ബിഗ് ബോസ് മലയാളം സീസൺ 7-ൽ അച്ചടക്ക നടപടിക്ക് ശേഷം നെവിന് മണി ടാസ്കിൽ പങ്കെടുക്കാൻ മോഹൻലാൽ അവസരം നൽകി. എന്നാല്‍ അതില്‍ നെവിന്‍ വിജയിക്കുമോ?
ബിഗ് ബോസ് മലയാളം സീസണ്‍ 7 അവസാനിക്കാന്‍ ഇനി ഒരാഴ്ച കൂടി മാത്രം. മത്സരാര്‍ഥികള്‍ക്കിടയിലെ സംഘര്‍ഷങ്ങളും തര്‍ക്കങ്ങളും മാത്രമായി കഴിഞ്ഞിരുന്ന ബിഗ് ബോസ് ഹൗസ് കഴിഞ്ഞ വാരം മുതല്‍ അവര്‍ക്കിടയിലെ സൗഹൃദ നിമിഷങ്ങളിലാണ്. മണി വീക്ക് പോലും ഇത്തവണ വേറിട്ട രീതിയില്‍ രസകരമായാണ് ബിഗ് ബോസ് സംഘടിപ്പിച്ചത്. ഇന്നത്തെ എപ്പിസോഡില്‍ എവിക്ഷനൊപ്പം മറ്റൊരു ആകാംക്ഷ കൂടി ബിഗ് ബോസ് പ്രേക്ഷകര്‍ക്ക് ഉണ്ട്. അത് നെവിന്‍ മാത്രമായി പങ്കെടുക്കുന്ന മണി ടാസ്കില്‍ ആണ്.
അച്ചടക്ക നടപടിയുടെ ഭാഗമായി മറ്റെല്ലാ സഹമത്സരാര്‍ഥികളും പങ്കെടുത്ത മണി ടാസ്കില്‍ നെവിന് പങ്കെടുക്കാന്‍ സാധിച്ചിരുന്നില്ല. മോഹന്‍ലാല്‍ ആണ് അതില്‍ നിന്ന് നെവിനെ വിലക്കിയ കാര്യം അറിയിച്ചിരുന്നത്. എന്നാല്‍ തനിക്ക് മേല്‍ ഉണ്ടായിരുന്ന നെഗറ്റീവ് പ്രതിച്ഛായ മാറ്റിയ നെവിനെയാണ് കഴിഞ്ഞ വാരം പ്രേക്ഷകരും മറ്റ് മത്സരാര്‍ഥികളും കണ്ടത്. അതിനുള്ള സമ്മാനമെന്ന നിലയില്‍ മണി ടാസ്കില്‍ പങ്കെടുക്കാനുള്ള ഓഫര്‍ ശനിയാഴ്ച എപ്പിസോഡില്‍ മോഹന്‍ലാല്‍ നെവിന് നല്‍കി. നെവിന്‍ അത് സ്വീകരിക്കുകയും ചെയ്തു. മൂന്ന് വേറിട്ട ടാസ്കുകള്‍ മോഹന്‍ലാല്‍ മുന്നിലേക്ക് വച്ചെങ്കിലും ഏറ്റവും റിസ്കി ആയ കാര്‍ ടാസ്ക് ആണ് നെവിന്‍ തെരഞ്ഞെടുത്തത്. ഇന്നാണ് നെവിന്‍റെ ടാസ്ക് നടക്കുക. ഇപ്പോഴിതാ അത് സംബന്ധിച്ച പ്രൊമോ വീഡിയോയും ഏഷ്യാനെറ്റ് പുറത്തുവിട്ടിട്ടുണ്ട്.
മുന്‍വാതിലിലൂടെ പുറത്തെത്തി അവിടെ നിര്‍ത്തിയിട്ടിരിക്കുന്ന കാറില്‍ നിന്നും ഒളിപ്പിച്ചുവച്ചിരിക്കുന്ന നോട്ടുകെട്ടുകള്‍ എടുത്ത് തിരിച്ചുവരാന്‍ നെവിന് ലഭിക്കുന്നത് ഒരു മിനിറ്റ് ആണ്. പുറത്തെത്തിയിട്ടുള്ള പ്രൊമോയില്‍ പക്ഷേ അത്ര സിംപിള്‍ അല്ല കാര്യങ്ങള്‍. ബസര്‍ കേള്‍ക്കുമ്പോള്‍ പുറത്തേക്ക് ഓടുന്ന നെവിനെയും കാറില്‍ തിരഞ്ഞ് പണം എടുക്കുന്ന നെവിനെയുമൊക്കെ കാണാം. എന്നാല്‍ പ്രധാന വാതിലിനോട് ചേര്‍ത്ത് വച്ചിരിക്കുന്ന സ്ക്രീനില്‍ സെക്കന്‍ഡുകള്‍ താഴേക്ക് വന്ന് മൂന്ന് വരെ എത്തുന്നത് പ്രൊമോയില്‍ ഉണ്ട്. ഒപ്പം അടഞ്ഞുകൊണ്ടിരിക്കുന്ന വാതിലും. നെവിനെ ഇഷ്ടപ്പെടുന്ന ബിഗ് ബോസ് പ്രേമികളെ ടെന്‍ഷന്‍ അടിപ്പിക്കുന്നതാണ് ഈ പ്രൊമോ. നെവിന്‍ ടാസ്കില്‍ വിജയിച്ചോ എന്നറിയാന്‍ എപ്പിസോഡ് വരുന്നതുവരെ കാത്തിരിക്കണം. മണി വീക്കില്‍ ഈ ടാസ്കില്‍ പങ്കെടുത്തത് ആദില, അക്ബര്‍, അനുമോള്‍ എന്നിവര്‍ ആയിരുന്നു.



