ബോസ്. നാല് വൈല്‍ഡ് കാര്‍ഡുകളെയും ഒരുമിച്ച് ലീഡര്‍മാര്‍ ആക്കുകയായിരുന്നു. അതില്‍ സുവര്‍ണ സ്വമേധയാ ഷോ ക്വിറ്റ് ചെയ്തിരുന്നു. അവശേഷിച്ച മൂന്ന് ലീഡര്‍മാരില്‍ ആരായിരുന്നു മികച്ചതെന്ന് ഞായറാഴ്ച എപ്പിസോഡില്‍ മോഹന്‍ലാല്‍ മറ്റ് മത്സരാര്‍ഥികളില്‍ നിന്ന് അഭിപ്രായം തേടിയിരുന്നു. കൂടുതല്‍ പേരും പറഞ്ഞത് വേദാംഗിയുടെ പേര് ആയിരുന്നു. അങ്ങനെ ലീഡര്‍ഷിപ്പ് നോമിനേഷനിലേക്ക് വേദാംഗി നേരിട്ട് എത്തിയിരുന്നു.

ഒരു ഫിസിക്കല്‍ ടാസ്ക് ആണ് ലീഡര്‍ഷിപ്പ് നേടാനായി ബിഗ് ബോസ് നല്‍കിയിരിക്കുന്നത്. അതില്‍ ആര് ജയിക്കുമെന്ന് അറിയാനുള്ള കാത്തിരിപ്പിലാണ് പ്രേക്ഷകരും അവരുടെ സഹ മത്സരാര്‍ഥികളും. അതേസമയം ശ്രദ്ധേയ മത്സരാര്‍ഥികളില്‍ ഒരാളാണ് എല്‍ദോ ജോര്‍ജ് ആണ് ഏറ്റവുമൊടുവില്‍ ഷോയില്‍ നിന്ന് പുറത്തായത്. ഇന്നലെ ആയിരുന്നു എല്‍ദോയുടെ എവിക്ഷന്‍. നോമിനേഷനില്‍ വന്നവരില്‍ ഓരോരുത്തരെയായി മോഹന്‍ലാല്‍ സേവ് ആക്കിയപ്പോള്‍ ഒടുവില്‍ അവശേഷിച്ചത് ​ഗൗതം ശശിയും എല്‍ദോയും ആയിരുന്നു. രണ്ട് പേരില്‍ ​ഗൗതത്തിനായിരുന്നു കൂടുതല്‍ ടെന്‍ഷന്‍. എന്നാല്‍ പ്രേക്ഷകവിധി മറ്റൊന്നായിരുന്നു.

അതേസമയം മുന്‍പ് നടന്ന പല സീസണുകളെയും അപേക്ഷിച്ച് ഒരു മത്സരാര്‍ഥി പ്രേക്ഷകപ്രീതിയില്‍ ബഹുദൂരം മുന്നിലെത്തുന്ന സാഹചര്യം ഈ സീസണില്‍ ഇതുവരെ ഉണ്ടായിട്ടില്ല. അതിനാല്‍ത്തന്നെ ആര് വേണമെങ്കിലും കപ്പ് ഉയര്‍ത്താവുന്ന സ്ഥിതിയുണ്ട്. കടുത്ത ബി​ഗ് ബോസ് പ്രേമികള്‍ക്ക് പോലും അത് സംബന്ധിച്ച് പ്രവചനം നടത്താനും സാധിക്കുന്നില്ല. ​ഗെയിമര്‍ എന്ന നിലയില്‍ രാഹുല്‍ ഈശ്വര്‍ മറ്റുള്ളവരേക്കാള്‍ ഒരുപടി മുന്നിലാണ്. എന്നാല്‍ ആ മികവ് വോട്ട് ആക്കി മാറ്റാന്‍ രാഹുലിന് സാധിക്കുമോ എന്ന് കണ്ടറിയണം. ​ഗ്രൂപ്പ് ആയി ടാസ്കുകള്‍ കളിക്കുന്നു എന്നത് രാഹുലിന് നെ​ഗറ്റീവ് ആണ്. കൊമ്പന്‍, ഷിജിന്‍ എന്നിവര്‍ക്കൊക്കെ പ്രേക്ഷകപ്രീതി ലഭിക്കുന്നുണ്ട്.

#BBMS8Promo ആറാം ആഴ്ചയിലെ വാശിയേറിയ ടാസ്കിൽ ആര് ലീഡർ ആകും ?