ബിഗ് ബോസ് മലയാളം സീസൺ 7 ഫിനാലെയോടടുക്കുമ്പോൾ, കഴിഞ്ഞ ആഴ്ചയിലെ മോശം പെരുമാറ്റത്തിന് നെവിന് മോഹൻലാൽ ശിക്ഷ പ്രഖ്യാപിച്ചു. 

ബിഗ് ബോസ് മലയാളം സീസണ്‍ 7 വിജയിയെ അറിയാന്‍ ഇനി വെറും രണ്ട് ആഴ്ചകള്‍ മാത്രം. ഇരുപതിലേറെ മത്സരാര്‍ഥികള്‍ വന്ന സീസണില്‍ പതിമൂന്നാം വാരത്തില്‍ അവശേഷിക്കുന്നത് വെറും എട്ട് പേര്‍ മാത്രം. മൂന്ന് പേര്‍ കൂടി പോയാല്‍ ഫൈനല്‍ ഫൈവ് ആയി. ഫിനാലെ വീക്ക് അടുക്കുമ്പോള്‍ സാധാരണ ഹൗസ് ശാന്തമാവാറാണ് പതിവെങ്കില്‍ അതില്‍ നിന്ന് വ്യത്യസ്തമായിരുന്നു ഇത്തവണ. ഈ സീസണില്‍ ഏറ്റവുമധികം അഭിപ്രായവ്യത്യാസങ്ങളും തര്‍ക്കങ്ങളുമൊക്കെ നടന്നത് കഴിഞ്ഞ ആഴ്ച ആയിരുന്നു. കഴിഞ്ഞ ആഴ്ച ഒരു മത്സരാര്‍ഥിയില്‍ നിന്ന് ഉണ്ടായ പെരുമാറ്റത്തിന് ബിഗ് ബോസ് നല്‍കിയ ശിക്ഷ മോഹന്‍ലാല്‍ ഇന്നത്തെ എപ്പിസോഡില്‍ പ്രഖ്യാപിച്ചു.

ബിഗ് ബോസ് മലയാളത്തിന്‍റെ ചരിത്രത്തില്‍ ഒരേ സമയം മൂന്ന് ക്യാപ്റ്റന്മാര്‍ വന്ന ആഴ്ചയായിരുന്നു പന്ത്രണ്ടാം വാരമായ കഴിഞ്ഞ ആഴ്ച. നെവിന്‍, അക്ബര്‍, ആര്യന്‍ എന്നിവരായിരുന്നു ക്യാപ്റ്റന്മാര്‍. എന്നാല്‍ ഹൗസിനെ സംബന്ധിച്ച് ഈ സീസണിലെ ഏറ്റവും മോശം ആഴ്ച കൂടിയാണ് കടന്നുപോയത്. ഉണ്ടാവുന്ന പ്രശ്നങ്ങള്‍ പരിഹരിക്കേണ്ട ക്യാപ്റ്റന്മാര്‍ പ്രശ്നങ്ങള്‍ ഉണ്ടാക്കുന്ന കാഴ്ചയാണ് പ്രേക്ഷകര്‍ കണ്ടത്. മൂന്ന് ക്യാപ്റ്റന്മാരും ചേര്‍ന്നതായിരുന്നു കഴിഞ്ഞ ആഴ്ചയിലെ കിച്ചണ്‍ ടീം. കിച്ചണ്‍ ടീമും മറ്റ് അംഗങ്ങളും തമ്മില്‍ നിരവധി തര്‍ക്കങ്ങളും ഉണ്ടായി. നെവിനുമായി നടന്ന ഇത്തരത്തില്‍ ഒരു തര്‍ക്കം മൂര്‍ച്ചിക്കുന്നതിനിടെയാണ് ഷാനവാസ് കുഴഞ്ഞ് വീണതും മൂന്ന് ദിവസം ആരോഗ്യ കാരണങ്ങളാല്‍ ഹൗസിന് പുറത്ത് കഴിയേണ്ടിവന്നതും. നെവിന്‍റെ ഭാഗത്തുനിന്ന് സംഭവിച്ച ഈ പ്രവര്‍ത്തിക്കുള്ള ശിക്ഷയാണ് മോഹന്‍ലാല്‍ ഇന്ന് പ്രഖ്യാപിച്ചത്.

മണി വീക്ക് ഉണ്ടാവുന്നപക്ഷം നെവിന് മണി ബോക്സ് എടുക്കാനാവില്ല എന്നതാണ് പ്രഖ്യാപിച്ചിരിക്കുന്ന ശിക്ഷ. നല്ല തുക ലഭിച്ചാല്‍ അത് എടുക്കണമെന്ന് പ്ലാന്‍ ചെയ്തിരുന്ന മത്സരാര്‍ഥി ആയിരുന്നു നെവിന്‍. എന്നാല്‍ നെവിന് ഇനി അത് എടുക്കാന്‍ സാധിക്കില്ല. മണി ബോക്സിനെക്കുറിച്ച് ആദില അടക്കമുള്ളവര്‍ നേരത്തെ ഹൗസില്‍ സുഹൃത്തുക്കളോട് സംസാരിച്ചിരുന്നു. ഈ കാര്യങ്ങളൊക്കെ ചോദിച്ച് ഏറ്റവും അവസാനമാണ് മോഹന്‍ലാല്‍ നെവിനോടും അതേക്കുറിച്ച് ചോദിച്ചത്. വലിയ തുക ലഭിച്ചാല്‍ താന്‍ അത് എടുത്തേക്കാമെന്ന് നെവിന്‍ പറഞ്ഞപ്പോഴാണ് നെവിനുള്ള ശിക്ഷയെക്കുറിച്ച് മോഹന്‍ലാല്‍ പറഞ്ഞത്. ഒരു മത്സരാര്‍ഥി എന്ന നിലയില്‍ നെവിന് തിരിച്ചടിയാണ് ഈ ശിക്ഷാനടപടി.

Asianet News Live | Malayalam News Live | Kerala News Live | Breaking News Live | ഏഷ്യാനെറ്റ് ന്യൂസ്