ബിഗ് ബോസ് മലയാളം സീസൺ 7-ലെ മണി വീക്കിൽ അച്ചടക്ക നടപടി കാരണം പങ്കെടുക്കാൻ കഴിയാതിരുന്ന നെവിന് അവസരം നല്‍കിയിരിക്കുകയാണ് മോഹന്‍ലാല്‍

ഏത് ഭാഷയിലെ ബിഗ് ബോസിലും ഏറെ പ്രേക്ഷകശ്രദ്ധ നേടാറുള്ള ഒന്നാണ് മണി ബോക്സ് ടാസ്ക്. പണം അടങ്ങിയ പെട്ടി സ്വന്തമാക്കാനുള്ള അവസരമാണ് മത്സരാര്‍ഥികളെ തേടി എത്തുന്നത്. എന്നാല്‍ മലയാളം സീസണ്‍ 7 ല്‍ മണി ബോക്സ് ടാസ്കിന് പകരം മണി വീക്ക് മറ്റൊരു തരത്തിലാണ് ബിഗ് ബോസ് അവതരിപ്പിച്ചത്. ഒരാഴ്ചയില്‍ നടക്കുന്ന പല ടാസ്കുകളിലൂടെ പുറത്ത് പോകാതെ തന്നെ എല്ലാ മത്സരാര്‍ഥികള്‍ക്കും വിവിധ ടാസ്കുകള്‍ കളിച്ച് പണം നേടാനുള്ള അവസരമായിരുന്നു നല്‍കിയത്. അതിലെ അവസാന ടാസ്ക് പക്ഷേ വലിയ റിസ്ക് ഉള്ള ഒന്നായിരുന്നു.

തെരഞ്ഞെടുക്കപ്പെടുന്ന മൂന്ന് മത്സരാര്‍ഥികള്‍ക്ക് പ്രധാന വാതിലിലൂടെ പുറത്തിറങ്ങി അവിടെ നിര്‍ത്തിയിട്ടിരുന്ന ഒരു കാറില്‍ ഒളിപ്പിച്ചിരിക്കുന്ന നോക്കുകെട്ടുകള്‍ കരസ്ഥമാക്കി തിരിച്ചെത്തുക എന്നതായിരുന്നു ടാസ്ക്. എടുക്കുന്ന പണം അവര്‍ക്ക് സ്വന്തമാവുമായിരുന്നു. എന്നാല്‍ അതില്‍ ഒരു റിസ്ക് ഉണ്ടായിരുന്നു. ഒരു മിനിറ്റ് എന്ന നിശ്ചിത സമയത്തിനുള്ളില്‍ പ്രധാന വാതില്‍ കടന്ന് തിരികെ എത്തിയില്ലെങ്കില്‍ മത്സരാര്‍ഥികള്‍ പുറത്ത് പോകുമായിരുന്നു. എന്നാല്‍ മത്സരിച്ച അനുമോളും ആദിലയും അക്ബറും നിശ്ചിത സമയത്തിനുള്ളില്‍ തിരികെയെത്തി ടാസ്കില്‍ വിജയിച്ചിരുന്നു. ഇപ്പോഴിതാ മണി വീക്കിന് ശേഷവും മറ്റൊരു മത്സരാര്‍ഥി ഈ ടാസ്ക് കളിക്കാന്‍ പോവുകയാണ്.

നെവിനാണ് മണി ടാസ്കുകളിലെ ഈ റിസ്കി ടാസ്ക് കളിക്കാന്‍ പോകുന്നത്. അച്ചടക്ക നടപടിയുടെ ഭാഗമായി മണി വീക്കിലെ ഒരു ടാസ്കിലും പങ്കെടുക്കാന്‍ നെവിന് സാധിച്ചിരുന്നില്ല. എന്നാല്‍ പോയ വാരം തന്‍റെ തെറ്റുകള്‍ മനസിലാക്കി ഏറെ മെച്ചപ്പെട്ട നെവിനെയാണ് പ്രേക്ഷകര്‍ കണ്ടത്. അതിനുള്ള പ്രതിഫലം എന്ന നിലയ്ക്കാണ് ഒരു മണി ടാസ്കിനുള്ള അവസരം നല്‍കാമെന്ന് ഇന്നലത്തെ എപ്പിസോഡില്‍ മോഹന്‍ലാല്‍ പറഞ്ഞത്. മൂന്ന് തരം ടാസ്കുകള്‍ മോഹന്‍ലാല്‍ മുന്നോട്ട് വച്ചതില്‍ കാര്‍ ടാസ്ക് നെവിന്‍ തെര‍ഞ്ഞെടുക്കുകയായിരുന്നു. ഇന്നാവും ഈ ടാസ്ക് നടക്കുക. മോഹന്‍ലാലിന്‍റെ ആവര്‍ത്തിച്ചുള്ള ചോദ്യത്തിനും ആത്മവിശ്വാസത്തോടെ ആയിരുന്നു ഈ ടാസ്കിനെക്കുറിച്ചുള്ള നെവിന്‍റെ പ്രതികരണം.

ബിഗ് ബോസ് തമിഴ് എട്ടാം സീസണില്‍ ഒരു വനിതാ മത്സരാര്‍ഥി ഈ ടാസ്കില്‍ പരാജയപ്പെട്ട് പുറത്തുപോയിട്ടുണ്ട്. ജാക്വിലിന്‍ എന്ന മത്സരാര്‍ഥി ആയിരുന്നു അത്. എട്ട് ലക്ഷം സമ്മാനത്തുക ഉണ്ടായിരുന്ന ടാസ്കില്‍ സെക്കന്‍റുകളുടെ വ്യത്യാസത്തില്‍ ജാക്വിലിന്‍ പരാജയപ്പെടുകയായിരുന്നു. നിശ്ചിത സമയത്തിനുള്ളില്‍ ഹൗസിലേക്ക് തിരികെയെത്താന്‍ സാധിക്കാതെ പോയതുകൊണ്ടായിരുന്നു അത്. ആ സീസണിലെ ശ്രദ്ധേയ മത്സരാര്‍ഥി ആയിരുന്നതിനാല്‍ പ്രേക്ഷകരെയും ഞെട്ടിച്ച എവിക്ഷന്‍ ആയിരുന്നു അത്.

Asianet News Live | Malayalam News Live | Kerala News Live | Breaking News Live | ഏഷ്യാനെറ്റ് ന്യൂസ്