പെണ്ണിനെ കണ്ടാൽ വീഴുന്ന കൊറേ മൊണ്ണകൾ. ആ അഭി ഒഴിച്ച് ഇരിക്കുന്ന എല്ലാം എണ്ണവും.
ബിഗ് ബോസ് മലയാളം ഏഴാം സീസൺ രണ്ടാമത്തെ ആഴ്ച പിന്നിടുമ്പോൾ മത്സരം കടുപ്പമേറിക്കൊണ്ടിരിക്കുകയാണ്. 19 മത്സരാർത്ഥികളുമായി തുടങ്ങിയ ഏഴാം സീസണിൽ രണ്ടു പേരാണ് ഇതുവരെ എവിക്ട് ആയിരിക്കുന്നത്. ആദ്യ ആഴ്ചയിൽ മുൻഷി രഞ്ജിത്തും ഇന്നലെ നടന്ന എവിക്ഷനിൽ ആർജെ ബിൻസിയുമാണ് ബിഗ് ബോസ് വീട്ടിൽ നിന്നും പുറത്തായിരിക്കുന്നത്.
എന്നാൽ ഇന്നലെ എവിക്ഷൻ പ്രക്രിയയുമായി ബന്ധപ്പെട്ട് മോഹൻലാൽ എത്തിയപ്പോൾ അനുമോളുടെ ഒരു നിലപാടിനെ ചോദ്യം ചെയ്തിരുന്നു. ജിസേലിന്റെയും അനുമോളുടെയും വഴക്കിനെ പ്രതിപാദിച്ചുകൊണ്ടാണ് മോഹൻലാൽ തടുങ്ങിയത്. കഴിവില്ലാത്തത്, മൂർച്ചയില്ലാത്തത് എന്നീ വാക്കുകൾ ബിഗ് ബോസ് വീട്ടിലെ ആണുങ്ങളെ കുറിച്ച് അനുമോൾ പറഞ്ഞോ എന്നാണ് മോഹൻലാൽ ചോദിച്ചത്. അതിനുത്തരമായി 'മൊണ്ണ' എന്ന വാക്കാണ് താൻ ഉപയോഗിച്ചതെന്ന് അനുമോൾ മറുപടി നൽകുകയുണ്ടായി. 'ബിഗ് ബോസിലെ ആൺകുട്ടികൾ എല്ലാം നാണമില്ലാത്തവരും ജിസേലിന്റെ ബോയ്ഫ്രണ്ട്സ് ആണെന്ന്' പറഞ്ഞോ എന്നും മോഹൻലാൽ അനുമോളോട് ചോദിക്കുന്നുണ്ട്. ഇതെല്ലാം താൻ പറഞ്ഞു എന്ന് അനുമോൾ തന്നെ സമ്മതിക്കുന്നുമുണ്ട്.
ഉടനെ തന്നെ ബിഗ് ബോസ് അന്നത്തെ ദിവസത്തെ വീഡിയോ പ്ലേ ചെയ്യുന്നുണ്ട്. അനുമോളുടെ അന്നത്തെ വാക്കുകൾ ഇങ്ങനെയായിരുന്നു: "പെണ്ണിനെ കണ്ടാൽ ഇങ്ങനെയും വീഴുന്ന ആണുങ്ങളുണ്ടെന്നാണ് ഞാൻ ആലോചിക്കുന്നത്. പെണ്ണിനെ കണ്ടാൽ വീഴുന്ന കൊറേ മൊണ്ണകൾ. ആ അഭി ഒഴിച്ച് ഇരിക്കുന്ന എല്ലാം എണ്ണവും." ഇതിന് പിന്നാലെ അഭിലാഷിനെ തമാശ രൂപേണ മോഹൻലാൽ അഭിനന്ദിക്കുന്നുണ്ട്. 'മൊണ്ണയല്ലാത്ത ഒരാളെയെങ്കിലും നമുക്ക് കിട്ടിയല്ലോ' എന്നാണ് മോഹൻലാൽ പറയുന്നത്. തുടർന്ന് അനുമോൾ പറഞ്ഞത് തികച്ചും മോശമായ കാര്യമാണെന്ന് അനീഷ് പറയുന്നുണ്ട്. അനുമോൾക്ക് അങ്ങനെ തോന്നിയിട്ടുണ്ടെങ്കിൽ നേരിട്ട് വന്നു തങ്ങളോട് പറയണമായിരുന്നുവെന്നും അനീഷ് ചൂണ്ടികാണിക്കുന്നു.
അനുവിനെ സംബന്ധിച്ചിടത്തോളം വേർത്തിരിവ് മനസിലായിട്ടില്ലെന്നും അതുകൊണ്ടാണ് ഇങ്ങനെ പറയുന്നതെന്നുമാണ് അക്ബർ ഇതിന് മറുപടിയായി നൽകുന്നത്. എന്നാൽ ജിസേലുമായി ബന്ധപ്പെട്ട എന്ത് പ്രശ്നം വന്നാലും, എല്ലാവരും ജിസേലിനെയാണ് പിന്തുണയ്ക്കാറുള്ളതെന്നും അവരുടെ തെറ്റുകളെ നിസാരമായാണ് എല്ലാവരും കാണുന്നതെന്നും അനുമോൾ വിയോജിപ്പ് പ്രകടിപ്പിക്കുകയുണ്ടായി. എന്നാൽ അപ്പാനി ശരത് പറയുന്നത് മറ്റൊന്നാണ്, "അനുവിനോടൊപ്പം സംസാരിക്കുകയും, ഒരുമിച്ച് ഗെയിം കളിക്കുകയും ചെയ്‌താൽ അനുവിന് നല്ലതും, അനുവിനെതിരെ നമ്മൾ സംസാരിച്ചാൽ നമ്മളെ പറ്റി തോന്നിയത് പറയുകയും ചെയ്യും. ഇതെല്ലാം ഗെയിമിന്റെ ഭാഗമായി മാത്രം എടുത്താൽ മതിയെന്ന് പറഞ്ഞാലും അനു വൈരാഗ്യബുദ്ധിയോടെയാണ് പെരുമാറുന്നത്. അതുകൊണ്ടായിരിക്കാം അനു ഇത്തരത്തിലുള്ള ഭാഷകൾ ഉപയോഗിക്കുന്നത്', അപ്പാനി ശരത് പറഞ്ഞു. അക്ബർ പറഞ്ഞത് ജിസേലിനോട് മാത്രമായി കൂടുതൽ ഇഷ്ടം ഒന്നുമില്ലെന്നും ഓരോരുത്തരുടെയും ക്യാരക്ടർ ക്വാളിറ്റി നോക്കുമ്പോൾ ഓരോരുത്തരോടും ഇഷ്ടം തോന്നാം എന്നുമാണ്. തന്നെ മാത്രമായി എല്ലാവരും കോർണർ ചെയ്യുകയാണ് എന്ന് അനുമോൾ പറയുമ്പോൾ അതിന് അവരെ കൊല്ലുമെന്ന് പറയുരുതെന്നും കരച്ചിൽ അല്ല ഇതിനുള്ള മാർഗ്ഗം എന്നുമാണ് മോഹൻലാൽ അനുവിനോട് പറയുന്നത്. എന്തായാലും അനുവിനെ വിമർശിച്ചും പിന്തുണച്ചും നിരവധി പ്രേക്ഷകർ പ്രതികരിക്കുന്നുണ്ട്. മൂന്നാമത്തെ ആഴ്ചയിൽ ഇനി എന്തൊക്കെയാണ് ബിഗ് ബോസ് വീട്ടിൽ നടക്കുന്നതെന്ന് കാത്തിരുന്ന് തന്നെ കാണാം.


