മത്സരാർത്ഥികളെ രണ്ട് ടീമുകളായി തിരിച്ചുള്ള പോരാട്ടത്തിൽ പരാജയപ്പെടുന്നവർക്ക് വലിയ തിരിച്ചടികൾ നേരിടേണ്ടി വരും.

ബിഗ് ബോസ് മലയാളം സീസണ്‍ 8 എട്ടാം വാരത്തിലെ വീക്കിലി ടാസ്കിന് ഇന്ന് തുടക്കം. മുന്‍ ആഴ്ചകളിലെ വീക്കിലി ടാസ്കുകളില്‍ നിന്ന് വ്യത്യസ്തമായി മുഴുവന്‍ മത്സരാര്‍ഥികളെയും രണ്ട് ടീമുകളാക്കി തിരിച്ചുള്ള വിവിധ മത്സരങ്ങളാണ് ബിഗ് ബോസ് ഇത്തവണത്തെ വീക്കിലി ടാസ്ക് ആയി നടത്തുന്നത്. നൗഫിന, വേദാംഗി, ആസിഫ്, ഐശ്വര്യ, നോബി, അഞ്ജലി, നേഹ എന്നിവരാണ് ഒരു ടീം. ഗൗതം ശശി, കടല്‍ കൊമ്പന്‍, ഷിജിന്‍, വിക്കി തഗ്, താഷി, മൃദുല, വിപിന്‍ എന്നിവര്‍ മറ്റൊരു ടീമുമെന്ന് ഏഷ്യാനെറ്റ് പുറത്തുവിട്ടിരിക്കുന്ന പുതിയ പ്രൊമോയില്‍ ഉണ്ട്. ഇന്നലെ നടന്ന ബിഡ്ഡിംഗ് ടാസ്കിലൂടെ 12-ാം ആഴ്ചയിലേക്ക് നേരിട്ട് പ്രവേശനം ലഭിക്കാന്‍ സാധ്യതയുള്ള രാഹുല്‍ ഈശ്വറും പ്രൊമോയില്‍ ഉണ്ട്. എന്നാല്‍ ഒരു ടീമിന്‍റെയും കുപ്പായത്തില്‍ അല്ല.

പരാജയപ്പെടുന്ന ടീമിലെ ഒരാള്‍ ഇനി ഒരു ഗെയിമും കളിക്കാനാവാതെ ടീമില്‍ നിന്ന് പുറത്താക്കപ്പെടുമെന്ന് ബിഗ് ബോസ് അറിയിക്കുന്നുണ്ട്. ഇവര്‍ക്ക് ലീഡര്‍ഷിപ്പ് എന്ന മോഹം ഇനി എന്നേക്കുമായി അവസാനിക്കുമെന്നും ബിഗ് ബോസ് പറയുന്നു. മുന്‍ ആഴ്ചകളിലെ വീക്കിലി ടാസ്കുകളേക്കാളൊക്കെ ആവേശകരമാവും എട്ടാം വാരത്തിലെ വീക്കിലി ടാസ്ക് എന്ന് ചുരുക്കം. അതേസമയം അന്‍പത് ദിനങ്ങള്‍ പിന്നിട്ടിരിക്കുന്ന സീസണ്‍ 8 പ്രേക്ഷകരില്‍ വലിയ ആവേശമുണ്ടാക്കിക്കൊണ്ടാണ് മുന്നേറുന്നത്. അഗ്നിപരീക്ഷയും വൈല്‍ഡ് കാര്‍ഡുകളുടെ എണ്ണക്കൂടുതലും നാടകീയ സംഭവങ്ങളും ഒക്കെ കൊണ്ട് മുന്‍ സീസണുകളില്‍ നിന്നൊക്കെ വേറിട്ട് നില്‍ക്കുന്ന സീസണാണ് ഇത്തവണത്തേത്. ടാസ്കുകളിലും മൊത്തത്തിലുള്ള ഗെയിമുകളുടെ ഡിസൈനിലുമൊക്കെ മാറ്റം കൊണ്ടുവരാന്‍ ബിഗ് ബോസ് ടീം ഇക്കുറി കാര്യമായി ശ്രദ്ധിച്ചിട്ടുണ്ട്.

ഇതിനകം പ്രേക്ഷകപ്രീതി കാര്യമായി നേടിയിട്ടുള്ള മത്സരാര്‍ഥികളുമുണ്ട്. ഷിജിനും കടല്‍ കൊമ്പനും രാഹുല്‍ ഈശ്വറുമൊക്കെ അക്കൂട്ടത്തില്‍ പെടും. ഇന്നലത്തെ ബിഡ്ഡിംഗ് ടാസ്കില്‍ രാഹുല്‍ ഈശ്വര്‍ വന്‍ മികവാണ് കാട്ടിയത്. സീസണ്‍ 8 ടൈറ്റില്‍ വിജയിയുടെ പ്രൈസ് മണിയുടെ പകുതി പരമാവധി ബിഡ് ചെയ്യാനാണ് ബിഗ് ബോസ് അവസരം നല്‍കിയത്. ഷിജിന്‍ 24,99,999 ആണ് ബിഡ് ചെയ്തതെങ്കില്‍ രാഹുല്‍ ബിഡ് ചെയ്തത് 24,99,999.95 എന്ന തുകയ്ക്ക് ആയിരുന്നു. കേവലം 95 പൈസയുടെ വ്യത്യാസത്തില്‍ രാഹുല്‍ ഷിജിനെ മറികടന്ന് ടാസ്ക് ജയിച്ചു.

Asianet News Live | Malayalam Live News | Kerala News Updates| Breaking News| HD Live 24x7 Streaming