അഗ്നി പരീക്ഷയിലൂടെ വീട്ടിലേക്ക് ആദ്യമായി കയറിയ നാല് പേരിലെ ഒരേയൊരു പെൺതരി, ലൊലീറ്റയും ഇതാ ബിഗ് ബോസ് വീടിന്റെ പടിയിറങ്ങിയിരിക്കുകയാണ്.

അഗ്നി പരീക്ഷയിലൂടെ വീട്ടിലേക്ക് ആദ്യമായി കയറിയ നാല് പേരിലെ ഒരേയൊരു പെൺതരി, ലൊലീറ്റയും ഇതാ ബിഗ് ബോസ് വീടിന്റെ പടിയിറങ്ങിയിരിക്കുകയാണ്. ബിഗ് ബോസ് മലയാളം സീസൺ 8 ലെ ഏറ്റവും പ്രായം കുറഞ്ഞ മത്സരാർത്ഥി കൂടിയായിരുന്നു ലൊലീറ്റ. അഗ്നിപരീക്ഷയിൽ തുടക്കം മുതൽ നല്ല പ്രകടനം കാഴ്ച വച്ച് ബിഗ് ബോസിലേക്കെത്തുമെന്ന് ഏറെക്കുറെ ഉറപ്പിച്ച ആളും. പക്ഷേ വീട്ടിലെത്തിയശേഷം കണ്ടത് അതുവരെ കാണാത്ത ലൊലീറ്റയുടെ മറ്റുചില വശങ്ങൾ ആയിരുന്നു.

അഭിപ്രായങ്ങളും നിലപാടുകളും ഉറച്ച ശബ്ദത്തിൽ പറയാൻ കഴിവുള്ള ആളാണെന്ന് അഗ്നിപരീക്ഷ മുതൽ അവർ തെളിയിച്ചതാണ്. പക്ഷേ ബിഗ് ബോസ് വീട്ടിൽ ലൊലീറ്റ തന്റെ ശബ്ദം ഉയർത്തിയത് തനിക്ക് താല്പര്യമില്ലാത്ത ആളുകൾക്കെതിരെ മാത്രമാണ്. വീട്ടിൽ ഉണ്ടായ അനീതികളിലോ തെറ്റുകളിലോ ഉൾപ്പെട്ട തന്റെ പ്രിയപ്പെട്ടവരെ തിരുത്താനോ അവരുടെ തെറ്റ് പറഞ്ഞുകൊടുക്കാനോ അവർ ശ്രമിച്ചതേയില്ല. പകരം അവിടെയും തനിക്ക് താല്പര്യമില്ലത്ത ആളുകളിലേക്ക് കുറ്റം ചാരാനാണ് ലൊലീറ്റ ശ്രമിച്ചത്. അഗ്നിപരീക്ഷയിൽനിന്ന് വീട്ടിലേക്കെത്തിയശേഷം എൽദോയുടെ കൂടെ നിൽക്കുന്ന ആളായാണ് ആദ്യ ദിവസങ്ങളിലെല്ലാം ലൊലീറ്റയെ കാണാനായത്. എൽദോ പറയുന്ന കാര്യങ്ങൾ ചെയ്യുക, അനുസരിക്കുക, അയാൾക്ക് വേണ്ടി പ്രവർത്തിക്കുക എന്ന തരത്തിലാണ് പലപ്പോഴും ലൊലീറ്റയുടെ പ്രവർത്തികളും പെരുമാറ്റവും ഉണ്ടായിരുന്നതും.

എപ്പോഴും ഒരു ഗ്രൂപ്പിന്റെ ബലത്തിലാണ് ലൊലീറ്റ നിലനിന്നിരുന്നത്. ആദ്യം അത് എൽദോ രാകേഷ് എന്നിവർ ആയിരുന്നു എങ്കിൽ പിന്നീട് ആസിഫ്, ശ്രീലക്ഷ്മി അറക്കൽ, വിക്കി, ഗൗതം എന്നിവരിലേക്ക് അത് ഷിഫ്റ്റ് ആയി. തനിച്ച് നിന്ന് കളിക്കാനോ അഭിപ്രായം പറയാനോ ഒന്നും ലൊലീറ്റയ്ക്ക് ഇതുവരെ അകഴിഞ്ഞിട്ടില്ല എന്നുതന്നെ പറയേണ്ടിവരും. പകരം ഗ്രൂപ്പിന് വേണ്ടി പ്രവർത്തിക്കുക, അവരുടെ അഭിപ്രായങ്ങൾ പിന്താങ്ങുക, തനിക്ക് പറയാനുള്ള കാര്യങ്ങൾ അവരോട് പങ്കുവയ്ക്കുക എന്നിങ്ങനെ ഗ്രൂപ്പ് കളിയിലേക്ക് മാത്രമായൊതുങ്ങി ലൊലീറ്റയുടെ ബിഗ് ബോസ് വീട്ടിലെ ഗെയിം.

ആളുകളോട് അനിഷ്ടം തോന്നിയാൽ പിന്നീട് അവരുമായി ഒരിക്കലും നല്ലൊരു ബന്ധം ഉണ്ടാക്കാൻ കഴിയാത്ത ആളാണ് ലൊലീറ്റ എന്നും തോന്നിയിട്ടുണ്ട്. ഷിജിൻ, അഞ്ജലി തുടങ്ങിയ പലരോടും ഒരു ഘട്ടത്തിൽ തോന്നിയ താല്പര്യമില്ലായ്മ ഒരിക്കലും ക്ലിയർ ആക്കാനോ അവരോട് നന്നായി സംസാരിച്ച് പ്രശ്നങ്ങൾ പരിഹരിക്കാനോ ലൊലീറ്റ ഒരിക്കലും ശ്രമിച്ചിട്ടില്ല. ആദ്യ ആഴ്ചയിൽ ലീഡറെ തെരഞ്ഞെടുക്കാനുള്ള ടാസ്കിൽ ഷിജിൻ ജെൻഡർ വ്യത്യാസം കാണിച്ചു എന്നും പെൺകുട്ടികളെ വിലകുറച്ച് കാണുന്നു എന്നും ആരോപിച്ച ആളാണ് ലൊലീറ്റ. പക്ഷേ തനിക്ക് താല്പര്യമില്ലാത്ത സ്ത്രീകളുടെ പ്രശ്നങ്ങൾ വന്നപ്പോഴൊന്നും ലൊലീറ്റ ഇടപെടുന്നതായോ അവർക്കുവേണ്ടി സംസാരിക്കുന്നതായോ കണ്ടിട്ടില്ല. മറ്റുള്ളവരെക്കുറിച്ച് തോന്നുന്ന കാര്യങ്ങൾ അവരോട് പറയാതെ തന്റെ ഫ്രെണ്ട്സ് ഗ്രൂപ്പിൽ ഇരുന്ന് സംസാരിക്കുന്നതും ഒട്ടും നല്ല പ്രവണതയായി തോന്നിയിട്ടില്ല.

ഇഷ്ടമില്ലാത്ത ആളുകളെ കുറിച്ച് വളരെ അവജ്ഞയോടെയാണ് അവർ പലപ്പോഴും സംസാരിച്ചിരുന്നതും. പലരെയും കുറിച്ച് അത്ര വ്യക്തമല്ലാത്ത തരത്തിൽ അഭിപ്രായങ്ങൾ പറയുകയും അത് ജനങ്ങളിലേക്ക് വിട്ടുകൊടുക്കുകയും ചെയ്യുന്ന പ്രവണതയും ലൊലീറ്റയിൽ കണ്ടിട്ടുണ്ട്. ഷിജിന്റെ നോട്ടത്തെ കുറിച്ച് പറഞ്ഞതൊക്കെ അതിന്റെ ഉദാഹരണമാണ്. തന്റെ വ്യക്തിപരമായ ഇഷ്ടവും അനിഷ്ടവുമെല്ലാം വച്ചാണ് ലൊലീറ്റ ഗെയിം കളിച്ചിരുന്നത് എന്നതും അവരുടെ നെഗറ്റീവ് ആയി തോന്നിയിട്ടുള്ള കാര്യമാണ്.കഴിഞ്ഞ ആഴ്ചയിലെ വീക്കിലി ടാസ്കിൽ സ്വന്തം ഗ്രൂപ്പിന് നൽകിയ സീക്രട്ട് ടാസ്ക് എതിർ ഗ്രൂപ്പിലെ സുഹൃത്തുക്കൾക്ക് പറഞ്ഞുകൊടുത്തത് അടക്കം പ്രേക്ഷകർക്കിടയിൽ വലിയ ചർച്ചയുണ്ടാക്കിയിരുന്നു.

ഒരു നല്ല ഗെയ്മാർ എന്ന പേര് അഗ്നിപരീക്ഷയിൽ ഉണ്ടാക്കിയെടുക്കാനായി എങ്കിൽ അതിനെ എല്ലാം തകിടം മറിക്കുന്ന തരത്തിലെ പ്രവർത്തികളാണ് ബിബി വീട്ടിൽ ലൊലീറ്റയിൽനിന്നും ഉണ്ടായത്. വീട്ടിൽ ആക്റ്റീവ് ആയിരുന്നിട്ടും പുറത്ത് പ്രേക്ഷകരുമായി ഒരു നല്ല കണക്ഷൻ ഉണ്ടാക്കാൻ ലൊലീറ്റയ്ക്ക് കഴിയാതെ പോയി. എന്നുമാത്രമല്ല, പ്രേക്ഷകർക്ക് നെഗറ്റീവ് ആയി തോന്നുന്ന തരം കാര്യങ്ങളാണ് അവർ വീട്ടിൽ അധികവും ചെയ്തിരുന്നതും. ഇതെല്ലാം തന്നെയാണ് ലൊലീറ്റയുടെ പുറത്താവലിലേക്കും വഴി വച്ചത്

YouTube video player