ബിഗ് ബോസ് മലയാളം സീസൺ 8ൽ പങ്കെടുത്ത ആക്ടിവിസ്റ്റ് ശ്രീലക്ഷ്മി അറക്കൽ, ഷോയിലൂടെ തന്റെ പൊതുസമൂഹത്തിലെ ഇമേജ് മാറിയതിനെക്കുറിച്ച് സംസാരിക്കുന്നു.
ബിഗ് ബോസ് മലയാളം സീസണുകളില്‍ പ്രൊഡിക്ഷന്‍ ലിസ്റ്റുകളില്‍ പലപ്പോഴും വന്നുപോയിട്ടുള്ള പേരാണ് ആക്ടിവിസ്റ്റ് ശ്രീലക്ഷ്മി അറക്കലിന്റേത്. ഏറ്റവും ഒടുവില്‍ ബിഗ് ബോസ് മലയാളം സീസണ് 8ല്‍ ശ്രീലക്ഷ്മി എത്തിയിരുന്നു. ബിഗ് ബോസിലെ മാസ് എവിക്ഷനിലൂടെ ശ്രീലക്ഷ്മി പുറത്താകുകയും ചെയ്തിരുന്നു. ഇപ്പോഴിതാ തനിക്ക് മുൻപുണ്ടായിരുന്ന ഇമേജ് ബിഗ് ബോസിലൂടെ മാറിയതിനെക്കുറിച്ച് സംസാരിക്കുകയാണ് ശ്രീലക്ഷ്മി.
''മുൻപ് എന്റെ അഭിമുഖങ്ങളിലെ പരാമർശങ്ങൾ മാത്രം അടിസ്ഥാനമാക്കിയാണ് പലരും എന്നെ വിലയിരുത്തിയിരുന്നത്. അത്തരം അഭിമുഖങ്ങൾ കാണുമ്പോൾ അഹങ്കാരിയായ സ്ത്രീയെന്ന തോന്നലായിരിക്കാം ആളുകൾക്ക് ഉണ്ടാകുന്നത്. എന്റെ പല രാഷ്ട്രീയ അഭിപ്രായങ്ങളോടും ചിലർക്ക് യോജിക്കാനാകില്ല. എന്നാൽ, അഭിമുഖങ്ങളിലെ ചെറിയ ഭാഗങ്ങൾ മാത്രം കാണുന്നതും ഒരാളുടെ വ്യക്തിത്വം മുഴുവനായി മനസിലാക്കുന്നതും രണ്ടും രണ്ടാണ്. ബിഗ് ബോസ് വീട്ടിൽ എന്റെ ജീവിതത്തിന്റെ കൂടുതൽ വശങ്ങൾ പ്രേക്ഷകർക്ക് കാണാൻ കഴിഞ്ഞു. ഞാൻ എങ്ങനെയുള്ള വ്യക്തിയാണെന്ന് മനസിലാക്കാൻ അവർക്ക് അവസരം ലഭിച്ചു.
ഓൺലൈൻ മാധ്യമങ്ങൾ കണ്ടന്റ് ലഭിക്കാനായി പലതരത്തിലുള്ള തലക്കെട്ടുകൾ ഉപയോഗിക്കുകും ബുള്ളിയിങ്ങിലൂടെ ശ്രദ്ധ നേടാൻ ശ്രമിക്കാറുമുണ്ട്. ഞാനും ഇത്തരം ബുള്ളിയിങ്ങിന് ഇരയായിട്ടുണ്ട്. അതിലൂടെ ചിലർ റീച്ച് നേടിയിട്ടുമുണ്ട്. എന്നാൽ, ബിഗ് ബോസ് വീട്ടിൽ എത്തിയതോടെ എന്റെ വ്യക്തിത്വത്തെക്കുറിച്ച് കൂടുതൽ കാര്യങ്ങൾ ആളുകൾക്ക് മനസിലാക്കാൻ കഴിഞ്ഞു. അഭിമുഖങ്ങളിലെ പരാമർശങ്ങൾ മാത്രം കണ്ടല്ലാതെ, ദൈനംദിന ഇടപെടലുകളിലൂടെയും പെരുമാറ്റത്തിലൂടെയും എന്നെ വിലയിരുത്താൻ പ്രേക്ഷകർക്ക് ഇപ്പോൾ സാധിക്കുന്നുണ്ട്. എന്നെക്കുറിച്ചുള്ള ആളുകളുടെ കാഴ്ചപ്പാടിൽ മാറ്റമുണ്ടാകുന്നതിൽ സന്തോഷമുണ്ട്. മുൻപ് വിമർശനങ്ങൾ നേരിട്ടിരുന്ന എനിക്ക് ഇപ്പോൾ ആളുകൾ അടുത്തെത്തി സംസാരിക്കുന്നതും സെൽഫിയെടുക്കുന്നതുമൊക്കെ പുതിയ അനുഭവമാണ്'', ഓൺലൈൻ മാധ്യമങ്ങളുടെ ചോദ്യത്തിന് മറുപടിയായി ശ്രീലക്ഷ്മി പറഞ്ഞു.



