ബിഗ് ബോസ് മലയാളം സീസണ്‍ 3ലെ അഞ്ചാമത്തെ എലിമിനേഷന്‍ ഇന്നായിരുന്നു. ബിഗ് ബോസ് ഹൗസിലെ ശ്രദ്ധേയ മത്സരാര്‍ഥികളില്‍ ഒരാളായിരുന്നു മജിസിയ ഭാനുവാണ് വാരാന്ത്യ എപ്പിസോഡില്‍ പുറത്തായത്. എലിമിനേഷന്‍ പ്രഖ്യാപനത്തെ സംയമനത്തോടെ സ്വീകരിച്ച മജിസിയ മോഹന്‍ലാലിനരികില്‍ എത്തിയപ്പോഴും അത്തരത്തിലാണ് പ്രതികരിച്ചത്. 'എന്താണ് താന്‍ പറയേണ്ടത്' എന്നായിരുന്നു മജിയിയയെ കണ്ടയുടന്‍ ലാലിന്‍റെ പ്രതികരണം. എന്നാല്‍ 'ഇന്‍ ആണെങ്കിലും ഔട്ട് ആണെങ്കിലും ഞാന്‍ വളരെ ഹാപ്പിയാണെന്ന് അവിടെ നിന്നപ്പോഴേ ഞാന്‍ സാറിനോട് പറഞ്ഞിരുന്നു. കാരണം ഇത്രയും ദിവസം ഞാന്‍ ഞാനായിട്ട് നിന്നു. പച്ചയായ മനുഷ്യനായി നിന്നു, നല്ല രീതിയില്‍ കളിക്കാന്‍ പറ്റി. ബാക്കി പ്രേക്ഷകരുടെ തീരുമാനമാണ്. അതിനൊപ്പമാണ് ഞാന്‍' എന്നായിരുന്നു ഭാനുവിന്‍റെ മറുപടി.

 

"പല കാര്യങ്ങളെക്കുറിച്ചും വിലയിരുത്തി നോക്കാനും ചിന്തിക്കാനും പറ്റിയ നല്ലൊരു പ്ലാറ്റ്ഫോം ആയിരുന്നു ബിഗ് ബോസ്. ഷോയില്‍ ഉണ്ടായിരുന്നപ്പോഴും ഇറങ്ങിയിട്ട് ഇവിടെ നില്‍ക്കുമ്പോഴും പോസിറ്റീവ് ആയിത്തന്നെയാണ് എടുക്കുന്നത്. വളരെ ഹാപ്പിയാണ്. ഇത്രയും ദിവസം നില്‍ക്കുമെന്ന് സത്യമായും ഞാന്‍ പ്രതീക്ഷിച്ചില്ല. പക്ഷേ ദൈവസഹായത്താല്‍ ഞാന്‍ നിന്നു", ഭാനു പറഞ്ഞു. എന്നാല്‍ ഗെയിമുകളിലൊക്കെ ആക്റ്റീവ് ആയിരുന്ന ഒരു മത്സരാര്‍ഥി എന്തുകൊണ്ട് പുറത്തായി എന്നതായിരുന്നു മോഹന്‍ലാലിന്‍റെ ചോദ്യം. "പ്രേക്ഷകരുടെ ഇഷ്‍ടമല്ലേ, അതില്‍ നമുക്ക് ഒന്നും ചെയ്യാനില്ല. പക്ഷേ എന്‍റെ ഭാഗം ഞാന്‍ ചെയ്‍തു എന്നതില്‍ ഹാപ്പി ആണ്", മജിസിയ പറഞ്ഞു.

 

"അവര്‍ പ്രതീക്ഷിക്കുന്ന വേറെന്തെങ്കിലും ഒരു എലമെന്‍റ് ഉണ്ടാവും. ആ എലമെന്‍റ് എന്നില്‍ ഉണ്ടാവില്ല. ഞാന്‍ ഇങ്ങനെത്തന്നെയാണ് സാര്‍. വീട്ടിലാണെങ്കിലും സുഹൃത്തുക്കള്‍ക്കൊപ്പമാണെങ്കിലും ഇവിടെയാണെങ്കിലും അങ്ങനെതന്നെയാണ്. ഇല്ലാത്ത ഒരു എലമെന്‍റ് എന്നിലേക്ക് കൊണ്ടുവരിക എന്നത് സാധ്യമല്ല. അതിനാല്‍ എനിക്ക് പുറത്തേക്ക് പോകാനുള്ള ശരിയായ സമയം ഇതാണെന്നാണ് തോന്നുന്നത്", മജിസിയ പറഞ്ഞു. പുറത്തേക്ക് പോകുമ്പോള്‍ ബിഗ് ബോസില്‍ മിസ് ചെയ്യുന്നത് എന്തൊക്കെയെന്ന മോഹന്‍ലാലിന്‍റെ ചോദ്യത്തിന് മജിസിയയുടെ മറുപടി ഇങ്ങനെ- "മത്സരാര്‍ഥികളില്‍ ആദ്യം പുറത്തുപോയ ലക്ഷ്‍മി മുതല്‍ എല്ലാവരെയും മിസ് ചെയ്യും. പക്ഷേ ഡിംപല്‍ എന്ന് പറയുന്നത് എന്‍റെ സ്പെഷ്യല്‍ ഫ്രണ്ട് ആണ്. ജീവിതത്തില്‍ എന്നും കൂടെയുണ്ടാവണമെന്ന് ഞാന്‍ ആഗ്രഹിക്കുന്ന സുഹൃത്താണ്. ഡിംപലിനെ മിസ് ചെയ്യും. പിന്നെ ബിഗ് ബോസ് ഹൗസ്. പുറത്തുവന്നിട്ടും അവിടെ ഉള്ളതുപോലെതന്നെയാണ് എനിക്ക് തോന്നുന്നത്. അതും മിസ് ചെയ്യും", മജിസിയ പറഞ്ഞു.