ഇതിലെ ആദ്യ ടാസ്‍കും ഇന്ന് നടന്നു

നിരവധി പ്രത്യേകതകളുമായാണ് ബിഗ് ബോസ് മലയാളം സീസണ്‍ 7 ആരംഭിച്ചിരിക്കുന്നത്. ഷോ തുടങ്ങി രണ്ടാം വാരത്തില്‍ വലിയൊരു പ്രഖ്യാപനം ബിഗ് ബോസ് നടത്തിയിരുന്നു. ഈ വാരം മിഡ് വീക്ക് എവിക്ഷന്‍ ഉണ്ടാവും എന്നതായിരുന്നു അത്. ഇന്നലെയാണ് ഇത് സംബന്ധിച്ച പ്രഖ്യാപനം വന്നത്. ആറ് പേരാണ് മിഡ് വീക്ക് എവിക്ഷന്‍ നോമിനേഷന്‍ ലിസ്റ്റില്‍ ഇടംപിടിച്ചത്. ഈ ആറ് പേരില്‍ രണ്ട് പേര്‍ ചൊവ്വാഴ്ച മുതല്‍ വ്യാഴാഴ്ച വരെയുള്ള സമയത്തിനിടയില്‍ പുറത്താവുമുമെന്നായിരുന്നു ബിഗ് ബോസിന്‍റെ പ്രഖ്യാപനം. എന്നാല്‍ ഇപ്പോഴിതാ ആ പ്രഖ്യാപനത്തില്‍ ഒരു വിശദീകരണവുമായി എത്തിയിരിക്കുകയാണ് ബിഗ് ബോസ്.

മിഡ് വീക്ക് എവിക്ഷന്‍ എന്നത് യഥാര്‍ഥത്തില്‍ ഒരു മിഡ് വീക്ക് സസ്പെന്‍ഷന്‍ ആണെന്നും ഇത് പ്രേക്ഷകവിധി പ്രകാരമുള്ള യഥാര്‍ഥ എവിക്ഷന്‍ പ്രക്രിയ അല്ലെന്നുമാണ് ബിഗ് ബോസ് ഇന്ന് അറിയിച്ചത്. ഇനിയുള്ള ടാസ്കുകളിലെ പ്രകടനം അനുസരിച്ചാണ് പുറത്താവുന്ന രണ്ട് പേരെ തെരഞ്ഞെടുക്കുകയെന്ന് ബിഗ് ബോസ് ഇന്നലെ അറിയിച്ചിരുന്നു. എന്നാല്‍ ഇവരെ ഷോയില്‍ നിന്ന് പുറത്താക്കുന്നതിന് പകരം താല്‍ക്കാലികമായി പുറത്താക്കി ഒരു ഡെഡ് സോണില്‍ പാര്‍പ്പിക്കുകയാവും ചെയ്യുക. ക്യാമറയും സൗണ്ടും ഒന്നുമില്ലാത്ത ഒരു ഏകാന്ത വാസമാണ് ഇവരെ കാത്തിരിക്കുന്നത്.

ഹൗസില്‍ അവശേഷിക്കുന്ന മത്സരാര്‍ഥികളെല്ലാം ചേര്‍ന്നാണ് മിഡ് വീക്ക് എവിക്ഷന്‍ നോമിനേഷന്‍ ലിസ്റ്റ് തീരുമാനിച്ചത്. ഇതനുസരിച്ച് അനീഷ്, ഒനീൽ സാബു, രേണു സുധി, കലാഭവൻ സരിഗ, ശാരിക കെ ബി, റെന ഫാത്തിമ എന്നിവര്‍ക്കാണ് മിഡ് വീക്ക് എവിക്ഷന്‍ നോമിനേഷന്‍ ലഭിച്ചത്. ഇവരില്‍ ആര് പുറത്താകണം എന്ന് തീരുമാനിക്കുന്ന ടാസ്കുകളില്‍ ആദ്യത്തേത് ഇന്ന് നടന്നു. എന്നാല്‍ ലിസ്റ്റില്‍ ഉള്‍പ്പെട്ടവരല്ല, മറിച്ച് അവരില്‍ ഓരോരുത്തരും തെര‍‍ഞ്ഞെടുത്ത ഈരണ്ട് പേര്‍ വീതമാണ് ഇന്നത്ത ടാസ്കില്‍ മത്സരിച്ചത്. അപ്പാനി ശരത്തിനെയും അനുമോളെയും തനിക്കുവേണ്ടി ടാസ്കില്‍ പങ്കെടുക്കാനായി അനീഷഅ തെര‍ഞ്ഞെടുത്തപ്പോള്‍ ശൈത്യയെയും ബിന്‍സിയെയുമാണ് രേണു തെര‍ഞ്ഞെടുത്തത്. അക്ബര്‍, ഷാനവാസ് എന്നിവരെ ഒനീല്‍ സാബു തെരഞ്ഞെടുത്തപ്പോള്‍ ആര്യനെയും ജിസൈലിനെയുമാണ് റെന ഫാത്തിമ തെരഞ്ഞെടുത്തത്. ബിന്നി, ആദില എന്നിവരെ ശാരിക തെരഞ്ഞെടുത്തപ്പോള്‍ അഭിലാഷിനെയും നെവിനെയും കലാഭവന്‍ സരിഗ തെരഞ്ഞെടുത്തു.

എല്ലാത്തവണയും ഉള്ള, ചെളിയില്‍ നിന്ന് നാണയങ്ങള്‍ എടുക്കുന്ന ടാസ്ക് ആണ് ഇവര്‍ക്കായി നടത്തിയത്. 15 നാണയങ്ങള്‍ നേടിയ ആര്യന്‍ റെനയ്ക്ക് 6 പോയിന്‍റുകള്‍ സമ്മാനിച്ചു. കലാഭവന്‍ സരിഗയ്ക്ക് 5 പോയിന്‍റുകളും രേണുവിന് 4 പോയിന്‍റുകളും ഒനീലിന് 3 പോയിന്‍റും ശാരികയ്ക്ക് 2 പോയിന്‍റും അനീഷിന് ഒരു പോയിന്‍റുമാണ് ലഭിച്ചത്.

Asianet News Live | Malayalam News Live | Kerala News Live | ഏഷ്യാനെറ്റ് ന്യൂസ് | Live Breaking News