Asianet News MalayalamAsianet News Malayalam

'ഫിറോസിന്‍റേത് നാലാംകിട സ്ട്രാറ്റജി'; രമ്യ പണിക്കര്‍ക്ക് പിന്തുണയുമായി ഒമര്‍ ലുലു

"ഫിറോസ് രമ്യക്ക് എതിരെ യൂസ് ചെയ്ത സിനിമ ഞാൻ സംവിധാനം ചെയ്ത ചങ്കസ് ആണ് എന്നത് കൊണ്ട് തന്നെ ഈ ആരോപണം എന്നെയും ബാധിക്കുന്ന ഒന്നാണ്"

omar lulu supports remya panicker in bigg boss 3
Author
Thiruvananthapuram, First Published Apr 13, 2021, 7:56 PM IST

ബിഗ് ബോസ് മലയാളം സീസണ്‍ മൂന്ന് 58 എപ്പിസോഡുകള്‍ പിന്നിട്ടിരിക്കുകയാണ്. മത്സരാര്‍ഥികള്‍ക്കിടയിലെ വീറും വാശിയും പുതിയൊരു തലത്തിലേക്ക് എത്തുന്ന കാഴ്ചയായിരുന്നു കഴിഞ്ഞ ഏതാനും എപ്പിസോഡുകളില്‍. ഫിറോസ്-സജിനയോട് തങ്ങള്‍ക്ക് ഇത്രകാലവുമുണ്ടായിരുന്ന വിയോജിപ്പുകള്‍ മിക്ക മത്സരാര്‍ഥികളും പരസ്യമായി പ്രകടിപ്പിച്ച ദിവസങ്ങള്‍. അതില്‍ ഏറ്റവും പ്രധാനം ഫിറോസിനെതിരായ രമ്യ പണിക്കരുടെ നിലപാട് ആയിരുന്നു. ഷോയുടെ തുടക്കം മുതല്‍ തന്നെക്കുറിച്ചുള്ള വ്യക്തിപരമായ എന്തോ കാര്യം പരസ്യമാക്കുമെന്ന് ഫിറോസ് ഭീഷണിപ്പെടുത്തിയതാണ് രമ്യ ചൂണ്ടിക്കാട്ടിയത്. തങ്ങളും അതിന് സാക്ഷികളായിരുന്നുവെന്ന് വ്യക്തമാക്കിക്കൊണ്ട് പല മത്സരാര്‍ഥികളും ഇന്നലെ രംഗത്തുവന്നിരുന്നു. ഒളിച്ചുവെക്കുന്ന ആരോപണം പരസ്യമാക്കണമെന്ന് രമ്യ ഇന്നലെ ആവശ്യപ്പെട്ടെങ്കിലും ഫിറോസ് അതിനു തയ്യാറായില്ല. ഇപ്പോഴിതാ രമ്യയ്ക്ക് പിന്തുണയുമായി രംഗത്തെത്തിയിരിക്കുകയാണ് സംവിധായകന്‍ ഒമര്‍ ലുലു.

രമ്യയ്ക്കെതിരെ ഫിറോസ് ആരോപണം ഉയര്‍ത്തുന്നത് താന്‍ സംവിധാനം ചെയ്ത 'ചങ്കിസി'ല്‍ അവര്‍ അവതരിപ്പിച്ച കഥാപാത്രത്തെ മുന്‍നിര്‍ത്തിയാണെന്നും അതിനാലാണ് ഇക്കാര്യത്തില്‍ പ്രതികരണം അറിയിക്കുന്നതെന്നും ഒമര്‍ ഫേസ്ബുക്കില്‍ കുറിച്ചു.

ഒമര്‍ ലുലുവിന്‍റെ ഫേസ്ബുക്ക് പോസ്റ്റ്

രമ്യാ പണിക്കർക്ക് കട്ട സപ്പോർട്ട്.. അത്യാവശ്യം നല്ല രീതിയിൽ തന്നെ തന്റെ ടാസ്കുകൾ ചെയ്യുന്ന ഒരു മത്സരാർത്ഥിയാണ് രമ്യ പണിക്കർ. അങ്ങിനെയുള്ള ഒരാളെ കരുവാക്കി പൊളി ഫിറോസും ഭാര്യ സജ്നയും  ഇപ്പോ കളിക്കുന്ന കളി വെറും ചീപ്പ് ഷോ തന്നെയാണ്. ബിഗ് ബോസിൽ മുന്നോട്ട് ഉള്ള യാത്രക്ക് പരസ്പരം ഉള്ള അറ്റാക്കിങ് എല്ലാം സ്വാഭാവികം ആണ്. പക്ഷെ അഭിനയിച്ച സിനിമയിലെ ഒരു കഥാപാത്രം വച്ചു ഒരാളെ പേഴ്സണാലിറ്റി ജഡ്ജ് ചെയ്യുന്ന രീതിയിൽ ഉള്ള ആരോപണങ്ങളും റുമേഴ്സും പറഞ്ഞുണ്ടാക്കുന്ന ഫിറോസ് ചെയ്യുന്നത് ശരിക്കും അപമാനം തന്നെയാണ്. കളി ജയിക്കാൻ വേണ്ടി ഇങ്ങനെ ചെയ്യുന്ന ഫിറോസിനെ സപ്പോർട്ട് ചെയ്ത് സോഷ്യൽ മീഡിയ കമന്റ് ബോക്സുകളിലും മറ്റുമായി കൂട്ടം ചേർന്നുള്ള വെട്ടു കിളി ആക്രമണം നടത്തുന്ന സോ കാൾഡ് ഫാൻസ് നടത്തുന്നത് തീർത്തും ടോക്സിക് ആയ പ്രവർത്തനവും. ഒരാളെ കുറിച്ചു ആരോപണങ്ങൾ ഉന്നയിക്കുമ്പോ അതെന്താണ് എന്ന് വ്യക്തമായി പറയാനുള്ള ഉറപ്പ് എങ്കിലും ഫിറോസ് കാണിക്കണമായിരുന്നു. നമ്മൾ കണ്ടതാണ് പലതവണയായി രമ്യ ഫിറോസിനോട് എന്താണ് ആ ആരോപണം എന്ന് തുറന്ന് പറയാൻ പറയുന്നത്. എന്നിട്ടും ഒഴിഞ്ഞു മാറി നടക്കുന്ന ഫിറോസ് വെറും നാലാം കിട സ്ട്രാറ്റജി ആണ് കാഴ്ചവച്ചത് എന്നത് വ്യക്തം.

ഫിറോസ് രമ്യക്ക് എതിരെ യൂസ് ചെയ്ത സിനിമ ഞാൻ സംവിധാനം ചെയ്ത ചങ്കസ് ആണ് എന്നത് കൊണ്ട് തന്നെ ഈ ആരോപണം എന്നെയും ബാധിക്കുന്ന ഒന്നാണ്. രമ്യക്ക് എന്റെയും എന്റെ ടീമിന്റെയും പൂർണ പിന്തുണ എന്നും ഉണ്ടായിരിക്കും. ഇനിയും എന്റെ ഭാവി സിനിമകളിൽ രമ്യ നല്ല കഥാപാത്രങ്ങൾ ചെയ്യുന്നതും ആയിരിക്കും. ഫിറോസിനെ പോലുള്ളവരുടെ ഇങ്ങനെയുള്ള പേഴ്സണൽ അറ്റാക്കുകൾ തീർത്തും അപലപനീയം ആണ്. രമ്യയെ അവിടെ ഒറ്റപ്പെടുത്താൻ ശ്രമിക്കുന്ന ഫിറോസിനെതിരെ പ്രേക്ഷകരും പ്രതികരിക്കണം. ബിഗ് ബോസ് ഒരു റിയാലിറ്റി ഷോ ആണെന്ന ബോധം നമുക്കും ഉണ്ടാകണം.
 

Follow Us:
Download App:
  • android
  • ios