Asianet News MalayalamAsianet News Malayalam

'ഇന്നലെ ഫോണ്‍ കിട്ടിയപ്പോഴാണ് പിന്തുണയുടെ കാര്യം അറിയുന്നത്'; മണിക്കുട്ടന്‍ തിരിച്ചെത്തി

ഡിംപല്‍, റിതു, സായ്, ഫിറോസ്, നോബി, റംസാന്‍, സൂര്യ എന്നിവര്‍ ഇന്നലെ കൊച്ചി വിമാനത്താവളത്തിലാണ് വന്നിറങ്ങിയതെങ്കില്‍ മണിക്കുട്ടനും രമ്യ പണിക്കരും ഇന്ന് ഉച്ചയോടെ തിരുവനന്തപുരത്താണ് വിമാനമിറങ്ങിയത്

manikuttan arrived in trivandrum after bigg boss 3
Author
Thiruvananthapuram, First Published May 25, 2021, 5:56 PM IST

നാടകീയതയും അപ്രവചനീയതയും ബിഗ് ബോസ് എന്ന റിയാലിറ്റി ഷോയുടെ മുഖമുദ്രയാണ്. മലയാളം ബിഗ് ബോസിനെ സംബന്ധിച്ചും അത് അങ്ങനെതന്നെ. കഴിഞ്ഞ തവണത്തെ ബിഗ് ബോസ് കൊവിഡ് പശ്ചാത്തലത്തില്‍ 75 ദിവസങ്ങളില്‍ അവസാനിപ്പിക്കേണ്ടിവന്നെങ്കില്‍ ഇക്കുറി അതേ കാരണത്താല്‍ 95-ാം ദിവസമാണ് ഷോ നിര്‍ത്തേണ്ടിവന്നത്. എന്നാല്‍ 95 ദിവസം പിന്നിട്ട ഷോയില്‍ ടൈറ്റില്‍ വിന്നറെ കണ്ടെത്തണമെന്ന തീരുമാനത്തിലായിരുന്നു ഏഷ്യാനെറ്റ്. അതിനാല്‍ പ്രേക്ഷകര്‍ക്കായി ഒരാഴ്ചത്തെ വോട്ടിംഗ് ആരംഭിച്ചിരിക്കുകയാണ് ബിഗ് ബോസ്. തിങ്കളാഴ്ച ആരംഭിച്ച വോട്ടിംഗ് ശനിയാഴ്ച അര്‍ധരാത്രി വരെ ഉണ്ടാവും. അതേസമയം ബിഗ് ബോസ് മത്സരാര്‍ഥികളെല്ലാം തന്നെ ഇന്നലെയും ഇന്നുമായി കേരളത്തില്‍ എത്തി.

ഡിംപല്‍, റിതു, സായ്, ഫിറോസ്, നോബി, റംസാന്‍, സൂര്യ എന്നിവര്‍ ഇന്നലെ കൊച്ചി വിമാനത്താവളത്തിലാണ് വന്നിറങ്ങിയതെങ്കില്‍ മണിക്കുട്ടനും രമ്യ പണിക്കരും ഇന്ന് ഉച്ചയോടെ തിരുവനന്തപുരത്താണ് വിമാനമിറങ്ങിയത്. ഈ സീസണില്‍ ഏറ്റവുമധികം പ്രേക്ഷക പിന്തുണ നേടിയ മത്സരാര്‍ഥികളില്‍ ഒരാളായിരുന്നു മണിക്കുട്ടന്‍. അതിന്‍റെ ആശ്ചര്യം വെളിവാക്കുന്നതായിരുന്നു വിമാനത്താവളത്തില്‍ വച്ചുള്ള മണിക്കുട്ടന്‍റെ ആദ്യ പ്രതികരണം.

മൂന്ന് മാസത്തിനു ശേഷം ഫോണ്‍ കയ്യില്‍ കിട്ടിയപ്പോഴാണ് പുറത്ത് തനിക്കുള്ള പിന്തുണയെക്കുറിച്ച് അറിഞ്ഞതെന്ന് മണിക്കുട്ടന്‍ പറഞ്ഞു. "പിന്തുണച്ചതിന് എല്ലാവര്‍ക്കും നന്ദി. ഇത്രയും ദിവസം എന്നെ ബിഗ് ബോസില്‍ നിര്‍ത്തിയതിനു തന്നെ എല്ലാവര്‍ക്കും നന്ദി. ഇന്നലെ ഫോണ്‍ കിട്ടിയപ്പോഴാണ് സപ്പോര്‍ട്ടിനെക്കുറിച്ചൊക്കെ അറിഞ്ഞത്. ഒരുപാട് പേര്‍ സ്നേഹിച്ചിരുന്നു, പ്രാര്‍ഥിച്ചിരുന്നു. ഗെയിം ഇപ്പോഴും നടന്നുകൊണ്ടിരിക്കുകയാണ്. ഗെയിം കഴിഞ്ഞിട്ട് കൂടുതല്‍ സംസാരിക്കാം. കൂടുതലായി ഇപ്പോള്‍ ഒന്നും പറയാന്‍ പറ്റില്ല", മണിക്കുട്ടന്‍ പറഞ്ഞു. 

ബിഗ് ബോസ് നിര്‍ത്തേണ്ടിവന്ന 95-ാം ദിവസം എട്ട് മത്സരാര്‍ഥികളാണ് ഷോയില്‍ അവശേഷിച്ചിരുന്നത്. മണിക്കുട്ടന്‍, ഡിംപല്‍, അനൂപ്, റിതു, സായ്, ഫിറോസ്, നോബി, റംസാന്‍ എന്നിവരാണ് അവര്‍. 

 

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്‍റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ചു നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona

Follow Us:
Download App:
  • android
  • ios