ബിഗ് ബോസ്(Bigg Boss) മലയാളത്തിന്റെ നാലാം സീസൺ ഉടൻ ആരംഭിക്കുമെന്ന പ്രതീക്ഷയിലാണ്  പ്രേക്ഷകരെല്ലാം. അവതാരകനായി മോഹൻലാൽ വീണ്ടുമെത്തുന്നു എന്നറിയിച്ചതടക്കം സീസണിലെ പുതിയ ടീസറുകൾ ഇതിനകം തന്നെ ആരാധകർക്കിടയിൽ ആവേശം സൃഷ്ടിച്ചു കഴിഞ്ഞു

ബിഗ് ബോസ്(Bigg Boss) മലയാളത്തിന്റെ നാലാം സീസൺ ഉടൻ ആരംഭിക്കുമെന്ന പ്രതീക്ഷയിലാണ് പ്രേക്ഷകരെല്ലാം. അവതാരകനായി മോഹൻലാൽ വീണ്ടുമെത്തുന്നു എന്നറിയിച്ചതടക്കം സീസണിലെ പുതിയ ടീസറുകൾ ഇതിനകം തന്നെ ആരാധകർക്കിടയിൽ ആവേശം സൃഷ്ടിച്ചു കഴിഞ്ഞു. അതിനിടയിൽ ഷോ പ്രഖ്യാപിച്ചത് മുതൽ, ആരാധകർ ഈ സീസണിലെ മത്സരാർത്ഥികളെ പ്രവചിക്കുന്ന തിരക്കിലാണ്. 

ഇതിനോടകം തന്നെ നിരവധി പേരുകൾ സോഷ്യൽ മീഡിയയിൽ ചുറ്റിക്കറങ്ങുന്നുമുണ്ട്. ഇക്കൂട്ടത്തിൽ കേട്ട ഒരു പേരായിരുന്നു സോഷ്യൽ മീഡിയ സെലിബ്രിറ്റി പാലാ സജിയുടേത്. ഇൻസ്റ്റഗ്രാം റീൽസ് വീഡിയോകളിലൂടെ ശ്രദ്ധേയനായ പാലാ സജി ബിഗ് ബോസിന്റെ നാലാം സീസണിലെ മത്സരാർത്ഥിയാകും എന്നായിരുന്നു വാർത്തകൾ. ഇപ്പോൾ ഈ വാർത്തകൾക്കുള്ള പ്രതികരണവുമായി എത്തുകയാണ് പാല സജി. ഇൻസ്റ്റഗ്രാമിൽ പങ്കുവച്ച വീഡിയോയിലാണ് പാലാ സജി കാര്യങ്ങൾ വിശദമാക്കുന്നത്. 

'ഈയിടെ ചില വാർത്തകൾ വന്നിരുന്നു. ഞാൻ ഏഷ്യാനെറ്റിലെ ബിഗ് ബോസ് സീസൺ ഫോറിൽ മത്സരാർത്ഥിയാണെന്ന തരത്തിലായിരുന്നു അത്. പല സുഹൃത്തുകളും ഇതിന്റെ സത്യാവസ്ഥ തിരക്കി വിളിക്കുകയും സംസാരിക്കുകയും ചെയ്തു. ഏഷ്യനെറ്റ് എന്നെ ബിഗ് ബോസ് മത്സരാർത്ഥിയാവാൻ ക്ഷണിച്ചു എന്നത് ശരിയാണ്. എന്നാൽ ഉത്തരവാദിത്തപ്പെട്ട ജോലിയിൽ നിന്ന് വിട്ട് മാറി നിൽക്കാൻ സാധിക്കാത്ത അവസ്ഥയിലാണ്. അതിനാൽ ഏഷ്യാനെറ്റിന്റെ ക്ഷണം നിരസിക്കുകയായിരുന്നു. എനിക്ക് അവസരം തന്ന ഏഷ്യാനെറ്റിന് നന്ദി പറയുന്നു. ഈ തവണത്തെ ബിഗ് ബോസ് വലിയ വിജയമാവാൻ ആശംസിക്കുന്നു എല്ലാ സപ്പോർട്ടും ഉണ്ടാകും'- എന്നുമായിരുന്നു സജിയുടെ വാക്കുകൾ. 'ഇത് എന്നെ സപ്പോർട്ട് ചെയ്യുന്ന എന്റെ ഫ്രെണ്ട്സിന്റെ വിജയം ആണ് .എല്ലാ ഫ്രെണ്ട്സിനും എന്റെ ഹൃദയം നിറഞ്ഞ നന്ദി അറിയിക്കുകയാണ്'- എന്നും സജി വീഡിയോക്കൊപ്പം കുറിച്ചു.

ബിഗ് ബോസ് ഇതുവരെ...

ഒരു കൂട്ടം മത്സരാർത്ഥികൾ പുറംലോകവുമായി യാതൊരു ബന്ധവുമില്ലാതെ കുറച്ചുനാൾ ഒരു വീട്ടിൽ ഒരുമിച്ച് ജീവിക്കുക എന്നതാണ് ഷോ. ഓരോ ആഴ്ചയും മത്സരാർത്ഥികൾക്കിടയിൽ വോട്ടെടുപ്പ് നടത്തുന്നു. ഏറ്റവും കൂടുതൽ നാമനിർദ്ദേശങ്ങൾ ലഭിച്ചവരെ പുറത്താക്കുന്നതിനായി പ്രേക്ഷകർക്കും വോട്ട് രേഖപ്പെടുത്താവുന്നതാണ്. ഒരാളൊഴികെ എല്ലാ അംഗങ്ങളും പുറത്താകുന്നതുവരെ വോട്ടെടുപ്പ് തുടരും. 

ഏറ്റവുമൊടുവിൽ വീട്ടിൽ അവശേഷിക്കുന്നയാളെ വിജയിയായി പ്രഖ്യാപിക്കുന്നതോടെയാണ് ബിഗ് ബോസ് അവസാനിക്കുന്നത്.ഏറ്റവുമൊടുവില്‍ നടന്ന ബിഗ് ബോസ് മലയാളം സീസണ്‍ 3ല്‍ ടൈറ്റില്‍ വിജയിയായത് ചലച്ചിത്രതാരം മണിക്കുട്ടന്‍ ആയിരുന്നു. രണ്ടാംസ്ഥാനം സായ് വിഷ്‍ണുവിനും മൂന്നാം സ്ഥാനം ഡിംപല്‍ ഭാലിനുമായിരുന്നു. കൊവിഡ് പശ്ചാത്തലത്തില്‍ 100 ദിവസം പൂര്‍ത്തിയാക്കാന്‍ കഴിയാതിരുന്ന മൂന്നാം സീസണില്‍ പക്ഷേ പ്രേക്ഷകര്‍ക്ക് വോട്ട് ചെയ്യാന്‍ അവസരം നല്‍കിയതിനു ശേഷം വിജയിയെ കണ്ടെത്തുകയായിരുന്നു. 

View post on Instagram

2021 ഓഗസ്റ്റ് 1ന് ചെന്നൈയില്‍ വച്ചാണ് മൂന്നാം സീസണിന്‍റെ ഗ്രാന്‍ഡ് ഫിനാലെ നടന്നത്.1,140,220,770 വോട്ടുകളാണ് മൂന്നാം സീസണിൽ മത്സരാര്‍ത്ഥികള്‍ നേടിയത്. 174,125,332 ആയിരുന്നു ഒന്നാം സീസണിലെ വോട്ടുകള്‍. ബിഗ് ബോസ് മലയാളം പതിപ്പുകളില്‍ പലതുകൊണ്ടും ഏറെ സവിശേഷതകള്‍ ഉള്ള സീസണ്‍ ആയിരുന്നു മൂന്നാം സീസണ്‍. 'സീസണ്‍ ഓഫ് ഡ്രീമേഴ്സ്' എന്നു പേരിട്ടിരുന്ന മൂന്നാം സീസണിലെ മത്സരാര്‍ഥികളില്‍ ഏറെയും സാധാരണക്കാരായിരുന്നു, ഏറെ സ്വപ്‍നങ്ങള്‍ കൊണ്ടുനടക്കുന്നവരും.