സീസണ്‍ 7 ന് മുന്നോടിയായി ഏഷ്യാനെറ്റ് പുറത്തുവിട്ട വിവിധ പ്രൊമോകളിലൊന്ന് ഈ കുട്ടിയുടേത് ആയിരുന്നു
എല്ലാ പ്രായക്കാരിലും മോഹന്‍ലാല്‍ ആരാധകര്‍ ഉണ്ടെന്ന് പറയാറുണ്ട്. മോഹന്‍ലാലിന്‍റെ ഒരു സിനിമ തിയറ്ററില്‍ മികച്ച അഭിപ്രായം നേടിയാല്‍ അത് വന്‍ വിജയമാകുന്നതിന് കാരണവും ഈ ആരാധകവൃന്ദം തന്നെ. മോഹന്‍ലാലിനെ ഇഷ്ടപ്പെടുന്നവരില്‍ നന്നേ ചെറിയ പ്രായത്തിലുള്ള കുഞ്ഞുങ്ങള്‍ വരെയുണ്ട്. അത്തരത്തില്‍ ഒരാള്‍ മോഹന്‍ലാല്‍ അവതാരകനാവുന്ന ബിഗ് ബോസ് മലയാളം സീസണ്‍ 7 ന്‍റെ ഇന്ന് നടക്കുന്ന ലോഞ്ച് എപ്പിസോഡില്‍ വന്നു. കോഴിക്കോട് സ്വദേശിയായ ഇസ ഹെയ്‍സല്‍ എന്ന കുട്ടിയായിരുന്നു അത്.
ബിഗ് ബോസ് മലയാളം സീസണ്‍ 7 ന് മുന്നോടിയായി ഏഷ്യാനെറ്റ് പുറത്തുവിട്ട വിവിധ പ്രൊമോകളിലൊന്ന് ഈ കുട്ടിയുടേത് ആയിരുന്നു. ബിഗ് ബോസ് മത്സരാര്‍ഥിയാവാനുള്ള യോഗ്യതയുള്ളയാള്‍ എന്ന വിശേഷണത്തോടെയായിരുന്നു കുട്ടി കരയുന്നതും ചിരിക്കുന്നതുമൊക്കെയായ കട്ടുകളുള്ള വീഡിയോ. അച്ഛനമ്മമാര്‍ക്കൊപ്പമാണ് ഇസ ഹെയ്സല്‍ മോഹന്‍ലാല്‍ നില്‍ക്കുന്ന ബിഗ് ബോസ് വേദിയിലേക്ക് എത്തിയത്. ആളിന് പല്ല് മുളച്ചിട്ടില്ലാത്തതുകൊണ്ട് പല്ലും നഖവുമൊക്കെ ഉപയോഗിച്ച് മത്സരിക്കേണ്ട ബിഗ് ബോസിലേക്ക് ഇപ്പോള്‍ എടുക്കാനാവില്ലെന്നാണ് മോഹന്‍ലാലിന്‍റെ തമാശയോടെയുള്ള പ്രതികരണം.
കോഴിക്കോട് നടുവണ്ണൂര്‍ സ്വദേശികളായ അച്ഛനും അമ്മയും മകള്‍ ഇസയുടെ മോഹന്‍ലാല്‍ ഇഷ്ടത്തെക്കുറിച്ചും വേദിയില്‍ പറഞ്ഞു. “അവള്‍ കുഞ്ഞിലേതന്നെ ലാലേട്ടന്‍റെ വീഡിയോകളൊക്കെ കാണുമായിരുന്നു. ലാലേട്ടന്‍ എന്നൊക്കെ പറയും. ഒരു വയസ് ആവുമ്പോഴേക്കും ലാലേട്ടനെ കണ്ടാല്‍ തിരിച്ചറിയാറായി. ഇടയ്ക്ക് വന്ന് ചോദിക്കും വീഡിയോ കാണാനായിട്ട്”, ഇസ ഹെയ്സലിന്‍റെ അമ്മ പറഞ്ഞു. പല്ലൊക്കെ വന്ന് ഒരു 20 വര്‍ഷം കഴിഞ്ഞ് ബിഗ് ബോസില്‍ കാണാം എന്നു പറഞ്ഞാണ് മോഹന്‍ലാല്‍ ഹെയ്സലിനെ യാത്രയാക്കിയത്. പോകുന്നതിന് മുന്‍പ് കുട്ടിയെ എടുക്കുകയും ചെയ്തു മോഹന്‍ലാല്‍.
അതേസമയം ബിഗ് ബോസ് മലയാളം സീസണ്‍ 7 ല്‍ മത്സരാര്‍ഥികളെ പ്രഖ്യാപിച്ചുകൊണ്ടിരിക്കുകയാണ് മോഹന്‍ലാല്‍. കോമണര്‍ ആയി എത്തിയ അനീഷ്, സീരിയല്‍ നടി അനുമോള്‍, മോഡലും നടനുമായ ആര്യന്‍ കദൂരിയ എന്നിവരാണ് സീസണ്‍ 7 ഹൗസിലേക്ക് എത്തിയ ആദ്യ മൂന്നുപേര്‍.

