മുഖ്യമന്ത്രി വി ഡി സതീശൻ 'തിണ്ണനിരങ്ങൽ' പരാമർശത്തിൽ വിശദീകരണം നൽകി. താൻ ഉപദേശിക്കുകയാണ് ചെയ്തതെന്നും പറഞ്ഞിട്ടില്ലെന്നും വ്യക്തമാക്കിയ അദ്ദേഹം, ബിഷപ്പ് ഹൗസ് സന്ദർശനത്തെ ന്യായീകരിക്കുകയും വർഗീയതയെ ശക്തമായി എതിർക്കുമെന്നും പ്രഖ്യാപിച്ചു
തിരുവനന്തപുരം: സമുദായ നേതാക്കളുടെ 'തിണ്ണനിരങ്ങാൻ പോകരുതെന്ന്' താൻ പ്രതിപക്ഷ നേതാവായിരുന്നപ്പോൾ പറഞ്ഞിട്ടില്ലെന്ന് മുഖ്യമന്ത്രി വി ഡി സതീശൻ. എന്നാൽ അത്തരം ചില ഉപദേശങ്ങൾ നൽകിയിട്ടുണ്ടെന്നും സതീശൻ കൂട്ടിച്ചേർത്തു. മുഖ്യമന്ത്രിയായതിന് ശേഷം ബിഷപ്പ് ഹൗസ് സന്ദർശിച്ചതിൽ എന്താണ് തെറ്റെന്നും അദ്ദേഹം ചോദിച്ചു. ഔദ്യോഗിക പദവികളിലിരിക്കുമ്പോൾ എല്ലാവരോടും ക്ഷമിക്കാൻ കഴിയണമെന്നും എല്ലാവരുമായും നല്ല ബന്ധം പുലർത്തണമെന്നും ഓർമ്മിപ്പിച്ചു. ആര് വർഗ്ഗീയത പറഞ്ഞാലും അതിശക്തമായി എതിർക്കുന്ന വ്യക്തമായ മതേതര നിലപാടാണ് തന്റേത്. കൂടാതെ സൈബർ ഇടങ്ങളിൽ വനിതാ മാധ്യമപ്രവർത്തകർ കടുത്ത രീതിയിൽ അധിക്ഷേപിക്കപ്പെടുകയും ആക്രമിക്കപ്പെടുകയും ചെയ്യുന്നതിനെതിരെയും മുഖ്യമന്ത്രി വാർത്താസമ്മേളനത്തിൽ പ്രതികരിച്ചു.

കെ റെയിൽ വരില്ലാട്ടോ, പകരം അതിവേഗ ഇടനാഴി
പിണറായി വിജയൻ സർക്കാരിന്‍റെ സ്വപ്ന പദ്ധതിയായ തിരുവനന്തപുരം- കാസർകോട് കെ റെയിൽ പദ്ധതി റദ്ദാക്കിയെന്ന് പ്രഖ്യാപിച്ചെങ്കിലും കേരളത്തിന്‍റെ അതിവേഗ യാത്ര അടഞ്ഞ് അധ്യായമല്ലെന്ന് മുഖ്യമന്ത്രി വി ഡി സതീശൻ. സിൽവർ ലൈൻ പദ്ധതി റദ്ദാക്കിയെന്ന് പ്രഖ്യാപിച്ച വാർത്താ സമ്മേളനത്തിൽ തന്നെയാണ് സതീശൻ ഇക്കാര്യം വ്യക്തമാക്കിയത്. പ്രായോഗികം അല്ലാത്തത് കൊണ്ടാണ് സിൽവർ ലൈൻ വേണ്ടെന്ന് വച്ചതെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി. വ്യക്തമായ ഒരു ഡി പി ആർ പോലുമില്ലാത്ത കെ റെയിൽ പദ്ധതി കേരളത്തിന് യോജിച്ചതല്ല. യു ഡി എഫ് സബ് കമ്മിറ്റി പഠിച്ച് സമർപ്പിച്ച വിശദമായ റിപ്പോർട്ടിന്‍റെ അടിസ്ഥാനത്തിലാണ് പദ്ധതി വേണ്ടെന്ന് വച്ചത്. എന്നാൽ കേരളത്തിൽ അതിവേഗ യാത്രക്കുള്ള പദ്ധതികൾ യു ഡി എഫ് സർക്കാർ ആലോചിക്കുമെന്നും വിശദമായ പഠനം നടത്തി അവതരിപ്പിക്കുമെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു. സിൽവർ ലൈനിന് പകരം സ്പീഡ് കൊറിഡോർ, അതിവേഗ ഇടനാഴിയാണ് പരിഗണനയിലുള്ളതെന്നും അദ്ദേഹം വിവരിച്ചു. കെ റെയിൽ പദ്ധതിയുമായി ബന്ധപ്പെട്ട എല്ലാ വിജ്ഞാപനവും റദ്ദാക്കിയെന്നാണ് മുഖ്യമന്ത്രി വി ഡി സതീശൻ പ്രഖ്യാപിച്ചത്. ഭൂമി ഏറ്റെടുക്കൽ തീരുമാനമടക്കം റദ്ദാക്കി. പൊലീസ് കേസുകൾ പിൻവലിക്കാനുള്ള ശുപാർശയും സമർപ്പിക്കുമെന്നും മഞ്ഞക്കുറ്റി നീക്കം ചെയ്യാൻ റവന്യു വകുപ്പിന് നിർദ്ദേശം നൽകിയെന്നും മുഖ്യമന്ത്രി വാർത്താസമ്മേളനത്തിൽ അറിയിച്ചു. മന്ത്രിസഭാ യോഗത്തിന് ശേഷമാണ് സതീശൻ ഇക്കാര്യം അറിയിച്ചത്. അതേസമയം കെ റെയിൽ വിരുദ്ധ സമര സമിതിയടക്കം വലിയ ആഹ്ളാദത്തോടെയാണ് മുഖ്യമന്ത്രിയുടെ പ്രഖ്യാപനം ഏറ്റെടുത്തിരിക്കുന്നത്. സംസ്ഥാനത്തെ വിവിധയിടങ്ങളിൽ ഇവർ സന്തോഷം പങ്കുവച്ച് രംഗത്തെത്തി. മഞ്ഞക്കുറ്റികൾ പിഴുതെറിഞ്ഞും സമരക്കാർ ആഹ്ളാദം പ്രകടിപ്പിച്ചു.
