ബിഗ് ബോസ് ഹൗസിൽ പുതിയ ലീഡറെ കണ്ടെത്താനുള്ള ടാസ്കിൽ മൃദുലയും ആസിഫുമാണ് മത്സരിക്കുന്നത്.

ബിഗ് ബോസ് ഹൗസില്‍ ഒരാഴ്ച ലീഡര്‍ ആവാനുള്ള അവസരം ലഭിച്ചാല്‍ ഒരു മത്സരാര്‍ഥിയും പാഴാക്കാറില്ല. വരുന്ന വാരം നോമിനേഷനില്‍ ഉള്‍പ്പെടില്ല എന്നതാണ് അതിന് പ്രധാന കാരണം. ലീഡര്‍ ആവുന്ന വാരം ക്യാമറ സ്പേസ് സ്വാഭാവികമായി ഉണ്ടായിവരും എന്നതാണ് മറ്റൊരു കാരണം. ഈ സീസണിലെ ആദ്യ ലീഡര്‍ ഇപ്പോള്‍ ഹൗസില്‍ ഇല്ല. ജസീല പര്‍വീണ്‍ ആയിരുന്നു ആ മത്സരാര്‍ഥി. ലീഡര്‍ഷിപ്പ് ടാസ്കുകളില്‍ പലതും ഏറെ ആവേശകരമായിരുന്നു. ഇത്തവണത്തെ ടാസ്കും അത്തരത്തില്‍ ഒന്ന് തന്നെ.

മൃദുലയും ആസിഫുമാണ് ഇക്കുറി ലീഡര്‍ഷിപ്പ് ടാസ്കില്‍ പങ്കെടുക്കുന്നത്. വീക്കിലി ടാസ്കിലെ പ്രകടനം വച്ചാണ് ഇരുവരും ഈ മത്സരത്തിലേക്ക് തിരഞ്ഞെടുക്കപ്പെട്ടത്. വീക്കിലി ടാസ്കില്‍ കൊലപാതകികളില്‍ ഒരാളായിരുന്നു മൃദുല. കുറ്റവാളിയാണെന്ന് ഭൂരിഭാഗവും തിരിച്ചറിഞ്ഞില്ലെങ്കില്‍ അയാള്‍ അടുത്ത വാരത്തിലെ ലീഡര്‍ഷിപ്പ് ടാസ്കിലേക്ക് എത്തുമെന്ന് ബിഗ് ബോസ് നേരത്തെ അറിയിച്ചിരുന്നു. അത് പ്രകാരമാണ് മൃദുല എത്തിയത്. എന്നാല്‍ വീക്ക്ലി ടാസ്കില്‍ ഏറ്റവും മികച്ച പ്രകടനം നടത്തിയതെന്ന് സഹമത്സരാര്‍ഥികള്‍ ചേര്‍ന്ന് തിരഞ്ഞെടുത്താണ് ആസിഫ് ലീഡര്‍ഷിപ്പ് മത്സരത്തിലേക്ക് എത്തിയത്.

ബിഗ് ബോസ് മുന്‍ സീസണുകളില്‍ ഗ്രൂപ്പ് ആയും ഇന്‍ഡിവിജ്വല്‍ ആയും നടത്തിയിട്ടുള്ള ഒരു ടാസ്ക് ആണ് ഇവര്‍ക്ക് ഇത്തവണ ലീഡര്‍ഷിപ്പ് ടാസ്ക് ആയി നല്‍കിയത്. എന്നാല്‍ അതില്‍ ഒരു വ്യത്യാസവും ഉണ്ട്. വെളുത്ത നിറമുള്ള ഒരു വലിയ കാന്‍വാസില്‍ രണ്ട് നിറങ്ങളിലുള്ള ചായം പൂശുകയാണ് വേണ്ടത്. എന്നാല്‍ ഓരോ മത്സരാര്‍ഥിയും ഓരോ നിറത്തിലുള്ള ചായമാണ് പൂശേണ്ടത്. മൃദുലയ്ക്ക് നീല നിറവും ആസിഫിന് ചുവപ്പ് നിറവുമാണ് ലഭിക്കുന്നത്. കാന്‍വാസിന്‍റെ കൂടുതല്‍ ഭാഗത്ത് സ്വന്തം നിറം പൂശുന്ന മത്സരാര്‍ഥിയാണ് ടാസ്കില്‍ ജയിക്കുക. എന്നാല്‍ ചിലയിടങ്ങളില്‍ ഒന്നിന് മുകളില്‍ ഒന്നായി ഓരോ നിറവും വന്നതിനാല്‍ ഇതിന്‍റെ വിലയിരുത്തല്‍ അല്‍പം ബുദ്ധിമുട്ടാണ്. ഒടുവില്‍ വിജയിയെ പ്രഖ്യാപിക്കേണ്ടത് നിലവിലെ ലീഡറായ കൊമ്പന്‍ ആണ്. എന്നാല്‍ തന്നെ ഇതില്‍ നിന്ന് ഒഴിവാക്കി തരാമോ എന്ന് ബിഗ് ബോസിനോട് ചോദിക്കുന്ന കൊമ്പനെ ഇത് സംബന്ധിച്ച് ഏഷ്യാനെറ്റ് പുറത്തുവിട്ടിരിക്കുന്ന പുതിയ പ്രൊമോയില്‍ കാണാം. അടുത്ത വാരത്തിലെ ലീഡര്‍ ആരായിരിക്കുമെന്ന് അറിയാനുള്ള കാത്തിരിപ്പിലാണ് പ്രേക്ഷകര്‍.

#BBMS8Promo പെയിന്റടിച്ച് ലീഡർ ആവാം..മൃദുലയ്ക്കും ആസിഫിനും കഠിന ടാസ്ക്