ബിഗ് ബോസ് മലയാളത്തില്‍ ആദ്യമായാണ് കപ്പിള്‍സ് മത്സരാര്‍ഥിയായി എത്തുന്നതെന്ന പ്രത്യേകതയുമുണ്ട്.

ബിഗ് ബോസ് മലയാളം സീസണ്‍ 3ലെ ആദ്യ വൈല്‍ഡ് കാര്‍ഡ് എന്‍ട്രി പ്രഖ്യാപിച്ച് മോഹന്‍ലാല്‍. കഴിഞ്ഞ സീസണില്‍ അഭിരാമി-അമൃത ജോഡികളെപ്പോലെയുള്ള രണ്ടുപേരാണ് ഒറ്റ മത്സരാര്‍ഥിയായി എത്തുന്നതെന്ന പ്രത്യേകതയുമുണ്ട്. പക്ഷേ ഇത്തവണ അതൊരു ദമ്പതികള്‍ ആണെന്നുമാത്രം. സിനിമാ, ടെലിവിഷന്‍ താരവും ഡാന്‍സറുമായ ഫിറോസ് ഖാനും ഭാര്യയും നടിയും മോഡലുമായ സജിന ഫിറോസുമാണ് ആ വൈല്‍ഡ് കാര്‍ഡ് എൻട്രി. ബിഗ് ബോസ് മലയാളത്തില്‍ ആദ്യമായാണ് കപ്പിള്‍സ് മത്സരാര്‍ഥിയായി എത്തുന്നതെന്ന പ്രത്യേകതയുമുണ്ട്.

മലയാളികള്‍ ടെലിവിഷനിലൂടെ കണ്ട് ഏറെ തിരിച്ചറിയുന്ന മുഖങ്ങളിലൊന്നാണ് ഫിറോസിന്‍റേത്. ഏഷ്യാനെറ്റ് പ്ലസിലെ ഡെയ്ഞ്ചറസ് ബോയ്‍സ് എന്ന പ്രാങ്ക് ഷോയിലൂടെയാണ് ഫിറോസ് ഏറെ ആരാധകരെ നേടിയത്. സിനിമകളിലും അഭിനയിച്ചിട്ടുള്ള ഫിറോസിന്‍റെ ശ്രദ്ധേയ വേഷം വി എം വിനുവിന്‍റെ മമ്മൂട്ടി ചിത്രം ഫെയ്‍സ് ടു ഫെയ്‍സിലേത് ആയിരുന്നു.

ഏറെ പ്രതീക്ഷകളോടെയാണ് ഇരുവരും ബിഗ് ബോസിന്‍റെ പ്ലാറ്റ്ഫോമിലേക്ക് വരുന്നത്. സജിന എല്ലാ ഭാഷകളിലെയും ബിഗ് ബോസ് കാണാറുണ്ടെന്നാണ് ഫിറോസ് പറയുന്നത്. ആദ്യ ആഴ്ചയിലെ ബിഗ് ബോസ് കണ്ടിട്ടുകൂടിയാണ് ഇരുവരും എത്തുന്നത്. "അവിടെയുള്ള 14 പേരും ചില്ലറക്കാരല്ല. എല്ലാവരും മാസ്റ്റര്‍പ്ലാന്‍ ഉള്ളവരാണ്. പലരും പല രീതിയിലാണ് അവിടെ ഗെയിമിലേക്ക് പോകുന്നത്. 14 പുലിക്കുട്ടികളാണ്", ഇങ്ങനെയാണ് ഇരുവരുടെയും അഭിപ്രായം