ബിഗ് ബോസ് സീസൺ 7 ലെ വ്യത്യസ്തനായ മത്സരാർത്ഥി നെവിൻ കാപ്രെഷ്യസ്, തന്റെ യുണീക് പെരുമാറ്റം കൊണ്ട് ശ്രദ്ധ നേടുന്നു. 

എല്ലാവരും വലത്തേക്ക് നടക്കുമ്പോൾ ഒറ്റക്ക് ഇടതുവശത്തേക്ക് കോൺഫിഡന്റായി നടക്കുന്ന ഒരു ഫ്രണ്ട് മിക്ക ഗ്യാങ്ങുകളിലും കാണും. ബിഗ് ബോസ് സീസൺ 7 ലെ ആ തലതിരിഞ്ഞ ഫ്രണ്ട്, അത് നെവിൻ കാപ്രെഷ്യസ് ആണ്. എല്ലാ മത്സരാർത്ഥികളും വളരെ യുണീക് ആയ സ്വഭാവവും പെരുമാറ്റവും കാഴ്ച വയ്ക്കുന്ന ഈ സീസണിലെ മെയിൻ യുണീക് മാൻ. ഒരു ഫാഷൻ കൊറിയോഗ്രാഫറും പേജന്റ് ഗ്രൂമറും ഒക്കെയായിട്ടാണ് ബിഗ് ബോസ് വീട്ടിലേക്ക് നെവിൻ എത്തുന്നത്. വീട്ടിലേക്ക് കയറും മുമ്പുള്ള ഇൻട്രോയിലൂടെയും തുടർന്നുള്ള എൻട്രിയിലൂടെയും വളരെ വ്യത്യസ്തനാണല്ലോ എന്ന് ആളുകളെ തോന്നിപ്പിക്കാനും നെവിന് കഴിഞ്ഞു.

ബിഗ് ബോസിൽ എത്തുന്നതിനുമുമ്പ് പ്രേക്ഷകർക്ക് പരിചയമുള്ള മുഖമായിരുന്നില്ല നെവിൻ കാപ്രെഷ്യസിന്റേത്. പക്ഷേ മറ്റുള്ളവരിൽനിന്നും അൽപ്പം വ്യത്യസ്തമായ, ലൗഡ് ആയ നെവിന്റെ അപ്പിയറൻസും പെരുമാറ്റവും എല്ലാം അയാളെ പെട്ടന്നുതന്നെ നോട്ടീസബിൾ ആക്കി മാറ്റി. വളരെ ഹ്യൂമറസ് ആയ, രസകരമായ ഇടപെടലുകളാണ് നെവിന്റെ പ്രധാന പ്രത്യേകത. റഫ് ആയ ആളായാലും കൂൾ ആയ ആളായാലും നെവിൻ പെരുമാറുന്നത് തന്റെ സ്വതസിദ്ധമായ ഒരേ രീതിയിൽ തന്നെയാണ്. വീട്ടിൽ ആരോടും മിണ്ടാത്ത അനീഷിനെയും എല്ലാവരോടും മിണ്ടുന്ന ബിൻസിയെയും ജിസേലിനെയും അനുമോളെയും എല്ലാം ഒരുപോലെ ഹാൻഡിൽ ചെയ്യാൻ കഴിയുന്നു എന്നതാണ് നെവിന്റെ പോസിറ്റീവ്.

തനിക്ക് അറ്റൻഷൻ കിട്ടണം എന്നുള്ള സ്ഥലങ്ങളിൽ ആളുകളുടെ പിന്നാലെ നടന്ന് ഇറിറ്റേറ്റ് ചെയ്‌തായാലും നെവിൻ ആ അറ്റൻഷൻ നേടിയെടുക്കും. വളരെ തമാശയായി വാഗ്വാദങ്ങൾ, കൗണ്ടറുകൾ അങ്ങനെ ആകെമൊത്തം ഒരു കൂൾ, വൈബ് മാൻ.

പ്രത്യേകിച്ച് ഒന്നിനെയും കൂസാത്ത, രണ്ടാമതൊന്ന് ആലോചിക്കാതെ കാര്യങ്ങൾ ചെയ്യുന്ന സ്വഭാവമാണ് നെവിന്റേത്. കാണുന്നവർക്ക് 'ഈ പയ്യനെന്താ ഇങ്ങനെ' എന്ന് തോന്നാനും മതി. വീക്കെൻഡ് എപ്പിസോഡിലെ ഒരു കാര്യമെടുക്കാം. പണിപ്പുരയിലേക്ക് പോകാൻ താല്പര്യമില്ലാത്ത ആളുകൾ ഉണ്ടോ, ഉണ്ടെങ്കിൽ അവർക്കൊരു സമ്മാനമുണ്ട് എന്ന് മോഹൻലാൽ പറയുന്നു. സ്വാഭാവികമായും ആർക്കും മനസിലാകും, 'സമ്മാനമുണ്ട്' എന്ന് പറഞ്ഞത് തമാശ രൂപത്തിലാണ് എന്നും കാത്തിരിക്കുന്നതൊരു പണിയാണ് എന്നും. പക്ഷേ സമ്മാനമുണ്ടെന്ന് കേട്ടതുകൊണ്ട് നെവിൻ മാത്രം തനിക്ക് പണിപ്പുരയിൽ പോകാൻ താല്പര്യമില്ല എന്നും സമ്മാനമുണ്ടെങ്കിൽ അത് വേണമെന്നും പറയുന്നു. അതോടെ നെവിൻ ഇനി മേലിൽ പണിപ്പുരയിലേക്ക് പോകരുതെന്നും മോഹൻലാൽ പറഞ്ഞു. ഇത്തരത്തിൽ എടുത്തുചാടി കാര്യങ്ങൾ ചെയ്യുന്നതാണ് നെവിന്റെ രീതി.

വീട്ടിലുള്ളവർ ബഹളം വച്ചും പ്രശ്നങ്ങൾ ഉണ്ടാക്കിയും കണ്ടന്റ് ഉണ്ടാക്കുമ്പോൾ അതിലൊന്നും പെടാതെ വളരെ വ്യത്യസ്തമായ രീതിയിലാണ് നെവിന്റെ ഗെയിം. അത് പുള്ളി അറിഞ്ഞുകൊണ്ട് ചെയ്യുന്നതാണോ, അതോ അറിയാതെ ചെയ്യുന്നതാണോ എന്ന കാര്യത്തിൽ മാത്രമാണ് സംശയം. വസ്ത്രങ്ങൾ, മേക്കപ്പ് സാധനങ്ങൾ, ചെരുപ്പുകൾ തുടങ്ങി തന്റെ വിലപ്പെട്ട സാധനങ്ങൾ നേടിയെടുക്കാൻ ഏതറ്റം വരെയും പോകുന്ന നെവിന്റെ മോഷണ പരമ്പരയാണ് ബീബി വീട് കണ്ടത്. ആ മോഷണങ്ങൾ എല്ലാം വളരെ രസകരവും ആയിരുന്നു. ഇത്തരം കാര്യങ്ങളിലൂടെ ഒരു വിഭാഗം പ്രേക്ഷകരെ ഇഷ്ടപ്പെടുത്താൻ നെവിന് സാധിക്കുന്നുണ്ട്. അങ്ങനെ പറയുമ്പോൾത്തന്നെ നെവിൻ ആക്റ്റീവ് അല്ലെന്നും ഗെയിമിനെ കുറിച്ച് അയാൾ ഒട്ടും ധാരണയില്ലാതെ പെരുമാറുന്നു എന്നും പറയുന്ന ഒരു വിഭാഗം ആളുകളും പുറത്തുണ്ട്.

മറ്റുള്ള ആളുകളുടെ വിഷയങ്ങളിൽ ഇടപെട്ട് സെൻസിബിൾ ആയ പോയിന്റുകൾ പറയാൻ കഴിയുന്ന നെവിന് പക്ഷേ സ്വന്തം കാര്യത്തിൽ അത്ര നന്നായി വാദിക്കാനും സംസാരിക്കാനും കഴിയാതെ പോകുന്നതും നമ്മൾ കണ്ടു. ഉദാഹരണത്തിന് ആദില-നൂറയും അനീഷും തമ്മിലെ വിഷയത്തിൽ കൃതയുമായി കാര്യങ്ങൾ പറഞ്ഞിരുന്നു നെവിൻ. എന്നാൽ ആർജെ ബിന്സിയും നെവിനും തമ്മിൽ ഉണ്ടായ പ്രശ്നത്തിൽ കൃത്യമായി ഒരു കാര്യവും പറയാൻ അയാൾക്ക് കഴിഞ്ഞില്ല. ഭാഷയുടെ പരിമിതിയാണോ അതോ അത്തരത്തിൽ വാദിക്കാനും സംസാരിക്കാനും കഴിവില്ലാത്തതുകൊണ്ടാണോ എന്നറിയില്ല, വളരെ ദുർബലമായിരുന്നു ആ തർക്കത്തിൽ നെവിന്റെ വാദങ്ങൾ.

കൂടാതെ തന്റെ വസ്ത്രങ്ങൾ ഇടുമ്പോഴുള്ള നെവിനും ബിഗ് ബോസ് നൽകുന്ന വസ്ത്രങ്ങൾ ഇടുമ്പോഴുള്ള നെവിനും ആത്മവിശ്വാസത്തിൽ പ്രകടമായ മാറ്റങ്ങളുള്ള രണ്ട് ആളുകളായാണ് തോന്നിപ്പിക്കുന്നത്. വസ്ത്രവും പേർസണൽ സാധനങ്ങളുമെല്ലാം വീണ്ടും ബിഗ് ബോസ് തിരിച്ചെടുത്താൽ നെവിന്റെ കളിയും ഡൌൺ ആകുമോ എന്ന് പറയാനാവില്ല. 

മറ്റൊരു കാര്യം സരിഗ പറഞ്ഞതുപോലെ മറ്റുള്ള മിക്ക മത്സരാർത്ഥികളുടെയും പല മുഖങ്ങളും നിറങ്ങളും ഇതിനോടകം കണ്ടുകഴിഞ്ഞപ്പോഴും നെവിൻ സത്യത്തിൽ ആരാണ്, എന്താണ്, ഈ കാണിക്കുന്നതൊക്കെ തന്നെയാണോ ശരിക്കുള്ള അയാൾ എന്ന സംശയങ്ങൾ വീടിനകത്തും പുറത്തും ഉള്ളവരിൽ ഇപ്പോഴും ബാക്കി നിൽക്കുന്നുണ്ട് എന്നതാണ്. നെവിന്റെ കാരക്ടർ ബ്രേക്കിങ് മോമെന്റ്റ് ഇതുവരെ വന്നിട്ടില്ല. അതുകൂടിക്കഴിഞ്ഞ് നമുക്ക് ബാക്കി പറയാം.