ബിഗ് ബോസ് മലയാളം സീസൺ 7 പത്താം വാരത്തിലേക്ക് കടന്നതോടെ മത്സരം മുറുകുന്നു. പുതിയ എപ്പിസോഡിൽ, തർക്കങ്ങൾക്കിടെ കുടുംബാംഗങ്ങളെ വലിച്ചിഴക്കുന്ന മത്സരാർത്ഥി ഷാനവാസിൻ്റെ സംസാരരീതിയെ അവതാരകനായ മോഹൻലാൽ ഗൗരവമായി ചോദ്യം ചെയ്യുകയാണ്

ബിഗ് ബോസ് മലയാളം സീസണ്‍ 7 അതിന്‍റെ പത്താം വാരത്തിലേക്ക് പ്രവേശിക്കുകയാണ്. ഏതാനും ആഴ്ചകള്‍ക്കുള്ളില്‍ ടൈറ്റില്‍ വിജയിയെ പ്രഖ്യാപിക്കും എന്ന തിരിച്ചറിവ് ഹൗസിലെ മത്സരം കൂടുതല്‍ മുറുക്കമുള്ളതാക്കിയിട്ടുണ്ട്. ഈ വാരത്തിലെ ആദ്യ എവിക്ഷന്‍ ഇന്നലെ നടന്നിരുന്നു. ഈ സീസണിലെ ശ്രദ്ധേയ മത്സരാര്‍ഥികളില്‍ ഒരാളാണ് ഒനീല്‍ സാബുവാണ് ഇന്നലെ പുറത്തായത്. നോമിനേഷന്‍ ലിസ്റ്റില്‍ അവശേഷിക്കുന്നവരില്‍ നിന്ന് ഇന്ന് ആരെങ്കിലും പുറത്താവുമോ എന്നറിയാനുള്ള കാത്തിരിപ്പിലാണ് സഹമത്സരാര്‍ഥികളും പ്രേക്ഷകരും. അതേസമയം ഇന്നത്തെ എപ്പിസോഡില്‍ മത്സരാര്‍ഥികളെ വിമര്‍ശിക്കുന്ന പല കാര്യങ്ങളും മോഹന്‍ലാല്‍ ചര്‍ച്ചയ്ക്ക് വെക്കുന്നുണ്ട്. അതില്‍ പ്രധാനം ഷാനവാസിന്‍റെ സംസാര രീതിയിലെ ചില ദൂഷ്യങ്ങളാണ്.

മറ്റുള്ളവരുമായി അഭിപ്രായ വ്യത്യാസങ്ങളും തര്‍ക്കങ്ങളും ഉണ്ടാവുമ്പോള്‍ രൂക്ഷമായ ഭാഷ ഉപയോഗിക്കല്‍ ഷാനവാസിന്‍റെ പതിവാണ്. അതിനിടെ പലപ്പോഴും വീട്ടുകാരുടെ പേര് എടുത്തിടുകയും ചെയ്യും. ഇത് മറ്റ് പലരും ചെയ്യാറുണ്ടെങ്കിലും എല്ലായ്പ്പോഴും ചെയ്യുന്നത് ഷാനവാസ് ആണ്. ഇക്കാര്യമാണ് മോഹന്‍ലാല്‍ ഷാനവാസിനോട് ഇന്ന് ഗൗരവത്തില്‍ പറയുന്നത്. ഇതിന്‍റെ പ്രൊമോ ഏഷ്യാനെറ്റ് പുറത്ത് വിട്ടിട്ടുമുണ്ട്. ഷാനവാസ് പറയുന്ന രീതി. ഇനി കുറച്ച് വേണേല്‍ മാറ്റി പറയാം. വീട്ടിലുള്ളവരെ പോയി പറ, നിന്‍റെ കെട്ടിയോനെ പോയി പറ എന്നൊക്കെ മാറ്റിയിട്ട് വേറെ കുറച്ച് ബന്ധങ്ങളെ കൂടി പറയൂ, എന്നാണ് മോഹന്‍ലാലിന്‍റെ വാക്കുകള്‍. ഇതിന് ഒരിക്കലും താന്‍ ആദ്യം ചെന്ന് പറയുന്നില്ലെന്ന് പറഞ്ഞ് തടി തപ്പാന്‍ ശ്രമിക്കുകയാണ് ഷാനവാസ്.

എന്നാല്‍ മോഹന്‍ലാല്‍ വെറുതെ വിടുന്നില്ല. ഒരാള് പറഞ്ഞതുകൊണ്ട് തിരിച്ചുപറയണം എന്നുള്ള ന്യായം ഞാന്‍ അംഗീകരിക്കില്ല. ഷാനവാസ് അതിലും എത്രയോ പ്രായമായ ആളാണ്. ഫാമിലിയുള്ള ആളാണ്. ജീവിതം കണ്ട ഒരാളാണ്. ഷാനവാസ് വീട്ടില്‍ ഇങ്ങനെയാണോ?, മോഹന്‍ലാല്‍ ചോദിക്കുന്നു. അല്ല ലാലേട്ടാ, വീട്ടില്‍ ഇങ്ങനെയല്ല എന്ന് ഷാനവാസിന്‍റെ മറുപടി. നിങ്ങളുടെ വീട് തന്നെയല്ലേ ഇതും എന്ന് മോഹന്‍ലാലിന്‍റെ ചോദ്യം. ഷാനവാസ് വീട്ടുകാരെ പറയാത്ത ആരെങ്കിലും അവിടെ ഉണ്ടോ എന്ന് പിന്നാലെ മോഹന്‍ലാല്‍ ചോദിക്കുന്നതും പ്രൊമോയില്‍ കാണാം. കഴിഞ്ഞ ദിവസം ബിന്നി, ലക്ഷ്മി എന്നിവരുമായി നടത്തിയ തര്‍ക്കത്തിലും ഷാനവാസ് അവരുടെ ഭര്‍ത്താക്കന്മാരെ ചര്‍ച്ചയിലേക്ക് വലിച്ചിഴച്ചിരുന്നു. ഷാനവാസിന്‍റെ ഭാഷാപ്രയോഗങ്ങള്‍ ബിഗ് ബോസ് പ്രേക്ഷകര്‍ക്കിടയില്‍ പലപ്പോഴും ചര്‍ച്ച ആയിട്ടുണ്ട്.

#BBMS7Promo ഷാനവാസിനെ നിർത്തി പൊരിച്ച് ലാലേട്ടൻ..