ബിഗ് ബോസ് മലയാളം സീസണ്‍ 7 ല്‍ ഒനീലിനെതിരെ ലക്ഷ്മി ഉന്നയിച്ച ആരോപണം ഹൗസില്‍ ഇന്ന് പ്രധാന ചര്‍ച്ചാവിഷയമായി. കണ്‍ഫെഷന്‍ റൂമിലേക്ക് തന്നെ വിളിപ്പിക്കണമെന്ന ഒനീലിന്‍റെ ആവശ്യം ബിഗ് ബോസ് കേട്ടു

ബിഗ് ബോസ് മലയാളം സീസണ്‍ 7 ആറാം വാരത്തിലൂടെ ആവേശകരമായി പുരോഗമിക്കവെ ഹൗസില്‍ മത്സരം മുറുകുകയാണ്. അതിനിടെ മത്സരാര്‍ഥികള്‍ക്കിടയിലെ തര്‍ക്കങ്ങളും പലപ്പോഴും രൂക്ഷമാവുന്നുണ്ട്. ഒനീലിനെതിരെ കഴിഞ്ഞ ദിവസം ലക്ഷ്മി ഉയര്‍ത്തിയ ആരോപണം ഹൗസില്‍ ഇന്നും ഒരു പ്രധാന ചര്‍ച്ചാവിഷയം ആയി. ഇക്കാര്യം തനിക്ക് സംസാരിക്കാനുണ്ടെന്നും കണ്‍ഫെഷന്‍ റൂമിലേക്ക് വിളിപ്പിക്കണമെന്നും ഒനീല്‍ സാബു തന്നെയാണ് ഒരു ക്യാമറയുടെ മുന്നില്‍ വന്ന് ആദ്യം പറഞ്ഞത്.

ഇതൊരു ഷോ ആണ്. ഈ ഷോയില്‍ ഇതേപോലെയുള്ള മത്സരാര്‍ഥികള്‍ ഉള്ളപ്പോള്‍ എനിക്ക് തുടരാന്‍ ബുദ്ധിമുട്ടാണ്. അവര്‍ക്ക് അതിനായിട്ടുള്ള രീതിയില്‍ ഗെയിം എന്താണെന്ന് മനസിലാക്കി കൊടുക്കണം. തെറ്റായിട്ടുള്ള ലൈംഗികാരോപണം ഒരു പുരുഷനെതിരെ വെറുതെ ഉയര്‍ത്താന്‍ പാടില്ല. അതുകൊണ്ട് അത് ക്ലിയര്‍ ചെയ്യണം. വ്യക്തത വരുത്തണം. അത് എന്‍റെ ആവശ്യമാണ്. എന്‍റെ വ്യക്തിത്വത്തെ ബാധിക്കുന്നതാണ്. എന്‍റെ കരിയറിനെ ബാധിക്കുന്നതാണ്. ദയവായി ഇത് ഗൗരവമായി എടുക്കണം. എന്നെ ഒന്ന് കണ്‍ഫെഷന്‍ റൂമിലേക്ക് വിളിക്കണം. നന്ദി, ഒനീല്‍ ക്യാമറയുടെ മുന്നില്‍ നിന്ന് ബിഗ് ബോസിനോട് ആവശ്യപ്പെട്ടു. ഏറെ വൈകാതെ ബിഗ് ബോസ് ഒനീലിനെ കണ്‍ഫെഷന്‍ റൂമിലേക്ക് വിളിപ്പിക്കുകയും ചെയ്തു.

ലക്ഷ്മി കഴിഞ്ഞ ദിവസം ഉയര്‍ത്തിയ ആരോപണം തന്‍റെ വ്യക്തിത്വത്തെ കളങ്കപ്പെടുത്തുന്നതാണെന്നും അച്ഛനും അമ്മയും അടക്കമുള്ള വീട്ടുകാര്‍ ഇത് താങ്ങില്ലെന്നും ഒനീല്‍ കണ്‍ഫെഷന്‍ റൂമില്‍ ബിഗ് ബോസിനോട് പറഞ്ഞു. എനിക്ക് 42 വയസായി. ഇതുവരെ എനിക്കെതിരെ ഇങ്ങനെയൊരു ആരോപണം ഉണ്ടായിട്ടില്ല. എല്ലാവരോടും ബഹുമാനത്തോടെ പെരുമാറുന്ന ഒരാളാണ്, ഒനീല്‍ പറഞ്ഞു. അവസാനം കണ്‍ഫെഷന്‍ റൂമിലിരുന്ന് ഏറെനേരം പൊട്ടിക്കരയുന്ന സാബുവിനെയും പ്രേക്ഷകര്‍ കണ്ടു.

സഹമത്സരാര്‍ഥിയായ മസ്താനിയെ മോശമായി സ്പര്‍ശിച്ചു എന്നതാണ് ഒനീലിനെതിരെ ലക്ഷ്മി ആരോപണമായി ഉയര്‍ത്തിയത്. ഒരു ടാസ്കിന്‍റെ ഫലപ്രഖ്യാപനത്തിന് പിന്നാലെ വിജയാഹ്ലാദം മുഴക്കി നീങ്ങവെ വീഴാന്‍പോയ താന്‍ മസ്താനിയെ അറിയാതെ സ്പര്‍ശിച്ചുവെന്നും ഉടന്‍തന്നെ താന്‍ അതില്‍ ക്ഷമ ചോദിച്ചിരുന്നുവെന്നും ഒനീല്‍ സഹമത്സരാര്‍ഥികളോട് വിശദീകരിച്ചിരുന്നു. ഇതൊരു കോണ്ടെന്‍റ് ആക്കാന്‍ താന്‍ ഉദ്ദേശിച്ചിരുന്നില്ലെന്നും ലക്ഷ്മി അതാണ് ചെയ്തതെന്നും മസ്താനി തന്നെ പിന്നീട് ലക്ഷ്മിയെ വിമര്‍ശിക്കുകയും ചെയ്തിരുന്നു.

Asianet News Live | Malayalam News Live | Kerala News Live | Breaking News Live | HD Live Streaming