Asianet News MalayalamAsianet News Malayalam

ഒരാള്‍ കൂടി പുറത്ത്; ബിഗ് ബോസില്‍ ഇനി ഒന്‍പത് മത്സരാര്‍ഥികള്‍ മാത്രം

ആറു പേരാണ് ഇത്തവണ നോമിനേഷന്‍ ലിസ്റ്റില്‍ ഇടംപിടിച്ചിരുന്നത്. അനൂപ്, സൂര്യ, സായ് വിഷ്‍ണു. കിടിലം ഫിറോസ്, റംസാന്‍, അഡോണി എന്നിവര്‍

one more eviction in bigg boss 3
Author
Thiruvananthapuram, First Published May 3, 2021, 8:50 PM IST

ബിഗ് ബോസ് മലയാളം സീസണ്‍ 3ല്‍ നിന്ന് ഒരു മത്സരാര്‍ഥി കൂടി എവിക്റ്റ് ആയി. ഇതോടെ ഒന്‍പത് മത്സരാര്‍ഥികള്‍ മാത്രമാണ് ഈ സീസണില്‍ അവശേഷിക്കുന്നത്. ഫൈനല്‍ ഫൈവിലേക്ക് എത്താന്‍ ഇനി പുറത്താവേണ്ടത് നാല് മത്സരാര്‍ഥികളും. കഴിഞ്ഞ തവണത്തേതുപോലെ വേറിട്ട രീതിയിലായിരുന്നു ഇത്തവണത്തെ എലിമിനേഷന്‍ പ്രഖ്യാപനവും. മോഹന്‍ലാല്‍ നേരിട്ട് പ്രഖ്യാപിക്കുന്നതില്‍ നിന്നു വിഭിന്നമായി ആരാണ് പുറത്ത് എന്നത് മത്സരാര്‍ഥികളെക്കൊണ്ടുതന്നെ കണ്ടുപിടിക്കുന്ന രീതിയിലായിരുന്നു എലിമിനേഷന്‍. 

ആറു പേരാണ് ഇത്തവണ നോമിനേഷന്‍ ലിസ്റ്റില്‍ ഇടംപിടിച്ചിരുന്നത്. അനൂപ്, സൂര്യ, സായ് വിഷ്‍ണു. കിടിലം ഫിറോസ്, റംസാന്‍, അഡോണി എന്നിവര്‍. ഇംഗ്ലീഷ് അക്ഷരങ്ങള്‍ നിരയായും വരിയായും എഴുതിയിരിക്കുന്ന വലുപ്പമുള്ള അഞ്ച് ഷീറ്റ് പേപ്പറുകളാണ് ബിഗ് ബോസ് മത്സരാര്‍ഥികള്‍ക്കു മുന്നില്‍ അവതരിപ്പിച്ചത്. ഇതില്‍ ഓരോ പേപ്പറിലും ഈ വാരം സേഫ് ആവുന്ന ഓരോ മത്സരാര്‍ഥിയുടെ പേര് ഉണ്ടായിരുന്നു. ലിസ്റ്റില്‍ ഇടംപിടിച്ച ഓരോരുത്തരെയാണ് അത് കണ്ടുപിടിക്കാനായി ഏല്‍പ്പിച്ചതും. ഇതനുസരിച്ച് അനൂപ്, സൂര്യ, സായ്, ഫിറോസ്, റംസാന്‍ എന്നിവരുടെ പേരുകള്‍ ആ ഷീറ്റുകളില്‍ ഒളിഞ്ഞിരിപ്പുള്ളത് അവര്‍ കണ്ടുപിടിച്ചു. പേര് അക്കൂട്ടത്തില്‍ ഇല്ലാതിരുന്ന അഡോണിയാണ് ഈ വാരം പുറത്തായത്. 

one more eviction in bigg boss 3

 

ഈ വാരം ക്യാപ്റ്റന്‍ സ്ഥാനത്തേക്കും ഇടംപിടിച്ചിരുന്ന മത്സരാര്‍ഥി ആയതിനാല്‍ അഡോണിയുടെ എവിക്ഷന്‍ ഹൗസില്‍ ഞെട്ടലാണ് ഉണ്ടാക്കിയത്. അടുത്ത സുഹൃത്തിന്‍റെ അപ്രതീക്ഷിത എവിക്ഷനില്‍ ഏറ്റവും വൈകാരികമായി പ്രതികരിച്ചത് റംസാന്‍ ആയിരുന്നു. റംസാനൊപ്പം നോബിയും കണ്ണീരണിഞ്ഞു. തനിക്കു ലഭിച്ച രണ്ട് 'നീതിമാന്‍' കോയിനുകള്‍ റംസാനും നോബിക്കും നല്‍കിയിട്ടാണ് അഡോണി ഹൗസിനോട് വിടപറഞ്ഞത്. മോഹന്‍ലാലിന്‍റെ നിര്‍ദ്ദേശപ്രകാരം ഇതുവരെ ക്യാപ്റ്റന്‍ സ്ഥാനത്തേക്ക് വരാത്ത ഒരാളെ ആ സ്ഥാനത്തേക്ക് നിര്‍ദേശിക്കുകയും ചെയ്‍തു അഡോണി. അനൂപും റിതുവുമാണ് അവശേഷിക്കുന്ന മത്സരാര്‍ഥികളില്‍ ഇതുവരെ ക്യാപ്റ്റന്‍ ആവാതിരുന്നവര്‍. അതില്‍ അനൂപിനെയാണ് അഡോണി നിര്‍ദേശിച്ചത്. അവസാന ക്യാപ്റ്റന്‍സി ടാസ്‍കില്‍ തനിക്കൊപ്പം മത്സരിച്ചയാള്‍ എന്നതാണ് അതിന് അഡോണി കാരണമായി പറഞ്ഞത്.

എല്ലാവരോടും യാത്ര ചോദിച്ച് പുറത്തിറങ്ങുമ്പോള്‍ സ്വദേശമായ മുണ്ടക്കയത്തേക്ക് വരണമെന്ന് ക്ഷണിച്ചാണ് അഡോണി പുറത്തേക്ക് ഇറങ്ങിയത്. ഒരു ഗ്രാമപ്രദേശത്തുനിന്നും എത്തിയ തനിക്ക് ബിഗ് ബോസ് പോലെ ഒരു പ്ലാറ്റ്ഫോമിലേക്ക് എത്താനായെങ്കില്‍ സ്വപ്നം കാണുന്നവര്‍ക്ക് ഒന്നും ഒരു തടസ്സമല്ല എന്ന സന്ദേശം തനിക്ക് നല്‍കാനായി എന്നാണ് കരുതുന്നതെന്ന് മോഹന്‍ലാലിനോട് അഡോണി പറഞ്ഞു. ക്യാപ്റ്റന്‍ സ്ഥാനത്തെത്തിയ മത്സരാര്‍ഥി പുറത്താവുന്നത് ബിഗ് ബോസില്‍ അസാധാരണമാണ്. 

Follow Us:
Download App:
  • android
  • ios