കഴിഞ്ഞ ആഴ്ച വെസല്‍ ക്ലീനിംഗ് ടീം ക്യാപ്റ്റന്‍ ആയിരുന്നു നെവിന്‍

ബിഗ് ബോസ് മലയാളം സീസണ്‍ 7 ലെ ശ്രദ്ധേയ മത്സരാര്‍ഥിയാണ് നെവിന്‍ ജോര്‍ജ്. ഒരു കാര്യവും സീരിയസ് ആയി എടുക്കുന്നില്ലെന്ന് സഹമത്സരാര്‍ഥികളെയും പ്രേക്ഷകരെയും തോന്നിപ്പിച്ചിട്ടുള്ള ആളാണ് നെവിന്‍. എന്നാല്‍ തമാശകള്‍ സൃഷ്ടിക്കാനുള്ള നെവിന്‍റെ രീതിയാണോ എന്നും പ്രേക്ഷകര്‍ക്ക് സംശയമുണ്ട്. അതേസമയം ബിഗ് ബോസ് സീസണ്‍ 7 ല്‍ നെവിനെപ്പോലെ പ്രേക്ഷകരെ ഇത്രയും ചിരിപ്പിക്കുകയും രസിപ്പിക്കുകയും ചെയ്തിട്ടുള്ള മത്സരാര്‍ഥികള്‍ ഇല്ലെന്ന് തന്നെ പറയാം. എന്നാല്‍ കര്‍ശനമായ നിയമങ്ങളുള്ള സീസണ്‍ 7 ല്‍ നെവിന്‍റെ പല തമാശകളും നിയമലംഘനങ്ങളാണ്. ഇത് ഇനി നടക്കില്ലെന്ന് ഞായറാഴ്ച എപ്പിസോഡില്‍ മോഹന്‍ലാല്‍ തന്നെ നെവിനോട് പറഞ്ഞു.

കഴിഞ്ഞ ആഴ്ച വെസല്‍ ക്ലീനിംഗ് ടീം ക്യാപ്റ്റന്‍ ആയിരുന്നു നെവിന്‍. എന്നാല്‍ നെവിന്‍ കാര്യമായി ജോലിയൊന്നും ചെയ്യുകയുണ്ടായില്ല. മറ്റുള്ളവര്‍ക്കെല്ലാം ഈ അഭിപ്രായമായിരുന്നു. നെവിന്‍റെ മറ്റൊരു നിയമലംഘനമായിരുന്നു അടുക്കളയില്‍ നിന്ന് മറ്റാരും കാണാതെ ഭക്ഷ്യവസ്തുക്കള്‍ എടുത്ത് കൊണ്ടുപോയി കഴിക്കുന്നത്. സഹമത്സരാര്‍ഥികളില്‍ ചിലര്‍ നെവിനെ കൈയോടെ പൊക്കിയതിനും പ്രേക്ഷകര്‍ സാക്ഷികളായിട്ടുണ്ട്. അടുക്കളയില്‍ നിന്നും സാധനങ്ങള്‍ എടുക്കുന്നത് ഇനി അനുവദിക്കാനാവില്ലെന്ന് പറഞ്ഞ മോഹന്‍ലാല്‍ അതിന്‍റെ ഗൗരവത്തെ നെവിന് ബോധ്യപ്പെടുത്തി.

“ദിസ് ഈസ് എ വാണിംഗ്. ഇനി ശ്രദ്ധിച്ചില്ലെങ്കിൽ സ്ട്രിക്റ്റ് ആക്ഷൻ ഉണ്ടാവും”, എന്നായിരുന്നു മോഹന്‍ലാലിന്‍റെ വാക്കുകള്‍. ഇനി താന്‍ അത് ചെയ്യില്ല എന്നായിരുന്നു നെവിന്‍റെ പ്രതികരണം. അടുത്ത വാരത്തിലെ കിച്ചണ്‍ ടീമില്‍ കയറാന്‍ ആഗ്രഹമുണ്ടെന്ന് പറഞ്ഞ നെവിനെ അതിന് അനുവദിക്കില്ലെന്ന് അനുമോള്‍ പറഞ്ഞിരുന്നു. എന്നാല്‍ പുതിയ കിച്ചണ്‍ ടീമിന്‍റെ അന്തിമ ലിസ്റ്റ് എത്തിയപ്പോള്‍ നെവിന്‍ അതില്‍ ഉള്‍പ്പെട്ടിട്ടുണ്ട്. ആര്യന്‍ ആണ് ഈ വാരത്തിലെ ക്യാപ്റ്റന്‍. അപ്പാനി ശരത്ത് കിച്ചണ്‍ ക്യാപ്റ്റന്‍ ആയിട്ടുള്ള ടീമിലാണ് നെവിനും ഇടംപിടിച്ചിരിക്കുന്നത്. അതേസമയം ഇന്ന് ആരംഭിച്ച മൂന്നാം വാരത്തിലെ ടാസ്കുകളും മറ്റും ബിഗ് ബോസിന്‍റെ ചരിത്രത്തില്‍ത്തന്നെ ഇതുവരെ കണ്ടിട്ടില്ലാത്ത തരത്തിലുള്ളത് ആയിരിക്കുമെന്ന് മോഹന്‍ലാല്‍ പറഞ്ഞിട്ടുണ്ട്.

Asianet News Live | Malayalam News Live | Kerala News Live | ഏഷ്യാനെറ്റ് ന്യൂസ് | Live Breaking News