ദാദാസാഹേബ് ഫാൽക്കെ പുരസ്കാരം ലഭിച്ച ശേഷം കൊച്ചിയിലെത്തിയ നടൻ മോഹൻലാൽ, ആദ്യം അസുഖബാധിതയായ അമ്മയെ സന്ദർശിച്ചിരുന്നു. സംസാരിക്കാൻ പ്രയാസമുണ്ടെങ്കിലും അമ്മ തന്നെ അനുഗ്രഹിച്ചുവെന്ന് അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.
ദാദാ സാഹേബ് ഫാൽക്കെ അവാർഡ് ലഭിച്ചതിനെ പിന്നാലെ അമ്മയെ കാണാന്‍ പോയ സന്തോഷം പങ്കുവച്ച് നടന്‍ മോഹന്‍ലാല്‍. അമ്മയ്ക്ക് വയ്യാതിരിക്കുകയാണെന്നും എന്നിരുന്നാലും എല്ലാ കാര്യങ്ങളും മനസിലാകുമെന്നും മോഹന്‍ലാല്‍ പറയുന്നു. തന്നെ അമ്മ അനുഗ്രഹിച്ചുവെന്നും മോഹന്‍ലാല്‍ പ്രസ് മീറ്റില്‍ പറഞ്ഞു. ഇന്ന് രാവിലെ കൊച്ചിയില്‍ എത്തിയ മോഹന്‍ലാല്‍ അമ്മയെ കണ്ടതിന് ശേഷമായിരുന്നു പ്രസ്മീറ്റിന് എത്തിയത്.
"അമ്മയുടെ അടുത്ത് പോയി. അതുകാണാൻ അമ്മയ്ക്ക് ഭാഗ്യമുണ്ടായി. അമ്മയെ കാണാൻ എനിക്കും ഭാഗ്യമുണ്ടായി. അമ്മയ്ക്ക് സുഖമില്ലാതെ ഇരിക്കുകയാണ്. അമ്മ എല്ലാം മനസിലാക്കി. എന്നെ അനുഗ്രഹിച്ചു. അമ്മയ്ക്ക് എല്ലാം മനസിലാകും. സംസാരിക്കാൻ കുറച്ച് ബുദ്ധിമുട്ടുണ്ട്. പക്ഷേ എനിക്ക് മനസിലാകും. അമ്മയുടെ അനുഗ്രഹം എപ്പോഴും ഉണ്ടാകും. അമ്മയുടെ അനുഗ്രഹം വാങ്ങിയ ശേഷമാണ് ഇങ്ങോട്ട് വന്നത്", എന്നായിരുന്നു മോഹന്‍ലാലിന്‍റെ വാക്കുകള്‍.
സംവിധായകൻ രാം ഗോപാൽ വർമ്മയുടെ പോസ്റ്റിനെ കുറിച്ചുള്ള ചോദ്യത്തിന്, "എപ്പോഴും വലിയ തമാശകള്‍ പറയുന്ന ആളല്ലേ. ഒരു ബ്ലാക് ഹ്യൂമറായിട്ടെ ഞാന്‍ അതിനെ കാണുന്നുള്ളൂ. അദ്ദേഹവുമായി നല്ല സൗഹൃദമുള്ള ആളാണ് ഞാന്‍. കമ്പനി എന്ന സിനിമയില്‍ അഭിനയിച്ച ആളാണ്. എല്ലാവരും പറയുന്നതില്‍ നിന്നും വ്യത്യസ്തമായി രാം ഗോപാല്‍ വര്‍മ ചിന്തിച്ചു പറഞ്ഞു എന്നെ ഉള്ളൂ", എന്നായിരുന്നു മോഹന്‍ലാലിന്‍റെ പ്രതികരണം. തനിക്ക് ദാദാ സാഹേബ് ഫാൽക്കെയെ അറിയില്ലെന്നും അദ്ദേഹം ചെയ്ത സിനിമ കണ്ട ആരെയും കണ്ടുമുട്ടാൻ കഴിഞ്ഞിട്ടില്ലെന്നും പക്ഷെ മോഹൻലാലിനെ താൻ കണ്ടിട്ടും അറിഞ്ഞിട്ടുമുണ്ട്. അതുകൊണ്ട് തന്നെ ദാദാ സാഹേബ് ഫാൽക്കെയ്ക്ക് ഒരു മോഹൻലാൽ അവാർഡ് കൊടുക്കണം എന്നായിരുന്നു എക്സ് പ്ലാറ്റ്ഫോമില്‍ ആര്‍ജിവി കുറിച്ചിരുന്നത്.



