ബിഗ് ബോസ് മലയാളം സീസണ്‍ 3ല്‍ ഗൗരവമുള്ള അഭിപ്രായവ്യത്യാസങ്ങളുടെ ദിവസമായിരുന്നു ഇന്ന്. ബിഗ് ബോസ് നല്‍കിയ മോണിംഗ് ആക്റ്റിവിറ്റിയില്‍ നിന്ന് ആരംഭിച്ച തര്‍ക്കം മണിക്കുട്ടനും സൂര്യയ്ക്കുമിടയിലുള്ള അഭിപ്രായവ്യത്യാസങ്ങളിലേക്കും നീണ്ടു. ബിഗ് ബോസില്‍ നിങ്ങള്‍ കണ്ണടച്ച് വിശ്വസിക്കുന്ന ഒരാളുടെ പേര് പറയാനും അത് എന്തുകൊണ്ടെന്ന് വ്യക്തമാക്കാനുമായിരുന്നു ബിഗ് ബോസ് ആവശ്യപ്പെട്ടത്. ഇതുപ്രകാരം ആദ്യം സംസാരിക്കാനെത്തിയ മണിക്കുട്ടന്‍ പറഞ്ഞത് ഇപ്രകാരമായിരുന്നു- "കിടിലം ഫിറോസ് ആണ് എന്‍റെ എതിരാളിയെന്ന് ഞാന്‍ കണ്ണുമടച്ച് വിശ്വസിക്കുന്നു". മണിക്കുട്ടന്‍ ഇങ്ങനെ തുടര്‍ന്നു- "പ്രജകളെയൊന്നും നമ്മള്‍ കൊണ്ടുവരാനായിട്ട് ആഗ്രഹിക്കുന്നില്ല. ഞാന്‍ എന്തായാലും ആഗ്രഹിക്കുന്നില്ല. ഒറ്റയ്ക്കൊറ്റയ്ക്കാണ്.. ഞാന്‍ ഇതുവരെ പ്രജകളെ ചേര്‍ക്കുന്ന ഒരു കണ്‍സെപ്റ്റ് ഇല്ല. കണ്ണുമടച്ച് ഞാന്‍ വിശ്വസിക്കുന്നു, ഇദ്ദേഹം എന്നെത്തന്നെയാണ് നോക്കിക്കൊണ്ടിരിക്കുന്നത് എന്ന്", മണിക്കുട്ടന്‍ പറഞ്ഞുനിര്‍ത്തി.

പിന്നീട് സംസാരിക്കാനെത്തിയ ഫിറോസ് മണിക്ക് മറുപടി നല്‍കവെ മറ്റു മത്സരാര്‍ഥികളെ വിശേഷിപ്പിച്ചത് ഇങ്ങനെ ആയിരുന്നു- "12 ഇന്‍ഡിവിജ്വല്‍സ് ആയി മത്സരിക്കാന്‍ വന്നിട്ട് മണിയുടെ പ്രജകളായി മാറിയ 11 പേരെ..". മണിക്കുട്ടനും ഫിറോസും 'പ്രജകള്‍' എന്ന് തങ്ങളെ സംബോധന ചെയ്‍തത് മറ്റു മത്സരാര്‍ഥികള്‍ക്കിടയില്‍ അസ്വസ്ഥത ഉണ്ടാക്കി. സായ് വിഷ്‍ണുവും റംസാനും കടുത്ത ഭാഷയില്‍ തന്നെ ഇതിനോട് പ്രതികരിച്ചു. എന്നാല്‍ 'പ്രജകളെ' കൂടെക്കൂട്ടുക തന്‍റെ ഉദ്ദേശമല്ലെന്ന് പറഞ്ഞ മണിക്കുട്ടന്‍ അതു വ്യക്തമാക്കാനായി സൂര്യയുടെ കാര്യം പറഞ്ഞു. "ഇവിടെ എല്ലാവരും വ്യക്തികളാണ്. ഞാന്‍ പ്രജകളെ ചേര്‍ക്കാന്‍ ആഗ്രഹിക്കുന്നില്ല. സൂര്യയുടെ കാര്യം പറയാം. വന്ന ദിവസം തൊട്ട് ഉള്ളതാണ് എനിക്ക് സൂര്യയോട് ഇപ്പോഴും ഉള്ളത്. ഇവിടെ നില്‍ക്കാനായി ഞാനല്ലാതാവാന്‍ എനിക്ക് പറ്റില്ല. പ്രണയം, ഇല്ലാത്ത ഒരു വികാരം എനിക്ക് ഉണ്ടാക്കാന്‍ പറ്റില്ല. എനിക്ക് ആ കുട്ടിയോട് റെസ്‍പെക്റ്റ് ഉണ്ട്. നിങ്ങള്‍ എന്നോട് പറഞ്ഞ കാര്യങ്ങള്‍ ഞാന്‍ പബ്ലിക് ആയിട്ട് പറയുന്നില്ല. എനിക്കു തന്ന സമ്മാനങ്ങള്‍ പബ്ലിക് ആയിട്ട് കാണിക്കുന്നില്ല. അതുപോലും ഞാന്‍ റെസ്പെക്റ്റ് ചെയ്യുന്നുണ്ട്. പ്രജയെ ചേര്‍ക്കണമെങ്കില്‍ എനിക്ക് അവിടുന്നേ തുടങ്ങാമായിരുന്നു. അതിന് എനിക്ക് താല്‍പര്യമില്ല", മണിക്കുട്ടന്‍ പറഞ്ഞു.

 

എന്നാല്‍ മണിക്കുട്ടനോട് പിന്നീട് വ്യക്തിപരമായി പരാതി പറയുന്ന സൂര്യയെയും പ്രേക്ഷകര്‍ കണ്ടു. കഴിഞ്ഞ ദിവസം നറുക്കിട്ട് എടുക്കുന്ന പാട്ടുകള്‍ കൂട്ടത്തിലൊരാള്‍ക്ക് ഡെഡിക്കേറ്റ് ചെയ്യേണ്ട ഒരു ടാസ്‍ക് ബിഗ് ബോസ് നടത്തിയിരുന്നു. അതില്‍ മണിക്കുട്ടന് ലഭിച്ചത് 'ഇഷ്‍ടമല്ലെടാ' എന്ന ഗാനമായിരുന്നു. സൂര്യയെ വിളിച്ചാണ് മണി ഈ പാട്ട് പാടിയത്. ആ പാട്ട് തനിക്ക് ഡെഡിക്കേറ്റ് ചെയ്തതിനെക്കുറിച്ചും സൂര്യ പരാതി ഉന്നയിച്ചു. എന്നാല്‍ ആ പാട്ടിന്‍റെ വരികള്‍ അങ്ങനെയല്ലേ എന്നായിരുന്നു മണിയുടെ പ്രതികരണം. പ്രജ എന്ന സങ്കല്‍പ്പത്തില്‍ തനിക്ക് വിശ്വാസമില്ലെന്ന് കാണിക്കാനാണ് സൂര്യയുടെ കാര്യം മോണിംഗ് ആക്റ്റിവിറ്റി്കിടെ പറഞ്ഞതെന്നും സൂര്യ പറഞ്ഞിട്ടുള്ളതിനൊന്നും ഇതുവരെ താന്‍ ഒന്നും തിരിച്ചു ചോദിച്ചിട്ടില്ലല്ലോ എന്നും മണിക്കുട്ടന്‍ പറഞ്ഞു. മറുപടിയില്‍ തൃപ്തി ഇല്ലാതെയാണ് സൂര്യ സംഭാഷണം അവസാനിപ്പിച്ചത്.