മോഹൻലാല്‍ സിനിമകളിലെ രംഗം അവതരിപ്പിച്ച് ബിഗ് ബോസ് മത്സരാര്‍ഥികള്‍.

മോഹൻലാല്‍ നായകനായ മരക്കാര്‍: അറബിക്കടലിന്റെ സിംഹമാണ് ഇത്തവണ മികച്ച ചിത്രത്തിനുള്ള ദേശീയ ചലച്ചിത്ര അവാര്‍ഡ് നേടിയത്. സിനിമയില്‍ അഭിനയിച്ച മണിക്കുട്ടനെ വിളിച്ച് ആയിരുന്നു ഇക്കാര്യം ബിഗ് ബോസ് അറിയിച്ചത്. മണിക്കുട്ടൻ ഇക്കാര്യം മറ്റുള്ള എല്ലാവരെയും അറിയിക്കുകയും ചെയ്‍തു. സിനിമയില്‍ അഭിനയിച്ച മണിക്കുട്ടനും ഡബ് ചെയ്‍ത ഭാഗ്യലക്ഷ്‍മിയും അടക്കമുള്ളവര്‍ മോഹൻലാലിനും ഇന്ന് ഒരു സര്‍പ്രൈസ് നല്‍കി. മോഹൻലാലിനെ അഭിനന്ദനം അറിയിക്കുകയായിരുന്നു എല്ലാവരും. മോഹൻലാല്‍ അഭിനയിച്ച ആദ്യ ചിത്രത്തില്‍ നിന്ന് അടക്കമുള്ള രംഗങ്ങള്‍ മത്സരാര്‍ഥികള്‍ അവതരപ്പിക്കുകയായിരുന്നു.

മോഹൻലാല്‍ ആദ്യം അഭിനയിച്ച തിരനോട്ടം എന്ന സിനിമയില്‍ നിന്നായിരുന്നു തുടക്കം. മോഹൻലാല്‍ സൈക്കിള്‍ ഓടിക്കുന്ന രംഗം മത്സരാര്‍ഥികള്‍ വളരെ ഭംഗിയായി അവതരിപ്പിച്ചു. അനൂപ് കൃഷ്‍ണനായിരുന്നു ആദ്യ രംഗത്ത് മോഹൻലാല്‍ ആയി വന്നത്. തുടര്‍ന്ന് മോഹൻലാലിനെ മറ്റൊരു സിനിമയിലെ പ്രണയരംഗം മണിക്കുട്ടനും സന്ധ്യാ മനോജും ചേര്‍ന്ന് അവതരിപ്പിച്ചു. എന്നോട് പറ ഐ ലവ് യുവെന്ന് എന്ന രംഗമായിരുന്നു സജ്‍നയും ഫിറോസും ചേര്‍ന്ന് ചെയ്‍തത്. മണിക്കുട്ടനും റിതുവും ചേര്‍ന്നും മോഹൻലാല്‍ സിനിമയിലെ ഒരു രംഗം ചെയ്‍തു.

കിളിച്ചുണ്ടൻ മാമ്പഴം എന്ന സിനിമയിലെ അബ്‍ദു, ആമിന എന്ന കഥാപാത്രങ്ങളായി അഡോണിയും മജ്‍സിയയും എത്തി.

മരക്കാര്‍ അറബിക്കടലിന്റെ സിംഹം എന്ന സിനിമയിലെ കഥാപാത്രമായി സായ് വിഷ്‍ണുവാണ് എത്തിയത്. ലേലു അല്ലു എന്ന ഡയലോഗുമായി റംസാൻ എത്തിയപ്പോള്‍ പ്രിയദര്‍ശന്റെ ദാസനും വിജയനുമായി നോബിയും കിടിലൻ ഫിറോസും അഭിനയിച്ചു. ഏറ്റവും ഒടുവില്‍ മോഹൻലാലിന് ബിഗ് ബോസ് വീട്ടിലുള്ളവര്‍ ബിഗ് സല്യൂട്ടും നല്‍കി. ദേശീയ അവാര്‍ഡ് പോലെ വിലമതിക്കുന്നുവെന്നായിരുന്നു മോഹൻലാലിന്റെ മറുപടി.