ബിഗ് ബോസ് മലയാളം സീസൺ ഏഴിൽ നിന്നും പുറത്തായ റെന ഫാത്തിമ ഷോയിലെ അനുഭവങ്ങൾ പങ്കുവെക്കുന്നു
ബിഗ് ബോസ് മലയാളം സീസൺ ഏഴിലെ ഏറ്റവും പ്രായം കുറഞ്ഞ മൽസരാർത്ഥിയാണ് റെന ഫാത്തിമ. കഴിഞ്ഞ ദിവസമാണ് റെന എവിക്ട് ആയത്. ഷോ അമ്പത് ദിവസം പിന്നിട്ടതിനു പിന്നാലെയാണ് റെന പുറത്തായത്. പുറത്തിറങ്ങിയതിനു ശേഷം ഓൺലൈൻ മാധ്യമങ്ങളോട് റെന നടത്തിയ പ്രതികരണവും ശ്രദ്ധിക്കപ്പെടുകയാണ്.
ബിഗ്ബോസിൽ റെന ഏറ്റവും അധികം വിമർശിക്കപ്പെട്ടത് ശബ്ദത്തിന്റെ പേരിലായിരുന്നു. ഇതേക്കുറിച്ചും താരം പ്രതികരിച്ചു. ''ശബ്ദം വലിയ പ്രശ്നമാണ്, പലരും വെറുക്കുന്നു എന്ന് മനസിലായത് ജിഷിൻ ചേട്ടൻ വന്ന് പറഞ്ഞതിന് ശേഷമാണ്. അഖിൽ മാരാര്‍ ചേട്ടൻ വന്നപ്പോഴും അതെനിക്ക് മനസിലായി. പക്ഷേ നിങ്ങൾ മൈക്കിലൂടെ കേൾക്കുന്നത് പോലെയല്ല, നേരിട്ട് അവിടെ സംസാരിക്കുമ്പോൾ മറ്റുള്ള എല്ലാവരെക്കാളും ശബ്ദം കുറവാണ് എനിക്ക്'', റെന പറഞ്ഞു.
ബിഗ്ബോസിലേക്കു പോകാനുള്ള ഡ്രസിനു വേണ്ടി താൻ കൂടുതലൊന്നും പണം ചെലവഴിച്ചിട്ടില്ല എന്നും റെന ഫാത്തിമ പറഞ്ഞു. ''എന്റെ കൈയ്യിൽ 35 ജോഡി ഡ്രസുകൾ മാത്രമേ ഉണ്ടായിരുന്നുള്ളൂ. സത്യം പറഞ്ഞാൽ ഞാൻ ഡ്രസിന് വേണ്ടി അധികം പൈസയൊന്നും ചെലവാക്കിയിരുന്നില്ല. എനിക്ക് കുറേ കൊളാബ് കിട്ടിയിരുന്നു. ബിഗ് ബോസിലേക്ക് പോകുമ്പോൾ ഞാൻ ശരിക്കും പാപ്പരായിരുന്നു'', റെന കൂട്ടിച്ചേർത്തു.
ബിഗ് ബോസിൽ ബിന്നി, നൂറ, ജിസെൽ എന്നിവരൊക്കെയുമായി ഉണ്ടായിരുന്ന സൗഹൃദം മിസ് ചെയ്യും എന്നും റെന പറഞ്ഞു. ''നൂറയുടെയും ആദിലയുടെയും വീട്ടിൽ പോകും. അവരെ എന്റെ വീട്ടിലേക്കും ക്ഷണിക്കും. ബിന്നി ഒരു ഗേൾസ് ഗേളാണ്. നല്ലൊരു കേൾവിക്കാരി ആണ്. നമ്മുടെ പ്രശ്നം കേൾക്കും. ഏതൊരു വിഷയം ആണെങ്കിലും സമയമെടുത്ത് സ്വന്തം നിലപാട് പറയാറുണ്ട്. അങ്ങനെയാണ് നിരീക്ഷിച്ചപ്പോൾ എനിക്ക് തോന്നിയിട്ടുള്ളത്'', ഓൺലൈൻ മാധ്യമങ്ങളുടെ ചോദ്യങ്ങൾക്ക് മറുപടിയായി റെന പറഞ്ഞു. ആര്യന്റെയും ജിസേലിന്റെയും ബന്ധം മോശമായി കണ്ടിട്ടില്ലെന്നും റെന കൂട്ടിച്ചേർത്തു.



