Asianet News MalayalamAsianet News Malayalam

'കഴിഞ്ഞ 15 വര്‍ഷമായി സിനിമയില്‍ ഒരു അംഗീകാരത്തിനായി ഞാന്‍ കഷ്‍ടപ്പെടുന്നു'; ബിഗ് ബോസ് വേദിയില്‍ മണിക്കുട്ടന്‍

ബിഗ് ബോസ് വേദിയില്‍ വികാരാധീനനായി മണിക്കുട്ടന്‍റെ വാക്കുകള്‍

manikuttan broke into tears after bigg boss 3 title win
Author
Thiruvananthapuram, First Published Aug 2, 2021, 12:48 AM IST
  • Facebook
  • Twitter
  • Whatsapp

കഴിഞ്ഞ ഒന്നര പതിറ്റാണ്ടായി സിനിമാമേഖലയില്‍ പരിശ്രമിച്ചിട്ടും വേണ്ടത്ര അംഗീകാരം ലഭിക്കാത്തതിന്‍റെ സങ്കടം പങ്കുവച്ച് ബിഗ് ബോസ് വേദിയില്‍ മണിക്കുട്ടന്‍. സീസണ്‍ 3 ടൈറ്റില്‍ വിജയിയെ പ്രഖ്യാപിക്കുന്നതിനു തൊട്ടുമുന്‍പ് എന്ത് തോന്നുന്നു എന്ന മോഹന്‍ലാലിന്‍റെ ചോദ്യത്തോടായിരുന്നു മണിക്കുട്ടന്‍റെ പ്രതികരണം. "കഴിഞ്ഞ 15 വര്‍ഷമായി ഒരു അംഗീകാരത്തിനുവേണ്ടി സിനിമയില്‍ ഞാന്‍ കഷ്‍ടപ്പെട്ടുകൊണ്ടിരിക്കുകയാണ്. ഇതുവരെ എനിക്ക് ഒന്നും കിട്ടിയിട്ടില്ല. ഇന്ന് ഇവിടെ നില്‍ക്കുന്ന ഈ അവസരം ഒരു വലിയ അംഗീകാരം കിട്ടിയതുപോലെയാണ്. അതിന് ദൈവത്തിനോടാണ് നന്ദി പറയേണ്ടത്", തുടര്‍ന്ന് 'എല്ലാ പുഗഴും ഇരൈവന്‍ ഒരുവനുക്കേ..' എന്ന തമിഴ് ഗാനവും മണി സ്റ്റേജില്‍ പാടി.

manikuttan broke into tears after bigg boss 3 title win

 

തൊട്ടുപിന്നാലെ മണിയെ വിജയിയായി പ്രഖ്യാപിച്ചുകൊണ്ടുള്ള മോഹന്‍ലാലിന്‍റെ പ്രഖ്യാപനവുമെത്തി. ഏറെ വികാരാധീനനായായിരുന്നു മണിക്കുട്ടന്‍ ആ വാര്‍ത്തയെ സ്വീകരിച്ചത്. വിജയിയായതിനു ശേഷം പറഞ്ഞ വാക്കുകളിലും വൈകാരികത മുറ്റിനിന്നു- "സാര്‍, നേരത്തെ ഡിംപല്‍ പറഞ്ഞിരുന്നു, ഒരു ആഗ്രഹത്തിനായി ഒരുവന്‍ പൂര്‍ണ്ണ മനസ്സോടെ ഇറങ്ങിക്കഴിഞ്ഞാല്‍ ആ ആഗ്രഹം സഫലമാക്കാന്‍വേണ്ടി ലോകം മുഴുവന്‍ അവനെ സഹായിക്കാന്‍ എത്തുമെന്ന്. എന്നെ സഹായിക്കാനായിട്ട് ലോകം മുഴുവനുമാണ് എത്തിയത്. ഒരുപാടുപേരുടെ കാര്യം ഈ സമയത്ത് ഞാന്‍ പറയേണ്ടതുണ്ട്. ആദ്യം പറയേണ്ടത് എന്‍റെ കൂടെയുള്ള മത്സരാര്‍ഥികളോടാണ്. കാരണം ഇത് ഒരു ഒത്തൊരുമയുടെ വിജയമായിരുന്നു. ബിഗ് ബോസിലെ ടാസ്‍കുകളിലൊന്നും ഒറ്റയ്ക്ക് ജയിക്കാന്‍ ഞാന്‍ ശ്രമിച്ചിട്ടില്ല. എല്ലാ മത്സരങ്ങള്‍ വരുമ്പോഴും ഒന്നിച്ചുനിന്ന് മുന്നോട്ടുപോകാനേ ഞാന്‍ ശ്രമിച്ചിട്ടുള്ളൂ. പിന്നെ നേരത്തെ കണ്ട രണ്ടുപേര്‍ (അച്ഛനെയും അമ്മയെയും കുറിച്ച്). ഒരുപാടുപേരില്‍ നിന്ന് കേട്ടുകൊണ്ടിരിക്കുകയാണ്. എന്നിരുന്നാലും മകനെ വിശ്വസിച്ചു. ആ വിശ്വാസത്തിന് എന്തെങ്കിലും എനിക്ക് കൊടുക്കാന്‍ സാധിച്ചു."

manikuttan broke into tears after bigg boss 3 title win

 

"എന്നും എന്‍റെ സ്വപ്‍നം സിനിമ തന്നെയാണ്. സിനിമയില്‍ എന്തെങ്കിലുമൊക്കെ ആവണം. ലോക്ക് ഡൗണ്‍ വന്ന സമയത്ത് ജീവിതം അത്ര പ്രശ്‍നമായപ്പോഴാണ് ബിഗ് ബോസിലേക്ക് എത്തിപ്പറ്റിയത്. ഇതുവരെ എത്തിപ്പെടുമെന്ന് ഒരിക്കലും വിചാരിച്ചില്ല. എനിക്കുവേണ്ടി വോട്ട് ചെയ്‍ത എല്ലാവര്‍ക്കും നന്ദി. സോഷ്യല്‍ മീഡിയയില്‍ ഞാന്‍ ഒരിക്കലും സജീവമായിരുന്നില്ല. ആരും അങ്ങനെ പിആര്‍ വച്ചിട്ടല്ല ഇവിടെ വരുന്നത്. എനിക്കും അങ്ങനെ ഇല്ലായിരുന്നു. പക്ഷേ അവര്‍ അങ്ങനെ പഴി കേട്ടു. എന്നിട്ടും രാത്രിയും പകലും ഇല്ലാതെ കൊവിഡ് സമയം ആയിരുന്നപ്പോള്‍ പോലും, ഒരുപാട് സാമ്പത്തിക ബുദ്ധിമുട്ടുകള്‍ ഉള്ളപ്പോള്‍ പോലും, നെറ്റ് റീചാര്‍ജ് ചെയ്‍ത് ഹോട്ട്സ്റ്റാര്‍ ഡൗണ്‍ലോഡ് ചെയ്‍ത്, എനിക്കുവേണ്ടി വോട്ട് ചെയ്‍ത നിങ്ങളുടെ വിജയമാണ് ഇത്. അതിന് നിങ്ങളോടെല്ലാവരോടുമുള്ള പ്രത്യേക നന്ദി ഞാന്‍ അറിയിക്കുകയാണ്."

manikuttan broke into tears after bigg boss 3 title win

 

"ബിഗ് ബോസിലൂടെ എന്നെ ഇഷ്‍ടപ്പെട്ട, എനിക്കുവേണ്ടി പ്രവര്‍ത്തിച്ച ഒരു പയ്യന്‍ മരിച്ചുപോയി. അവസാനമായി അവന്‍ എഴുതിയ വാക്കുകള്‍ മണിക്കുട്ടന്‍ ചേട്ടനെ എങ്ങനെയെങ്കിലും ഫൈനല്‍ ഫൈവ് വരെ എത്തിക്കണമെന്നായിരുന്നു. സജിന്‍ എന്നാണ് അവന്‍റെ പേര്. ഈ സമയത്ത് ഞാന്‍ ഓര്‍ക്കുകയാണ് (പൊട്ടിക്കരഞ്ഞുകൊണ്ട്). അതുപോലെ ഞാന്‍ ഈ സമയത്ത് ഓര്‍ക്കുകയാണ് എന്‍റെ റിനോജിനെ (മരിച്ചുപോയ സുഹൃത്ത്). ഇന്നവന്‍ ഉണ്ടായിരുന്നെങ്കില്‍ ഒരുപക്ഷേ ഒരുപാട് സന്തോഷിച്ചേനെ. എല്ലാറ്റിലുമുപരി എന്‍റെ ലാല്‍സാര്‍. ബിഗ് ബോസിലേക്ക് വരുമ്പോള്‍ അമ്മയും പപ്പയും പറഞ്ഞിരുന്നു, സാറിനെ വിഷമിപ്പിക്കരുത്. സാറില്‍ നിന്നും വഴക്ക് കേള്‍ക്കുന്ന ഒരു സംഭവം ഒരിക്കലും ഉണ്ടാക്കരുതെന്നും. പരമാവധി ഞാന്‍ അതിന് ഞാന്‍ ശ്രമിച്ചിട്ടുണ്ട്. കൊവിഡ് സമയത്ത് എന്നെ വിളിക്കുകയും എന്‍റെ മാതാപിതാക്കളുടെ ക്ഷേമം അന്വേഷിക്കുകയും ചെയ്‍ത ഒരു വ്യക്തിയാണ്. ഒരുപാട് ആരാധനയോടെ ദൈവത്തെപ്പോലെ ഞാന്‍ മനസ്സില്‍ ചേര്‍ത്തുവച്ചിരിക്കുന്ന ഒരു വ്യക്തിയാണ്. ലാലേട്ടന്‍ ജനിച്ച നാട്ടില്‍ ഒരു മലയാളിയായി ജനിക്കാന്‍ സാധിച്ചതില്‍ ഞാന്‍ എന്നും അഭിമാനിക്കുന്നു. ഇന്ന് ഒരു മോഹന്‍ലാല്‍ ആരാധകന്‍ എന്ന നിലയില്‍ ഞാന്‍ വീണ്ടും പറയും, ഞാന്‍ ലാലേട്ടന്‍ പഠിച്ച കോളെജില്‍ പഠിച്ചു, തിരുവനന്തപുരത്തുനിന്നാണ് വന്നത്, ഒരു ബിഗ് ബോസ് വിന്നര്‍ കൂടിയാണ് എന്ന്. ഇനിയും എനിക്ക് സിനിമയില്‍ ഒരുപാട് യാത്ര ചെയ്യണം. നിങ്ങള്‍ എന്നെ ഇനിയും സഹായിക്കണം. എല്ലാവര്‍ക്കും നന്ദി", മണിക്കുട്ടന്‍ പറഞ്ഞുനിര്‍ത്തി. 

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്‍റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ചു നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona

Follow Us:
Download App:
  • android
  • ios