ആറാം വാരത്തിലേക്ക് കടന്നിരിക്കുകയാണ് ബിഗ് ബോസ് മലയാളം സീസണ്‍ 7

ബിഗ് ബോസ് മലയാളം സീസണ്‍ 7 ല്‍ പുതിയ വാരത്തിലേക്കുള്ള ക്യാപ്റ്റനെ പ്രഖ്യാപിച്ചു. ബിഗ് ബോസ് മുന്‍ സീസണുകളിലൊന്നും കണ്ടിട്ടില്ലാത്ത ഒരു ക്യാപ്റ്റന്‍സി ടാസ്ക് ആണ് ഇക്കുറി ക്യാപ്റ്റന്‍സി മത്സരാര്‍ഥികള്‍ക്ക് ലഭിച്ചത്. പുറത്ത് തയ്യാറാക്കിയ സ്റ്റാന്‍ഡുകളില്‍ നാല് നിറത്തിലുള്ള ബോളുകള്‍ ഇടകലര്‍ത്തി ഇട്ടിരുന്നു. ഇത് ഓരോ നിരയിലും ഒരു നിറം മാത്രം എന്ന നിലയില്‍ ബോളുകള്‍ അടുക്കുകയാണ് വേണ്ടിയിരുന്നത്. ഓരോ വരിയിലെയും ഏറ്റവും മുകളിലുള്ള ഒരു ബോള്‍ മാത്രമേ ഒരു സമയത്ത് എടുക്കാന്‍ പറ്റൂ എന്നതായിരുന്നു നിയമം. ഇത്തരത്തില്‍ ആദ്യം ബോളുകള്‍ കൃത്യമായി അറേഞ്ച് ചെയ്യുന്ന ആളാവും വിജയിയെന്നും ബി​ഗ് ബോസ് അറിയിച്ചിരുന്നു.

ഒനീല്‍, അഭിലാഷ്, ജിസൈല്‍ എന്നിവരാണ് ഇത്തവണത്തെ ക്യാപ്റ്റന്‍സി ടാസ്കിലേക്ക് തെര‍ഞ്ഞെടുക്കപ്പെട്ടിരുന്നത്. മൂന്ന് പേരും നന്നായി മത്സരിച്ച ടാസ്കില്‍ പക്ഷേ കൂടുതല്‍ മികവ് കാട്ടിയത് അഭിലാഷ് ആണ്. ഏറ്റവും ആദ്യം ബോളുകള്‍ കൃത്യമായി അറേഞ്ച് ചെയ്തതോടെ അഭിലാഷ് ആറാം വാരത്തിലേക്കുള്ള ക്യാപ്റ്റനായി തെര‍ഞ്ഞെടുക്കപ്പെട്ടു. ആദ്യം കഴിഞ്ഞ ക്യാപ്റ്റനായ നെവിനും പിന്നീട് ബി​ഗ് ബോസും അഭിലാഷിനെ പുതിയ ക്യാപ്റ്റനായി പ്രഖ്യാപിച്ചു. തുടര്‍ന്ന് പുതിയ വാരത്തിലേക്ക് ഹൗസിലെ വിവിധ ഡ്യൂട്ടികള്‍ക്കുള്ള ടീമുകളെ തെര‍ഞ്ഞെടുക്കാന്‍ അഭിലാഷിനോട് ബി​ഗ് ബോസ് ആവശ്യപ്പെട്ടു. അഭിലാഷ് അത് ചെയ്യുകയുമുണ്ടായി. എന്നാല്‍ ടീം തിരിക്കുന്നതിനിടയില്‍ അല്ലറ ചില്ലറ തര്‍ക്കങ്ങളും ഉണ്ടായി.

മുന്‍പ് ഒന്നിലധികം തവണ ക്യാപ്റ്റന്‍സി ടാസ്കില്‍ പങ്കെടുത്തെങ്കിലും പരാജയപ്പെട്ട മത്സരാര്‍ഥി ആയിരുന്നു അഭിലാഷ്. എന്നാല്‍ ഇക്കുറി ആദ്യമായി അഭിലാഷ് അത് തിരുത്തി. അഭിലാഷിന്‍റെ ക്യാപ്റ്റന്‍സി എങ്ങനെയുണ്ടെന്ന് അറിയാന്‍ പ്രേക്ഷകര്‍ക്കും സഹമത്സരാര്‍ഥികള്‍ക്കും അവസരം ലഭിക്കുന്ന വാരമാവും ഇത്. ഹൗസിലെ വിഷയങ്ങളില്‍ അഭിലാഷിന്‍റെ സജീവമായ ഇടപെടല്‍ ഉണ്ടാവുമെന്ന് ഏറെക്കുറെ ഉറപ്പാണ്. എന്നാല്‍ എല്ലാവരോടും ഒരേ രീതിയില്‍ നീരിപൂര്‍വ്വം പെരുമാറാന്‍ പുതിയ ക്യാപ്റ്റന് സാധിക്കുമോ എന്നതാവും പ്രധാന കാര്യം.

Asianet News Live | Malayalam News Live | Kerala News Live | Breaking News Live | HD Live Streaming